Wednesday, July 24, 2019

Heming way 5

ആദ്യദിവസം പതിവുപോലെ സാന്തിയാഗോ മനോലിനെ ഉണര്‍ത്തി. രണ്ടുപേരും കൂടി കടപ്പുറത്ത് ചെന്ന് കാപ്പികുടിക്കുകയും ഇര പങ്കിടുകയും ചെയ്തശേഷം മനോലിന്‍ സാന്തിയാഗോയുടെ ബോട്ട് കടലിലേക്ക് തള്ളിയിറക്കി. കടല്‍ക്കാക്കകളും മത്സ്യങ്ങളും മാത്രമുള്ള കടലിന്‍റെ വിദൂരതയിലേക്ക് സാന്തിയാഗോ തുഴഞ്ഞു. വലിയ മത്സ്യങ്ങള്‍ സാധാരണ പ്രത്യക്ഷപ്പെടാറുള്ള സ്ഥലത്തെ അടയാളങ്ങള്‍ നോക്കി അയാള്‍ തന്‍റെ വല കടലില്‍ പാകി. സൂര്യോദയം പിന്നിട്ടു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ കടല്‍പ്പന്നികള്‍ ധാരാളമുള്ള ഒരു സ്ഥാനത്തെത്തി. ചെറുമത്സ്യങ്ങളും പായല്‍ക്കൂട്ടങ്ങളും ധാരാളമുണ്ടായിരുന്ന അവിടെ മാര്‍ലിന്‍ മത്സ്യങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അയാള്‍ ഊഹിച്ചു.ഇരയ്ക്കുവേണ്ടി ഒരു കടല്‍പ്പന്നിയെ പിടിക്കാന്‍ അയാള്‍ ശ്രമിച്ചു. സമയം അപ്പോള്‍ ഉച്ചയോടടുത്തിരുന്നു. സൂര്യന്‍റെ ചൂട് ക്രമാതീതമായി വര്‍ധിച്ചു വന്നതുകൊണ്ട് അയാള്‍ക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടു.പക്ഷെ ,85 ദിവസമായി ഒറ്റ മീന്‍ പോലും തനിക്കു കിട്ടിയില്ല എന്ന ഓര്‍മ അയാളെ കര്‍മോന്മുഖനാക്കി.
ഈ അവസരത്തില്‍ ഒരു വല നിരയില്‍ ഇട്ടിട്ടുള്ള അടയാളക്കോല്‍ താഴ്ന്നുപോകുന്നത് സാന്തിയാഗോ കണ്ടു.ഏതാണ്ട് അറുനൂറ് അടി താഴ്ചയില്‍ മാര്‍ലിന്‍ മത്സ്യം തീറ്റയില്‍ കൊത്തുന്നതായി അയാള്‍ തിരിച്ചറിഞ്ഞു.അടുത്ത തവണ മാര്‍ലിന്‍ തീറ്റയില്‍ കൊത്തിയപ്പോള്‍ ചൂണ്ട മത്സ്യത്തിന്‍റെ ഗളനാളത്തില്‍ കോര്‍ക്കാന്‍ വേണ്ടി സര്‍വശക്തിയും ഉപയോഗിച്ച് അയാള്‍ ചൂണ്ടക്കണ ആഞ്ഞുവലിച്ചു. സാന്തിയാഗോയുടെ ബോട്ടിനെക്കാള്‍ രണ്ടടി നീളക്കൂടുതലുണ്ടായിരുന്ന ഭീമാകാരനായിരുന്ന മാര്‍ലിനെ ഒരിഞ്ചുപോലും വലിച്ചിളക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.പകരം ചൂണ്ട വായിലുടക്കിയ മാര്‍ലിന്‍ സാന്തിയാഗോയുടെ ബോട്ട് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. സാന്തിയാഗോ തന്‍റെ സര്‍വശക്തിയും പ്രയോഗിച്ചിട്ടും മാര്‍ലിന്‍റെ ഗതിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വലയില്‍ ഇളക്കം സംഭവിക്കാത്ത രീതിയില്‍ ചൂണ്ടക്കയര്‍ തന്‍റെ പിറകിലൂടെ ചുറ്റിയെടുത്ത് സര്‍വശക്തിയും സംഭരിച്ചു പിടിച്ചുനില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാനുള്ള ശക്തി അയാള്‍ക്കുണ്ടായിരുന്നില്ല.
ആദ്യരാത്രിയില്‍ മാര്‍ലിന്‍ മരണവെപ്രാളത്തോടെ ആഞ്ഞുവലിച്ചു കൊണ്ടിരുന്നപ്പോള്‍ കയറില്‍ത്തന്നെ തന്‍റെ ശക്തി മുഴുവന്‍ കേന്ദ്രീകരിച്ച് ചാഞ്ഞും ചെരിഞ്ഞും നിന്ന് കാലടികള്‍ തെറ്റാതിരിക്കാന്‍ സാന്തിയാഗോ ശ്രദ്ധിച്ചു. ഈ അവസരത്തില്‍ മനോലിന്‍ തന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചു. ഒരവസരത്തില്‍ മാര്‍ലിന്‍ പെട്ടെന്ന് കുതിച്ചതിന്‍റെ ഫലമായി സാന്തിയാഗോ അടിതെറ്റി മുഖം പതിച്ചു ബോട്ടില്‍ വീണു .മുഖം മുറിഞ്ഞ് ചോര ഒലിച്ചുകൊണ്ടിരുന്നു. എങ്കിലും തന്‍റെ ശ്രമത്തിന്‍റെ അവസാനഫലം കണ്ടെത്താനുള്ള നിശ്ചയത്തോടെ മാര്‍ലിനെ കൈവിടാതിരിക്കാനുള്ള  സര്‍വ മുന്‍കരുതലുകളും അയാള്‍ ചെയ്തുകൊണ്ടിരുന്നു. ചോര വാര്‍ന്ന മുഖത്ത് ജലമോഴുക്കിയും വിശപ്പിനു  ചെറുമത്സ്യങ്ങളെ തിന്നും അയാള്‍ രാത്രി കഴിച്ചുകൂട്ടി.

No comments:

Post a Comment