Friday, October 4, 2019

Heming way 4.10.19

ആറ്റിക്കുറുക്കിയ രചനാശൈലിയില്‍ സൌന്ദര്യത്തിന്‍റെ അദ്ഭുതച്ചെപ്പാണ് ഹെമിംഗ് വെ തുറന്നിട്ടത് . സംഗീതം പൊഴിയുന്ന ഭാഷയുടെ മാന്ത്രികവടി വീശി വായനക്കാരനെ അമ്പരപ്പിക്കുന്നതോടൊപ്പം ഭാവനയുടെ താഴ്വരയിലേക്ക് അവനെ ആനയിക്കാനും മറക്കുന്നില്ല, അദ്ദേഹം. എഴുത്തില്‍ ഇന്ദ്രിയനിര്‍വിശേഷമായ അനുഭവങ്ങളെ ആവാഹിക്കാന്‍ ക്ഷണ നേരം മതി അദ്ദേഹത്തിന്. കടലിന്‍റെ അപാരതയില്‍ കിഴവനും സ്രാവും തമ്മിലുള്ള വേഴ്ച , സഹനത്തിന്‍റെ വേദനയുടെ, നിരാശയുടെ ,ആനന്ദത്തിന്‍റെ, അന്യോന്യം പകരുന്ന സാഹോദര്യത്തിന്‍റെ, കരുണയുടെ , അനുതാപത്തിന്‍റെ അളവില്ലാത്ത വാത്സല്യത്തിന്‍റെ ക്ഷണിക നിമിഷങ്ങള്‍ ഹെമിംഗ് വെ ആവിഷ്കരിക്കുന്നത് ഇന്ദ്രിയ സംവേദനങ്ങളുടെ സ്പര്‍ശക്ഷമതയിലൂടെയാണ്.ആഴക്കടലിന്റെ മദ്ധ്യേ സമുദ്രജലത്തിന്റെ ലവണ ത്തോടൊപ്പം മനുഷ്യ രക്തത്തിന്റെ ലോഹരുചിയും നാം അറിയുന്നുണ്ടല്ലോ. നേരം പുലരും മുന്‍പേ വൃദ്ധന്‍ നുണയുന്ന ചൂടുള്ള കാപ്പിയുടെ ആവിപറക്കുന്ന ഗന്ധവും മീനെണ്ണയുടെ സ്നിഗ്ധതയും വായനയില്‍ കലരുന്നു. ഹെമിംഗ് വെ വാക്കുകളില്‍ നിവേദിക്കുന്ന നിറവും രുചിയും ഗന്ധവും അദ്ദേഹത്തിന്‍റെ അസാമാന്യമായ സംവേദനക്ഷമതയുടെ നേര്‍ക്കാഴ്ചകളാണ്.

വര്‍ണങ്ങളുടെ മേളനം  എത്ര രസാവഹമായിട്ടാണ് ഹെമിംഗ് വേയുടെ ആഖ്യാനത്തില്‍ വിരിയുന്നത് എന്ന് നോക്കുക. നമ്മുടെ കാഴ്ച്ചയുടെ ഭാവനാതീതത്തിലാണ് അദ്ദേഹം ചെന്നുതൊടുന്നത്. ഒരു ചിത്രകാരന്റെയോ    ചലച്ചിത്രകാരന്റെയോ കരവിരുതാണ് വാക്കിന്റെ കലയില്‍ ഹെമിംഗ് വെ സാധിക്കുന്നത്‌. അവ പലപ്പോഴും പെയിന്റിംഗ് പോലെ മനോഹരമാണ്. സമുദ്രജലത്തില്‍ മിന്നിപ്പിടയുന്ന ട്യൂണ മത്സ്യത്തിന്റെ വെള്ളിനിറം , അത് സാന്ധ്യ വെളിച്ചത്തില്‍ തെന്നിമാറുമ്പോഴുള്ള  നീലിമയും പൊടുന്നനെ നുരച്ചാര്ത്തില്‍ ഉയര്‍ന്നു കുതിക്കുംപോഴുള്ള സ്വര്‍ണനിറവും ഒരു ഫോട്ടോ ഗ്രാഫറുടെ കൌശലത്തോടെ അദ്ദേഹം വാക്കുകളില്‍ ഒപ്പിയെടുക്കുകയാണ് ചെയ്യുന്നത്.നിഴലും വെളിച്ചവും മാറിമാറി കളിക്കുന്ന കടലിന്‍റെ തിരശീലയില്‍ നാടകീയത മുറ്റിയ ആഖ്യാനത്തിലൂടെ വര്‍ണവും ഗന്ധവും സ്പര്‍ശവും രുചിയും വായനക്കാരന്‍ തിരിച്ചറിയാതെ പോകുന്നില്ല. മൂവന്തിയുടെ മങ്ങൂഴത്തില്‍ വിദൂരതയിലുള്ള തടത്തില്‍ മേഘമാലകള്‍ പര്‍വതത്തെപ്പോലെ ഉയര്‍ന്നു നിന്നതും, കര ഒരു ഹരിതരേഖ പോലെ ചാരനിറമാര്‍ന്ന കുന്നിന്‍ ചരിവില്‍ മങ്ങിനില്‍ക്കുന്നതും, കടല്‍ ഇരുണ്ട നീലത്തില്‍ ധൂമിലമാവുന്നതും ക്രമേണ ലോഹിത വര്‍ണത്തില്‍ നിദ്രയില്‍ അമര്‍ന്നു പോകുന്നതും വാക്കുകളില്‍ നമ്മെ അനുഭവിപ്പിക്കുന്നു, അദ്ദേഹം.

അതുപോലെ നാടകീയത നിറഞ്ഞ വര്‍ണനയാണ് സ്പര്‍ശവേദ്യമായ അനുഭവങ്ങളുടെ ആവിഷ്കാരത്തിലും നാം കാണുന്നത്.  സാന്‍ഡിയാഗോ എന്ന വൃദ്ധന്റെ ശാരീരികമായ യാതന മുഴുവനും നമ്മിലേക്ക്‌ നിവേശിക്കുന്നത് സ്പര്‍ശക്ഷമമായ വാക്കുകളിലൂടെയാണ്. തന്റെ ചുമലില്‍ വരിഞ്ഞു ചുറ്റിയ കയര്‍ ഉരഞ്ഞുണ്ടാകുന്ന വ്രണവും പിച്ചാത്തിമുനപ്പാടും യഥാതഥമായ വര്‍ണനയില്‍ അനുഭവവേദ്യമാകുന്നുണ്ടല്ലോ. മാര്‍ലിന്‍ എന്ന കൊമ്പന്‍സ്രാവ് ചൂണ്ടയില്‍ ആദ്യമായി കുരുങ്ങുന്ന  സചേതനമായ നിമിഷം നമ്മളും ജാഗ്രത്താവുന്നു. അങ്ങനെ ആദ്യന്തം ആഖ്യാന ചാരുതയില്‍ ഹെമിംഗ് വെ സൃഷ്ടിക്കുന്ന ആഘാതം അനുഭൂതിതീവ്രതയുടെ കൊടിയടയാളമാകുന്നു. 

No comments:

Post a Comment