Monday, July 8, 2019

യതി എന്ന അനുരാഗനദി

നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് "നിത്യചൈതന്യ യതി അനുരാഗപര്‍വ്വം ".

ആരായിരുന്നു  ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവരുന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്.ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ ഇതില്‍ സ്വന്തം അനുഭവങ്ങള്‍ വികാരാര്‍ദ്രതയോടെ പങ്കുവെക്കുന്നുണ്ട്.നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന യതിയുടെ ഏകമത സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യാമുഗ്ദ്ധമാവുന്നു ഇതിലെ രചനകള്‍.

നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല.
വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്.  ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ, മോട്ടിവേഷനുള്ള  ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന്
സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗഹനമായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു.ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു .അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു.
ഗുരു നിത്യയുടെ അനുരാഗനദിയില്‍ സ്നാനംചെയ്ത ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു കവിയായ ശ്രീ വി ജി തമ്പി.
അഷിത, സി രാധാകൃഷ്ണന്‍, ആഷാമേനോന്‍, സുഭാഷ് ചന്ദ്രന്‍, ഷൌക്കത്ത് , സുനില്‍ പി ഇളയിടം, കവിതാ ബാലകൃഷണന്‍, സേതുമാധവന്‍ മച്ചാട് , ഗീത ഗായത്രി, ഐ ഷണ്മുഖ ദാസ്‌ ,കെ പി രമേശ്‌ , സണ്ണി ജോസഫ്‌, ഷഹബാസ് അമന്‍ ,പി കെ ഗോപി , കെ പി സുധീര, സുഗത പ്രമോദ് , ഗീത രാജീവ്, എന്‍ എ നസീര്‍, എം ആര്‍ അനൂപ്‌ ,  സെബാസ്റ്റ്യന്‍, എസ് പൈനാടത്ത്,ജെനി  ആന്ട്രൂസ്,   ആര്യാ ഗോപി ,സിസ്റ്റര്‍ ശോഭ , ശശി മേമുറി, കെ ടി സൂപ്പി ,ഇ എം ഹാഷിം, പ്രമോദ് കൂരമ്പാല , മഞ്ജു, ഹുസൈന്‍ കെ എച്ച്, മണമ്പൂര്‍ രാജന്‍ബാബു  തുടങ്ങി വലിയൊരു നിര ഈ പുസ്തകത്തില്‍ കൈകോര്‍ക്കുന്നു.  വിജി തമ്പി  ഷൌക്കത്തുമായി നടത്തുന്ന ദീര്‍ഘസംഭാഷണം ഗുരു നിത്യ ചൈതന്യ യതിയുടെ  ദര്‍ശനങ്ങളുടെ ചിദാകാശത്തിലേക്കുള്ള അപൂര്‍വ സഞ്ചാരമാണ്.
ഈ പുസ്തകത്തിന്‍റെ വായനാനുഭവം വേറിട്ടതാണ്. നാമിതുവരെ കണ്ട , മനസ്സിലാക്കിയ അനുഭവിച്ച ഗുരു സൗഹൃദം അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളോടെ നമുക്കുമുമ്പില്‍ ചിറകു വിടര്ത്തുന്നതു അതിശയത്തോടെ നാം നോക്കിനില്‍ക്കും. ലളിതവല്‍ക്കരണവും അതിഭാവുകത്വവും വൈയക്തികമായ വികാരവായ്പ്പുകളും നിസ്സംഗമായ അനുഭവവിവരണവും ഉന്മാദം നിറഞ്ഞ സാക്ഷ്യങ്ങളും ശിശുസഹജമായ ഓര്‍മകളും നിത്യയുടെ അസാധാരണ വ്യക്തിചേതനയെ ഉണര്‍ത്തുവാന്‍ പര്യാപ്തമായിട്ടുണ്ട്. നിരാര്‍ദ്രമായ വേദാന്തത്തിന്‍റെ രഹസ്യങ്ങളൊന്നും ഗുരു ആര്‍ക്കുമുമ്പിലും പ്രദര്‍ശിപ്പിച്ചില്ല. ഒരു കയ്യടക്കവും അദ്ദേഹം കാണിക്കുന്നില്ല. ഭസ്മവും രുദ്രാക്ഷവും കാഷായവും ഗുരുപീഠവും മെതിയടിയും തേടി ആരും ഫേണ്‍ഹില്‍ ഗുരുകുലത്തിലേക്ക് പോയില്ല. യതിയെ സംബന്ധിച്ച്  സംന്യാസം ഒരു ഓഫീസ് ആയിരുന്നില്ലല്ലോ.   ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.  പൂ വിടരും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ്‌ വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍ കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും  ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു.
മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും.ഒരു കവിക്ക്‌ മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക്  സാധ്യമായത് ഈ പുസ്തകത്തില്‍ നാം വായിച്ചറിയുന്നു. 
.
സത്യത്തിന്‍റെ വായ്ത്തലയിലൂടെ സശ്രദ്ധം നടന്നുപോയ നിത്യചൈതന്യയതി യുക്തിസഹമായൊരു വലിയ പൈതൃകത്തിന്‍റെ നൈരന്തര്യമാണെന്ന് സി രാധാകൃഷ്ണനും, 'ഞാനല്ലെന്ന ഭാവമാണ് പ്രണയം' എന്ന ലേഖനത്തിലൂടെ ജനന മരണങ്ങളെക്കുറിച്ച് യതിക്കുള്ള യോഗാത്മകമായ ബോധത്തെക്കുറിച്ച് ആഷാ മേനോനും  ഓര്‍മ്മകള്‍ പങ്കിടുന്നുണ്ട്. ദൈവബോധത്തെ ഉന്നതമായൊരു നീതിബോധമായി കാണാന്‍ ശ്രമിച്ച നമ്മുടെ കാലഘട്ടത്തിലെ വലിയൊരു ഓര്‍മയുടെ പേരാണ് നിത്യചൈതന്യ യതി എന്നാണ് സുനില്‍ പി ഇളയിടം ഓര്‍ത്തെടുക്കുന്നത്. മനസ്സിനെയും ഹൃദയത്തെയും സഹജമായ സ്നേഹനിലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു ലാവണ്യാനുഭവമാണ് ഗുരുവിന്‍റെ പ്രഭാഷണങ്ങള്‍ എന്നാണ് ചലച്ചിത്രകാരനായ സണ്ണിജോസഫിന്‍റെ അനുഭവസാക്ഷ്യം. ഭാഷണങ്ങളില്‍ മാത്രമല്ല  ഗുരുവിന്‍റെ സഞ്ചാരത്തില്‍ പോലും ജീവതവ്യമായ അനേകം മുകുളങ്ങള്‍ പൊട്ടിവിരിയുന്ന അപൂര്‍വ ദൃശ്യം ഫേണ്‍ഹില്ലില്‍ നിരന്തരം സന്ദര്‍ശിച്ചിരുന്ന കെ പി രമേഷ് ഉദാഹരണങ്ങളിലൂടെ എണ്ണിയെണ്ണി വിശദീകരിക്കുന്നു.
എന്നാല്‍ ഇതൊന്നുമല്ല അഷിതക്ക് നിത്യ. ഇണങ്ങിയും പിണങ്ങിയും ഗുരുവിന്‍റെ മാനസപുത്രിയായി അകന്നു ജീവിച്ച അഷിത തന്നിലെ പ്രതിഭയെ ഉലയൂതി ഉണര്‍ത്തിയ അധ്യാപനെയാണ് നിത്യയില്‍ കണ്ടത്. കവിതാ ബാലകൃഷ്ണനും അവ്വിധം ഊഷ്മളമായിട്ടാണ് ഗുരുവിനെ ഓര്‍ക്കുന്നത്. കലയിലെ പ്രതിഫലനവും ആവിഷ്കാരവും വ്യാഖ്യാനവും നിരാസവും സമ്മതവും തിരുത്തലും വ്യംഗ്യവും ചലനവും ഒന്നൊന്നായി തന്നെ പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിച്ച കൂട്ടുകാരനായിട്ടാണ് ഗുരുവിനെ കവിത സങ്കല്‍പ്പിച്ചത്‌ .
ഈ പുസ്തകത്തിലെ ഓരോ രചനയും ആശ്ചര്യം നിറഞ്ഞ കവിതകളായി അനുഭവപ്പെട്ടു. ഒരു മനുഷ്യനെക്കുറിച്ച് ഇത്രയും സ്നേഹാര്‍ദ്രമായി ഓര്‍മിക്കുന്ന അപൂര്‍വ സൌഹൃദങ്ങളുടെ ഒരു സ്വരലയമായി ഈ കൃതി വായനക്കാരന്‍റെ മുന്നിലെത്തുന്നു. 
ഗുരുവിന്‍റെ സമാധിക്കു ശേഷം ഗുരുകുലമിത്രങ്ങളില്‍ നിന്നും സൌഹൃദ കൂട്ടായ്മകളില്‍ നിന്നും പിറവികൊള്ളുന്ന നാലാമത്തെ പുസ്തകമാണിത്. നീലഗിരിയില്‍ ഗുരു നിത്യയുടെ സന്തത സഹചാരിയും ഔദ്യോഗിക ഫോട്ടോഗ്രാഫറുമായ ശ്രീ ദത്തന്‍ പുനലൂര്‍ രൂപകല്‍പന ചെയ്ത യതിയുടെ അത്യപൂര്‍വ ചിത്രങ്ങളുടെ രൌ സമാഹാരം , 'നിത്യചൈതന്യം' അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ടിരുന്നല്ലോ. ദത്തന്‍റെ ക്യാമറക്കണ്ണില്‍ വിരിഞ്ഞ  ചിത്രങ്ങളിലൂടെയാണ് ഗുരുവിന്റെ സമാധിക്കു തൊട്ടു മുമ്പുള്ള അവസാനത്ത സൂര്യാസ്തമയം നമ്മള്‍ കണ്ടത്. അപ്പോള്‍ നീലഗിരിയിലെ അസ്തമയച്ചരിവില്‍
തേയിലത്തളിരുകള്‍ മരതകപച്ച വിരിച്ചു ഗുരുവിനായി സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. പുസ്തക പ്രസാധക സംഘമാണ് മനോഹരമായ ഈ കൃതി പുറത്തുകൊണ്ടുവരുന്നത്.നിത്യചൈതന്യ യതി സമാധിയാകുന്നതിനു 
 രണ്ടു ദശാബ്ദം മുന്‍പ് പുസ്തക പ്രസാധക സംഘം ' യതിക്കു ഖേദപൂര്‍വ്വം' ഒരു പുസ്തകം കാണിക്ക വെച്ചിരുന്നു.ഗുരുവില്‍ ഒരു പൂജിതപീഠത്തെ വിഭാവന ചെയ്ത വര്‍ അദ്ദേഹത്തിന്‍റെ വേര്‍പാടിന് ശേഷം രണ്ടു ദശാബ്ദം പൂര്‍ത്തിയാകുമ്പോള്‍
അനുരാഗത്തിന്‍റെ വേദം സമര്‍പ്പിച്ചത്  തികഞ്ഞ കാവ്യനീതിയായിട്ടുണ്ട്. 
പുസ്തകത്തിന്റെ ജനറല്‍ എഡിറ്റര്‍ കൂടിയായ ശ്രീ വി ജി തമ്പി യുടെ കവിത നിറഞ്ഞ ആമുഖവും  ഗീത ഗായത്രിയുടെ ഗുരുവിനെക്കുറിച്ച്  ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഗംഭീരമായ പഠനവും പുസ്തകത്തിന്റെ  ശോഭ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ലോകം ഇനിയും നിത്യയിലേക്കുള്ള യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഒരാളെക്കുറിച്ചുള്ള ലോകത്തിന്റെ നിത്യമായ ഓര്‍മകളാണ് അയാളുടെ സ്മാരകം.

 - സേതുമാധവന്‍ മച്ചാട് .


നിത്യചൈതന്യ യതി  : അനുരാഗപര്‍വ്വം
എഡിറ്റര്‍ : വി ജി തമ്പി 
 പുസ്തകപ്രസാധക സംഘം
 വില : 200 രൂപ 

















No comments:

Post a Comment