Thursday, October 3, 2019

ഹെമിംഗ് വെ - 5 ന്യൂ

 മൂന്നാം ദിവസത്തിന്‍റെ മൂന്നാം യാമത്തില്‍ അവശേഷിച്ച അവസാനത്തെ മംസക്കഷ്ണവുമായി യാത്ര തുടരവേ, ഇനിയും തന്നെ തോല്പിക്കാന്‍ സ്രാവുകള്‍ വന്നാല്‍ എന്ത് ചെയ്യും ദൈവമേ എന്ന് വ്യാകുലപ്പെട്ട വൃദ്ധന്‍ , അങ്ങനെ സംഭവിച്ചാല്‍ പൊരുതി മരിയ്ക്കാന്‍ തന്നെ നിശ്ചയിച്ചു. രാവേറെ ചെന്നപ്പോള്‍ നഗരദീപങ്ങളുടെ ആലക്തികപ്രഭ പൊഴിഞ്ഞ പ്രകാശ വീചികള്‍ വിദൂരരേഖയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇരുളില്‍ അയാളുടെ എല്ലാ പ്രതിരോധശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് വീണ്ടും കൊമ്പന്‍ സ്രാവുകളുടെ കൂട്ടം അടുത്തെത്തി. എല്ലാം  കവര്‍ന്നെടുത്തുകൊണ്ട് അവ കടലിലെങ്ങോ പോയിമറഞ്ഞു. അവയോട് വൃഥാ പൊരുതിയ കിഴവനു വായില്‍ രക്തത്തിന്റെ സ്വാദനുഭവപ്പെട്ടു. അയാള്‍ കടലിലേക്ക്‌ ആഞ്ഞുതുപ്പി , സാവധാനം വഞ്ചി തുഴഞ്ഞുപോയി. മീനിന്റെ  അസ്ഥികൂടത്തില്‍ കടിച്ചുനോക്കി പിന്തിരിയുന്ന മറ്റു മത്സ്യങ്ങളെ അയാള്‍ ശ്രദ്ധിച്ചതേയില്ല.
കിഴവന്‍ സാൻഡിയാഗോ കടലോരത്ത് മടങ്ങിയെത്തിയപ്പോഴേക്ക് എല്ലാവരും ഉറക്കമായിക്കഴിഞ്ഞിരുന്നു. സ്രാവുകളുമായുള്ള നീണ്ട പോരാട്ടത്തിനിടയില്‍ അയാള്‍ക്ക്‌ തന്റെ നെഞ്ചിലെന്തോ പൊടിഞ്ഞു തകരുന്നതുപോലെ അനുഭവപ്പെട്ടിരുന്നു.പാമരം ഭിത്തിയില്‍ ചാരിവെച്ച് അയാള്‍ കട്ടിലില്‍ പോയി വീണു.
പതിവുപോലെ പ്രഭാതത്തില്‍ കുടിലില്‍ വന്നു നോക്കിയ മനോലിന്‍  വൃദ്ധന്റെ വ്രണിതമായ ശരീരം കണ്ടു പരവശനായി. വൃദ്ധനു കാപ്പി കൊണ്ടുവരാന്‍ വേണ്ടി അവന്‍ നടക്കുമ്പോള്‍ കടല്‍ക്കരയില്‍ ആള്‍ക്കൂട്ടം കൂറ്റന്‍ അസ്ഥി കൂടത്തിന്റെ പതിനെട്ടടി നീളം അള ന്നുനോക്കുകയായിരുന്നു. വീണ്ടും ദീര്‍ഘ സുഷുപ്തിയിലമര്‍ന്ന വൃദ്ധന്‍ ആഫ്രിക്കയിലെ സിംഹങ്ങളെ സ്വപ്നം കണ്ടുകിടന്നപ്പോള്‍ കടല്‍ക്കരയില്‍ വിനോദ യാത്രക്കെത്തിയ സംഘം കൂറ്റന്‍ മീന്‍മുള്ള് അദ്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.

No comments:

Post a Comment