Saturday, October 5, 2019

Heming way 05 10 2019

ക്ലാസിക് നോവലുകളുടെ പുന:പാരായണം നമുക്ക് വായനയില്‍ പുതിയ ആകാശങ്ങള്‍ തുറന്നുതരും. ഉത്തമ സാഹിത്യകൃതികള്‍ ഒന്നിലധികം തവണ വായിച്ചുപോകുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ഉറവെടുക്കും. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന സമാന്തരലോകത്തെ അവലോകനം ചെയ്യുമ്പോള്‍ നോവലിസ്റ്റ് ബോധപൂര്‍വം പ്രയോഗിച്ച ഭാഷയും അബോധപൂര്‍വകമായി പുന:സൃഷ്ടിച്ച മായികതയും വായനയില്‍ കൂടിക്കലരും.യഥാര്‍ഥ ലോകത്തിന്‍റെ ശരിപ്പകര്‍പ്പല്ല ഒരിക്കലും എഴുത്തുകാരന്‍ നിര്‍മിച്ചെടുക്കുന്നത്. ഒരേകദേശ പ്രതിബിംബമാണ് നോവലിസ്റ്റ് സാധന ചെയ്യുന്നത്. കാരണം നമുക്കറിയാം യഥാര്‍ഥലോകവും യഥാര്‍ഥ ജീവിതവും അനന്തവൈവിധ്യമാര്‍ന്നതാണ്. ചിത്രം വരയ്ക്കുന്ന കലാകാരന്‍ പ്രധാന അംശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപ്രധാനമായവ ഒന്നോ രണ്ടോ വര്‍ണബിന്ദുക്കള്‍ കൊണ്ട് ധ്വനിപ്പിക്കുകയും ചെയ്യുന്നതുപോലെ  എഴുത്തുകാരനും വാക്കുകള്‍ കൊണ്ടൊരു മായാലോകം സൃഷ്ടിക്കുന്നു.അയാള്‍ പ്രകൃതിയെ വരക്കുമ്പോള്‍ ഫോട്ടോഗ്രഫിയിലെന്ന പോലെ സമസ്തഭാവങ്ങളും ഒപ്പിയെടുക്കുകയല്ല ചെയ്യുന്നത്. നാടകത്തിലെപ്പോലെ ഓരോ ചേഷ്ടകളും ഭാവങ്ങളും പ്രത്യക്ഷവല്‍ക്കരിക്കാന്‍ നോവലിസ്റ്റിനു സാധിച്ചെന്നു വരില്ല. എന്നാല്‍ ഫോട്ടോഗ്രഫിയെക്കള്‍ സൂക്ഷ്മമായി നാടകത്തെക്കാള്‍ വിശദമായി മനുഷ്യപ്രകൃതിയുടെ ആന്തരികലോകം എഴുത്തില്‍ അയാള്‍ വരച്ചെടുക്കും. കേവലം ബാഹ്യമായ യാഥാര്‍ഥ്യ പ്രതീതിയുടെ തലമല്ല മനുഷ്യരുടെ അന്തരംഗലോകം ഉളവാക്കുന്ന സത്യത്മകതയാണ് വലിയ നോവലിസ്റ്റുകള്‍ എക്കാലവും സാധന ചെയ്തത്. ഹെമിംഗ് വെ സൃഷ്ടിച്ച ലോകവും അങ്ങനെത്തന്നെയായിരുന്നു. ചുമരില്‍ തൂക്കിയ ചിത്രം അടുത്തുചെന്നു നോക്കിയാല്‍ അവ കേവലം രേഖകളും തൂലികപ്പാടുകളും മാത്രമാണ് .വായനക്ക് ശേഷം അല്പം ദൂരെ മാറിനിന്നു കാണുമ്പോഴേ പുതിയൊരു സൌന്ദര്യലോകം നമ്മുടെ മുന്നില്‍ വിടര്‍ന്നു വരൂ.വാക്കുകളുടെ രേഖാ വിന്യാസങ്ങളില്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവെച്ച  ഭാവനാ പ്രപഞ്ചം ഒന്നൊന്നായി നമുക്ക് മുന്നില്‍ വിരിയുന്നത്  കാണാം .

ഹെമിംഗ് വെയുടെ കഥാപാത്രം തള്ള വിരലിനും ചൂണ്ടുവിരലിനുമിടക്ക് കൌശലത്തോടെ പിടിച്ചു നിയന്ത്രിച്ച ആയിരത്തി അഞ്ഞൂറ്  റാത്തല്‍ തൂക്കമുള്ള മാര്‍ലിന്‍ സ്രാവ് അറുനൂറു അടി താഴെ നീലക്കടലിന്‍റെ ആഴത്തില്‍ ചലിച്ചുകൊണ്ടിരുന്നു. കൂറ്റന്‍ മത്സ്യങ്ങളെ വെട്ടയാടുന്നവര്‍ക്കൊരു കൈപ്പുസ്തകമെന്ന പോലെയാണ് മീന്‍പിടുത്ത ത്തിന്‍റെ ചലനവേഗങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചത്. തന്നിലെ സാഹസികനായ മല്‍പ്പിടുത്തക്കാരനും വേട്ടക്കാരനും യോദ്ധാവും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രത്തില്‍ പുനര്‍ജനി കൊള്ളുകയായിരുന്നു  എന്ന് പറയാം.
കിഴവന്‍ എപ്പോഴും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നൊരു കായികവിനോദമുണ്ട്. ബേസ് ബാള്‍. ഡിമാഗിയോവിനെ ക്കുറിച്ച് എത്ര പറഞ്ഞാലും  കിഴവന് മതിയാവില്ല. വിശ്രമവേളകളില്‍ വീഞ്ഞ് നുണഞ്ഞു കൊണ്ട്  മനോലിനോട്  അയാള്‍ സംസാരിക്കുന്നതത്രയും ഡിമാഗിയോ എന്ന ബേസ് ബാള്‍ കളിക്കരനെപ്പറ്റിയാണ്.  കായികവിനോദങ്ങളും ലഹരിപിടിപ്പിക്കുന്ന ഓര്‍മകളും ഗുസ്തിയും മൃഗയാവിനോദവും യുദ്ധസ്മരണകളും ഈ നോവലിന്‍റെ രചനയില്‍ ഹെമിംഗ് വെ കൂട്ടുപിടിക്കുന്നുണ്ട്. കിഴവന്‍ സ്രാവുമായി ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചോരുന്ന ശക്തി തിരിച്ചുപിടിക്കാന്‍ ഈ ഓര്‍മകളെ കൂടെ കൂട്ടുന്നുണ്ടല്ലോ.
നിദ്രയിലും അയാള്‍ സ്വപ്നം കാണുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡമാണ്. സുവര്‍ണാഭവും വെണ്മ പരന്നതുമായ കടല്ക്കരകള്‍ എല്ലാ രാത്രികളിലും വൃദ്ധന്‍ സ്വപനം കാണാറുണ്ട്.കൂറ്റന്‍ അലമാലകളുടെ ഗര്‍ജനം അയാള്‍ എപ്പോഴും ശ്രവിച്ചു. അടങ്ങാത്ത കൊടുങ്കാറ്റിന്‍റെ സീല്‍ക്കാരം എപ്പോഴും അയാള്‍ കാതോര്‍ത്തു. കടലോരപ്രദേശങ്ങളും അവിടെ മേഞ്ഞുനടന്ന സിംഹങ്ങളും എന്നും അയാളുടെ സ്വപ്നങ്ങളില്‍ ചേക്കേറി.
ദീര്‍ഘ വിസ്തൃതമായ കരിംചിറകുകള്‍ വിടര്‍ത്തി ആകാശത്തില്‍ വട്ടംച്ചുറ്റിപ്പറന്ന കടല്‍ക്കഴുകന്‍മാര്‍ വൃദ്ധന്‍റെ ദൃഷ്ടിപഥത്തില്‍ കൃത്യമായി തെളിഞ്ഞുനിന്നു. പൊടുന്നനെ കടലിലേക്ക്‌ ഊളിയിട്ട കഴുകന്‍ സമുദ്രവിതാനത്തിനടിയില്‍ നിന്ന് വെള്ളം ചീറ്റിത്തെറിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവരികയും ജീവന്‍ പിടക്കുന്ന മീനിനെയും കൊണ്ട് പറന്നുയരുകയും ചെയ്തു.





No comments:

Post a Comment