Friday, October 4, 2019

Part 2 ( revised) 4th oct

വിശ്വ സാഹിത്യത്തിനു അമേരിക്ക സംഭാവന ചെയ്ത ഒരു ക്ലാസ്സിക് രചനയായിരുന്നു ഹെമിംഗ് വേയുടെ  " ആയുധങ്ങളോട് വിട ".  ഫ്ലോറിഡ യിലെ കീവെസ്റ്റില്‍ താമസിക്കുന്ന കാലം അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ കാലമായിരുന്നു. സഹസികനായിരുന്ന ഹെമിംഗ് വെ നല്ലൊരു കടല്‍ യാത്രികനും മീന്‍പിടുത്തക്കാരനുമായിരുന്നു. മത്സ്യബന്ധനത്തില്‍ റിക്കാര്‍ഡുകള്‍ തന്നെ സൃഷ്ടിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 468 റാത്തല്‍ തൂക്കമുള്ള മാര്‍ലിന്‍ മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ചെടുത്ത ഹെമിംഗ് വേയുടെ റിക്കാര്‍ഡ് ഇന്നും നിലനില്‍ക്കുന്നു. കടല്‍ത്തീര നഗരങ്ങളില്‍ സീസണ്‍ കാലത്ത് പതിവുള്ള മീന്‍പിടുത്ത മത്സരങ്ങളില്‍ പലപ്പോഴും അദ്ദേഹമായിരുന്നു ജേതാവ്. മീന്‍പിടുത്തം മാത്രമല്ല ഗുസ്തി, ശിക്കാര്‍ ,
കാറോ ട്ടപ്പന്തയങ്ങള്‍, ചൂതാട്ടം എല്ലാറ്റിലും ഹെമിംഗ് വെ ആയിരുന്നു എന്നും മുന്‍പന്തിയില്‍.
കാളപ്പോരിനെക്കുറിച്ചുള്ള ഹെമിംഗ് വേയുടെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. "അപരാഹ്നത്തിലെ മരണം " എന്ന ആ കൃതി വിവാദം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ആഫ്രിക്കന്‍ ജീവിതകാലം അത്യന്തം  ഉത്സാഹ ഭരിതമായിരുന്നു.അദ്ദേഹം നീണ്ട കാലം ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ വേട്ടയാടി. മരണത്തെപ്പോലും വെല്ലുവിളിക്കുന്ന സാഹസികത കൊണ്ട് , ഒപ്പമുണ്ടായിരുന്ന ശിക്കാറികളെ അദ്ദേഹം അമ്പരപ്പിച്ചു.ധീരോദാത്തതയുടെ അതിരുകളെല്ലാം മറികടന്ന ആ പര്യടനം കഴിഞ്ഞു ആനക്കൊമ്പും സിംഹത്തലകളും പുലിത്തോലുമൊക്കെയായി ആഫ്രിക്കയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ തദ്ദേശവാസികളായ ആതിഥേയരോട് "ഇതെന്‍റെ പ്രിയപ്പെട്ട നാട് " എന്നദേഹം നന്ദി രേഖപ്പെടുത്താനും മറന്നില്ല.

 "ആഫ്രിക്കയിലെ പച്ചക്കുന്നുകള്‍" ,  "കിളിമഞ്ചാരോയിലെ കുഴമഞ്ഞ് " തുടങ്ങിയ കഥകള്‍ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ സംഭാവനകളാണ്.
ഹെമിംഗ് വേയുടെ ബഹാമസ് ദ്വീപുകളിലെ സാഹസിക മീന്‍പിടുത്തവും രസകരമായ അനുഭവമായിരുന്നു. അതിനായി ഒരു ബോട്ട് സ്വന്തമായി കൈവശപ്പെടുത്തി ദ്വീപുകള്‍ക്ക്‌ ചുറ്റും മീന്‍പിടുത്ത യാത്രകള്‍ നടത്തി അദ്ദേഹം. അമേരിക്കയില്‍ നിന്ന് ഒഴിവുകാല ഉല്ലാസത്തിന് അവിടെയെത്തിയ സഞ്ചാരികള്‍ ഹെമിംഗ് വേയുടെ മീന്‍പിടുത്ത ചാതുര്യം കണ്ടു അദ്ഭുതം കൂറി. കടല്‍ത്തീരത്തെ കള്ളക്കടത്തുകാരുമായുള്ള സമ്പര്‍ക്കവും പരിചയവും അദേഹത്തിന്റെ  "  To have and have not" എന്ന കൃതിയുടെ പിറവിക്കു കാരണമായി.

യുദ്ധകാര്യലേഖകന്‍ എന്ന നിലയില്‍ സ്പാനിഷ് അഭ്യന്തര യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത ഹെമിംഗ് വെ യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും അതീവ ജാഗ്രത കാണിച്ചു. പുതുതായി പട്ടാളത്തില്‍ ചേര്‍ന്ന യുവസൈനികര്‍ക്ക് ഉന്നം പിഴക്കാതുള്ള വെടിവയ്പ്പില്‍ അദ്ദേഹം പരിശീലനം നല്‍കി. കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിച്ചു യുദ്ധരംഗങ്ങള്‍ പകര്‍ത്തിയ അദ്ദേഹം ഒരു ഡോക്യുമെന്‍റെറി നിര്‍മിക്കുകയുണ്ടായി. " ഈ സ്പാനിഷ്‌ മണ്ണ്" എന്ന ആ ഡോക്യുമെന്‍റെറി ചിത്രം പ്രദര്‍ശിപ്പിക്കാന്‍  വൈറ്റ് ഹൌസില്‍ പ്രസിഡണ്ട്‌ റൂസ് വെല്‍റ്റ്  ഹെമിംഗ് വേയെ ക്ഷണിക്കുകയും ചെയ്തു. സ്പെയിനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം  " Fifth Column" എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരണത്തിനു തയ്യാറാക്കി.സ്പാനിഷ്‌ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ പ്രശസ്ത നോവലാണ്‌ " മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി".  പതിനെട്ടു വര്‍ഷമായി സ്പെയിനുമായുണ്ടായ നിരന്തര സമ്പര്‍ക്കം ആ കൃതിയുടെ ആഴം വര്‍ധിപ്പിക്കാന്‍ കാരണമായി. നീണ്ട പതിനേഴു മാസങ്ങള്‍ എടുത്തു അദ്ദേഹം ആ കൃതി എഴുതി മുഴുമിക്കാന്‍.

1956 ല്‍ ഹെമിംഗ് വെ എഴുതിയ " പൂന്തോട്ടക്കാഴ്ചയുള്ള മുറി " എന്ന കഥ അദ്ദേഹത്തിന്‍റെ മരണാനന്തരം അറുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്ട്രാന്‍ഡ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിനു ഏറെ ഇഷ്ടപ്പെട്ട പാരീസ് നഗരത്തിലെ റിറ്റ്സ് ഹോട്ടലിലെ ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളുടെ ആകര്‍ഷകമായ വിവരണമാണീ കഥ. ബോദ് ലെയറുടെ പ്രശസ്തമായ "തിന്മയുടെ പൂക്കളില്‍" നിന്നുള്ള വരികള്‍ ഹെമിംഗ് വെ ഈ കഥയില്‍ ഉപയോഗിച്ചിട്ടുണ്ട്.  " പാവം മരിച്ചവര്‍ ,ഹാ അവര്‍ എത്ര കഠിന വേദന അനുഭവിക്കുന്നു./ പഴയ വൃക്ഷങ്ങള്‍ ചെത്തിമുറിക്കുന്ന ഒക്ടോബര്‍ വീശുമ്പോള്‍ ,അവന്‍റെ വിഷാദ നിശ്വാസം മാര്‍ബിള്‍ കല്ലറകളിലുണ്ടാകും"
രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ് നാസികളുടെ പിടിയില്‍ നിന്ന് പാരീസ് മോചിതമാകുന്ന സമയം. അമേരിക്കക്കാരനായ കേണല്‍ റോബര്‍ട്ടാണ് കഥ പറയുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം അര്‍ദ്ധസൈനികര്‍  റിറ്റ്സ് ഹോട്ടലില്‍ ഒരു ദിവസം തങ്ങുന്നു. അടുത്ത ദിവസം അവര്‍ ആ നഗരം വിട്ടു മറ്റൊരിടത്തേക്ക് നീങ്ങുകയാണ്. പാരീസ് നഗരത്തോടുള്ള ഹെമിംഗ് വേയുടെ അഭിനിവേശം വ്യക്തമാക്കുന്നതാണ് "പൂന്തോട്ട ക്കാഴ്ചയുള്ള മുറി" എന്ന ഈ കഥ.
ഹെമിംഗ് വേയുടെ ക്യൂബന്‍ വാസക്കാലം അതീവഹൃദ്യമായിരുന്നുവത്രേ. ഹവാനക്കടുത്ത് അദ്ദേഹം ഒരു തോട്ടവും വീടും വാങ്ങി.ധാരാളം പനകളും പപ്പായമരങ്ങളും പൂച്ചെടികളും തഴച്ചു വളര്‍ന്ന അദ്ദേഹത്തിന്‍റെ ക്യൂബന്‍ വസതി പ്രശാന്ത സുന്ദരമായിരുന്നു. നായക്കളും പൂച്ചകളും പരിചാരികമാരും സഹായത്തിനു ഭൃത്യന്മാരും തികഞ്ഞ ആര്‍ഭാട ജീവിതക്കാലമായിരുന്നു അത്. ഭിത്തി അലങ്കരിക്കാന്‍ താന്‍ പലപ്പോഴായി വെടിവെച്ച് വീഴ്ത്തിയ വേട്ടമൃഗങ്ങളുടെ ചായംതേച്ച തലകള്‍, പിക്കാസോയുടെ ചിത്രങ്ങള്‍ എന്നിവയും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടവയായിരുന്നു.

ജീവിച്ചിരുന്നപ്പോള്‍ സമകാലിക സാഹിത്യലോകത്തെ ഇതിഹാസമായിരുന്നു ഹെമിംഗ് വെ. രണ്ടു ലോകമഹായുദ്ധങ്ങളില്‍ പങ്കെടുക്കുകയും, ഒന്നിലധികം തവണ വിമാനാപകടങ്ങളില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയും നാലു തവണ വിവാഹിതനാവുകയും , പില്‍ക്കാലത്ത്‌ സ്വന്തം മരണവാര്‍ത്ത പത്രങ്ങളുടെ ആദ്യപജില്‍ തന്നെ സ്വയം വായിക്കനിടയാവുകയും പിന്നീട് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സ്വന്തം റിവോള്‍വറില്‍ നിന്ന് ചീറ്റിയ വെടിയുണ്ടയേറ്റ് മൃതിയടയുകയും ചെയ്ത സാഹസികനായ ഒരാളായിരുന്നു 'പപ്പാ' എന്ന് ലോകം സ്നേഹപൂര്‍വ്വം ഓമനിച്ച ഹെമിംഗ് വെ. കടുത്ത വിഷാദ രോഗം അദ്ദേഹത്തില്‍ സ്മൃതിനാശം വരുത്തിയ നാളുകളായിരുന്നു അത്.  ചികിത്സ തേടിയ മായോ ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് നേടി വീട്ടിലെത്തിയ ഉടനെ ജീവിതത്തിന് വിരാമം കുറിക്കുകയാണത്രെ ഉണ്ടായത്.

രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ എല്ലാ വിശ്വാസങ്ങളും ശക്തിയും കൈമോശം വന്ന ഒരു ജനതയുടെ നൈരാശ്യവും നിസ്സഹായതയും നേരിട്ട് അനുഭവിച്ചു അദ്ദേഹം. എന്നിട്ടും പ്രതീക്ഷ കൈവിടാതെ പുതിയൊരു ലോകം സ്വപ്നം കണ്ടുകൊണ്ടേ മുന്നേറാന്‍ ലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു  ഹെമിംഗ് വെ. കാളപ്പോരിലും ഗുസ്തിയിലും ആഴക്കടല്‍ യാത്രയിലെ മത്സ്യബന്ധനത്തിലും സ്വന്തം ജീവിതത്തെ സാഹസികമായി പരീക്ഷിച്ച അദ്ദേഹം മനുഷ്യന്‍റെ അടങ്ങാത്ത ഇച്ഛാശക്തിയില്‍ അതിയായ പ്രതീക്ഷ വെച്ചുപുലര്‍ത്തി. സാന്‍ഡിയാഗോ സമുദ്രഗര്‍ഭത്തില്‍ ഏറ്റുമുട്ടിയ തിമിംഗലങ്ങള്‍ ജീവിതത്തില്‍ ഒന്നിന് പുറകെ ഒന്നായി മനുഷ്യന്‍ അഭിമുഖീകരിച്ച പ്രതിസന്ധികള്‍ തന്നെയായിരുന്നു. 'നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാവില്ല മക്കളെ' എന്ന് ഓരോ വീഴ്ചയിലും ഉരുവിട്ട കിഴവന്‍ മനുഷ്യന്‍റെ അദമ്യമായ പ്രത്യാശയുടെ നേര്‍ രൂപമല്ലേ? തന്‍റെ ചൂണ്ടക്കണയില്‍ കോര്‍ത്ത മാര്‍ലിന്‍ സ്രാവ് , പരസ്പരം പോരാടി തളര്‍ന്ന ദേഹവും പരിക്ഷീണവും ദൈന്യവുമായ കണ്ണുകളോടെ സാന്‍ഡിയാഗോവിനെ നോക്കുമ്പോള്‍ അയാളുടെ മനമലിയുന്നുണ്ട്. അയാളതിനെ വേദനയോടെ വാത്സല്യത്തോടെ നോക്കുന്നു. ക്ഷമിക്കൂ മകനെ, എനിക്ക് വിജയിച്ചേ മതിയാകൂ...എന്ന് ഉള്ളില്‍ കേഴുകയും ചെയ്യുന്നു.രാത്രിയിലെ കൊള്ളിയാന്‍ വെട്ടത്തില്‍ തിളങ്ങിയ മീന്‍കണ്ണുകളിലെ പ്രാണഭയം അയാള്‍ തിരിച്ചറിഞ്ഞു. ഉള്ളില്‍ തിരയടിച്ച സങ്കടങ്ങള്‍ സ്വയം കടിച്ചമര്‍ത്തി കടലിന്‍റെ അപാരതയിലൂടെ ആ മനുഷ്യന്‍ തുഴഞ്ഞുനീങ്ങുന്ന കാഴ്ച എത്ര ചേതോഹരമായാണെന്നോ ഹെമിംഗ് വേയിലെ പ്രതിഭാശാലിയായ കലാകാരന്‍ വരച്ചുവെക്കുന്നത്.
ഒറ്റനോട്ടത്തില്‍, ആഞ്ഞടിച്ച പ്രകൃതി ശക്തിക്കെതിരെ ഒരു വൃദ്ധന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ കഥ. നീലക്കടലില്‍ വെച്ച്  തന്‍റെ ചൂണ്ടയില്‍ കൊളുത്തിയ കൂറ്റന്‍ സ്രാവിനോട്  മല്ലിട്ട ഒരു ക്യൂബന്‍ മീന്‍പിടുത്തക്കാരന്‍റെ മൂന്നു രാപ്പകലിന്‍റെ കഥ. വായനക്കാരന്‍റെ മുന്‍പില്‍ ഹെമിംഗ് വെ  പല അടരുകളുള്ള ജീവിതസത്യങ്ങളുടെ പാഠങ്ങളാണ് തുറന്നിടുന്നത്. സൗഹൃദം, ധീരത,നിര്‍ഭയത്വം എന്നിങ്ങനെ താന്‍ ജീവിതക്കടലില്‍ നിന്ന്  സാഹസികമായി കണ്ടെടുത്ത പാഠങ്ങള്‍. ക്യൂബയാണ്‌ കഥയുടെ പശ്ചാത്തലം. മീന്‍പിടുത്തം കൊണ്ടുമാത്രം ജീവിതം കഴിക്കുന്ന ദരിദ്രമായ സാഹചര്യമുള്ള ക്യൂബയിലെ ഒരു കടലോര ഗ്രാമ മാണ്  ഹെമിംഗ് വെ തന്‍റെ കഥയുടെ കാന്‍വാസില്‍ ചിത്രീകരിക്കുന്നത്. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന സാന്‍ഡിയാഗോ എന്ന വൃദ്ധനും മനോലിന്‍ എന്ന കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഖ്യാനമാണ് ആദ്യഭാഗം.അവര്‍ക്കിടയില്‍ വലുപ്പ ചെറുപ്പങ്ങളില്ല. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുമാണ് അവര്‍ കഴിഞ്ഞത്. അവനെ വെറുമൊരു കുട്ടി മാത്രമായല്ല വൃദ്ധന്‍ കണ്ടത്. തിരിച്ചും, പാകതവന്ന ഒരു മുതിര്‍ന്ന സുഹൃത്തായിട്ടാണ് മനോലിന്‍ എന്ന കുട്ടി വൃദ്ധനോട് പെരുമാറുന്നത്. കഴിഞ്ഞ എണ്‍പത്തിനാല് ദിവസങ്ങളായി വലയില്‍ മീനൊന്നും കുരുങ്ങാതെ നിരാശനായി മടങ്ങേണ്ടിവന്ന സാന്‍ഡിയാഗോവിനെ നിര്‍ഭാഗ്യവാനായിട്ടാണ് മറ്റുള്ളവര്‍ കണ്ടത്. കിഴവന്‍റെ കൂടെ മീന്‍പിടിക്കാന്‍ പോകുന്നത് കുട്ടിയുടെ വീട്ടുകാര്‍ വിലക്കിയിട്ടും അവന്‍ വൃദ്ധനുമായുള്ള തന്‍റെ സൗഹൃദം വിട്ടുകളയുന്നില്ല. എന്നാല്‍ പിന്നീട് അവനു സാന്‍ഡിയോഗോവിനെ  ഉപേക്ഷിച്ചു മറ്റു മീന്‍പിടുത്ത ക്കാരുടെ ഒപ്പം പോകേണ്ടിവന്നു. ഉള്‍ക്കടലിലെ ആകസ്മികമായ പോര്‍മുഖങ്ങള്‍ മനോലിനു തുറന്നുകിട്ടിയത്‌ വൃദ്ധനോടൊപ്പമുള്ള യാത്രകളില്‍ ആയിരുന്നു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പ്പാലവും അതിലൂടെ അതിസാഹസികമായി നടത്തേണ്ടിവരുന്ന കണിശമായ സഞ്ചാരവും വൃദ്ധനോടൊപ്പമുള്ള ജീവിതത്തില്‍ നിന്ന് ആ കുട്ടി പഠിച്ചു. അവരുടെ ആത്മബന്ധം 'കിഴവനും കടലും' എന്ന കഥയുടെ ആധാരശിലയായി വര്‍ത്തിക്കുന്നു. 

മൂന്നാം ദിവസത്തിന്‍റെ മൂന്നാം യാമത്തില്‍ അവശേഷിച്ച അവസാനത്തെ മംസക്കഷ്ണവുമായി യാത്ര തുടരവേ, ഇനിയും തന്നെ തോല്പിക്കാന്‍ സ്രാവുകള്‍ വന്നാല്‍ എന്ത് ചെയ്യും ദൈവമേ എന്ന് വ്യാകുലപ്പെട്ട വൃദ്ധന്‍ അങ്ങനെ സംഭവിച്ചാല്‍ പൊരുതി മരിയ്ക്കാന്‍ തന്നെ നിശ്ചയിച്ചു. രാവേറെ ചെന്നപ്പോള്‍ നഗരദീപങ്ങളുടെ ആലക്തികപ്രഭ പൊഴിഞ്ഞ പ്രകാശ വീചികള്‍ വിദൂരരേഖയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇരുളില്‍ അയാളുടെ എല്ലാ പ്രതിരോധശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് വീണ്ടും കൊമ്പന്‍ സ്രാവുകളുടെ കൂട്ടം അടുത്തെത്തി. എല്ലാം  കവര്‍ന്നെടുത്തുകൊണ്ട് അവ കടലിലെങ്ങോ പോയിമറഞ്ഞു. അവയോട് വൃഥാ പൊരുതിയ കിഴവനു വായില്‍ രക്തത്തിന്റെ രുചി അനുഭവപ്പെട്ടു . അയാള്‍ കടലിലേക്ക്‌ ആഞ്ഞുതുപ്പി. പിന്നെ സാവധാനം വഞ്ചി തുഴഞ്ഞുപോയി. മീനിന്റെ അസ്ഥികൂടത്തില്‍ കടിച്ചുനോക്കി പിന്തിരിയുന്ന മറ്റു മത്സ്യങ്ങളെ അയാള്‍ ശ്രദ്ധിച്ചതെയില്ല.
കിഴവന്‍ സാന്ദിയാഗോ കടലോരത്ത് മടങ്ങിയെത്തിയപ്പോഴെക്ക് എല്ലാവരും ഉറക്കമായിക്കഴിഞ്ഞിരുന്നു. സ്രാവുകളുമായുള്ള നീണ്ട പോരാട്ടത്തിനിടയില്‍ അയാള്‍ക്ക്‌ തന്റെ നെഞ്ചിലെന്തോ പൊടിഞ്ഞു തകരുന്നതുപോലെ അനുഭവപ്പെട്ടിരുന്നു.പാമരം ഭിത്തിയില്‍ ചാരിവെച്ച് അയാള്‍ കട്ടിലില്‍ പോയി വീണു.
പതിവുപോലെ പ്രഭാതത്തില്‍ കുടിലില്‍ വന്നു നോക്കിയ മനോലിന്‍  വൃദ്ധന്റെ വ്രണിതമായ ശരീരം കണ്ടു പരവശനായി. വൃദ്ധനു കാപ്പി കൊണ്ടുവരാന്‍ വേണ്ടി അവന്‍ നടക്കുമ്പോള്‍ കടല്‍ക്കരയില്‍ ആള്‍ക്കൂട്ടം എ കൂറ്റന്‍ അസ്ഥി കൂടത്തിന്റെ പതിനെട്ടടി നീളം അല ന്നുനോക്കുകയായിരുന്നു. വീണ്ടും ദീര്‍ഘ സുഷുപ്തിയിലമര്‍ന്ന വൃദ്ധന്‍ ആഫ്രിക്കയിലെ സിംഹങ്ങളെ സ്വപ്നം കണ്ടുകിടന്നപ്പോള്‍ കടല്‍ക്കരയില്‍ വിനോദ യാത്രക്കെത്തിയ സംഘം കൂറ്റന്‍ മീന്‍ മുള്ള് അദ്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.

ആറ്റിക്കുറുക്കിയ രചനാശൈലിയില്‍ സൌന്ദര്യത്തിന്‍റെ അദ്ഭുതച്ചെപ്പാണ് ഹെമിംഗ് വെ തുറന്നിട്ടത് . സംഗീതം പൊഴിയുന്ന ഭാഷയുടെ മാന്ത്രികവടി വീശി വായനക്കാരനെ അമ്പരപ്പിക്കുന്നതോടൊപ്പം ഭാവനയുടെ താഴ്വരയിലേക്ക് അവനെ ആനയിക്കാനും മറക്കുന്നില്ല, അദ്ദേഹം. എഴുത്തില്‍ ഇന്ദ്രിയനിര്‍വിശേഷമായ അനുഭവങ്ങളെ ആവാഹിക്കാന്‍ ക്ഷണ നേരം മതി അദ്ദേഹത്തിന്. കടലിന്‍റെ അപാരതയില്‍ കിഴവനും സ്രാവും തമ്മിലുള്ള വേഴ്ച , സഹനത്തിന്‍റെ വേദനയുടെ, നിരാശയുടെ ,ആനന്ദത്തിന്‍റെ, അന്യോന്യം പകരുന്ന സാഹോദര്യത്തിന്‍റെ, കരുണയുടെ , അനുതാപത്തിന്‍റെ അളവില്ലാത്ത വാത്സല്യത്തിന്‍റെ ക്ഷണിക നിമിഷങ്ങള്‍ ഹെമിംഗ് വെ ആവിഷ്കരിക്കുന്നത് ഇന്ദ്രിയ സംവേദനങ്ങളുടെ സ്പര്‍ശക്ഷമതയിലൂടെയാണ്.ആഴക്കടലിന്റെ മദ്ധ്യേ സമുദ്രജലത്തിന്റെ ലവണ ത്തോടൊപ്പം മനുഷ്യ രക്തത്തിന്റെ ലോഹരുചിയും നാം അറിയുന്നുണ്ടല്ലോ. നേരം പുലരും മുന്‍പേ വൃദ്ധന്‍ നുണയുന്ന ചൂടുള്ള കാപ്പിയുടെ ആവിപറക്കുന്ന ഗന്ധവും മീനെണ്ണയുടെ സ്നിഗ്ധതയും വായനയില്‍ കലരുന്നു. ഹെമിംഗ് വെ വാക്കുകളില്‍ നിവേദിക്കുന്ന നിറവും രുചിയും ഗന്ധവും അദ്ദേഹത്തിന്‍റെ അസാമാന്യമായ സംവേദനക്ഷമതയുടെ നേര്‍ക്കാഴ്ചകളാണ്.

വര്‍ണങ്ങളുടെ മേളനം  എത്ര രസാവഹമായിട്ടാണ് ഹെമിംഗ് വേയുടെ ആഖ്യാനത്തില്‍ വിരിയുന്നത് എന്ന് നോക്കുക. നമ്മുടെ കാഴ്ച്ചയുടെ ഭാവനാതീതത്തിലാണ് അദ്ദേഹം ചെന്നുതൊടുന്നത്. ഒരു ചിത്രകാരന്റെയോ    ചലച്ചിത്രകാരന്റെയോ കരവിരുതാണ് വാക്കിന്റെ കലയില്‍ ഹെമിംഗ് വെ സാധിക്കുന്നത്‌. അവ പലപ്പോഴും പെയിന്റിംഗ് പോലെ മനോഹരമാണ്. സമുദ്രജലത്തില്‍ മിന്നിപ്പിടയുന്ന ട്യൂണ മത്സ്യത്തിന്റെ വെള്ളിനിറം , അത് സാന്ധ്യ വെളിച്ചത്തില്‍ തെന്നിമാറുമ്പോഴുള്ള  നീലിമയും പൊടുന്നനെ നുരച്ചാര്ത്തില്‍ ഉയര്‍ന്നു കുതിക്കുംപോഴുള്ള സ്വര്‍ണനിറവും ഒരു ഫോട്ടോ ഗ്രാഫറുടെ കൌശലത്തോടെ അദ്ദേഹം വാക്കുകളില്‍ ഒപ്പിയെടുക്കുകയാണ് ചെയ്യുന്നത്.നിഴലും വെളിച്ചവും മാറിമാറി കളിക്കുന്ന കടലിന്‍റെ തിരശീലയില്‍ നാടകീയത മുറ്റിയ ആഖ്യാനത്തിലൂടെ വര്‍ണവും ഗന്ധവും സ്പര്‍ശവും രുചിയും വായനക്കാരന്‍ തിരിച്ചറിയാതെ പോകുന്നില്ല. മൂവന്തിയുടെ മങ്ങൂഴത്തില്‍ വിദൂരതയിലുള്ള തടത്തില്‍ മേഘമാലകള്‍ പര്‍വതത്തെപ്പോലെ ഉയര്‍ന്നു നിന്നതും, കര ഒരു ഹരിതരേഖ പോലെ ചാരനിറമാര്‍ന്ന കുന്നിന്‍ ചരിവില്‍ മങ്ങിനില്‍ക്കുന്നതും, കടല്‍ ഇരുണ്ട നീലത്തില്‍ ധൂമിലമാവുന്നതും ക്രമേണ ലോഹിത വര്‍ണത്തില്‍ നിദ്രയില്‍ അമര്‍ന്നു പോകുന്നതും വാക്കുകളില്‍ നമ്മെ അനുഭവിപ്പിക്കുന്നു, അദ്ദേഹം.

അതുപോലെ നാടകീയത നിറഞ്ഞ വര്‍ണനയാണ് സ്പര്‍ശവേദ്യമായ അനുഭവങ്ങളുടെ ആവിഷ്കാരത്തിലും നാം കാണുന്നത്.  സാന്‍ഡിയാഗോ എന്ന വൃദ്ധന്റെ ശാരീരികമായ യാതന മുഴുവനും നമ്മിലേക്ക്‌ നിവേശിക്കുന്നത് സ്പര്‍ശക്ഷമമായ വാക്കുകളിലൂടെയാണ്. തന്റെ ചുമലില്‍ വരിഞ്ഞു ചുറ്റിയ കയര്‍ ഉരഞ്ഞുണ്ടാകുന്ന വ്രണവും പിച്ചാത്തിമുനപ്പാടും യഥാതഥമായ വര്‍ണനയില്‍ അനുഭവവേദ്യമാകുന്നുണ്ടല്ലോ. മാര്‍ലിന്‍ എന്ന കൊമ്പന്‍സ്രാവ് ചൂണ്ടയില്‍ ആദ്യമായി കുരുങ്ങുന്ന  സചേതനമായ നിമിഷം നമ്മളും ജാഗ്രത്താവുന്നു. അങ്ങനെ ആദ്യന്തം ആഖ്യാന ചാരുതയില്‍ ഹെമിംഗ് വെ സൃഷ്ടിക്കുന്ന ആഘാതം അനുഭൂതിതീവ്രതയുടെ കൊടിയടയാളമാകുന്നു.





No comments:

Post a Comment