Wednesday, October 2, 2019

hemingway 3

ഒറ്റനോട്ടത്തില്‍, ആഞ്ഞടിച്ച പ്രകൃതി ശക്തിക്കെതിരെ ഒരു വൃദ്ധന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ കഥ. നീലക്കടലില്‍ വെച്ച്  തന്‍റെ ചൂണ്ടയില്‍ കൊളുത്തിയ കൂറ്റന്‍ സ്രാവിനോട്  മല്ലിട്ട ഒരു ക്യൂബന്‍ മീന്‍പിടുത്ത ക്കാരന്‍റെ മൂന്നു രാപ്പകലിന്‍റെ കഥ. വായനക്കാരന്‍റെ മുന്‍പില്‍ ഹെമിംഗ് വെ  പല അടരുകളുള്ള ജീവിതസത്യങ്ങളുടെ പാഠങ്ങളാണ് തുറന്നിടുന്നത്. സൗഹൃദം, ധീരത , നിര്‍ഭയത്വം എന്നിങ്ങനെ താന്‍ ജീവിതക്കടലില്‍ നിന്ന്  സാഹസികമായി കണ്ടെടുത്ത പാഠങ്ങള്‍. ക്യൂബയാണ്‌ കഥയുടെ പശ്ചാത്തലം. മീന്‍പിടുത്തം കൊണ്ടുമാത്രം ജീവിതം കഴിക്കുന്ന ദരിദ്രമായ സാഹചര്യമുള്ള ക്യൂബയിലെ ഒരു കടലോര ഗ്രാമ മാണ്  ഹെമിംഗ് വെ തന്‍റെ കഥയുടെ കാന്‍വാസില്‍ ചിത്രീകരിക്കുന്നത്. ഉള്‍ക്കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്ന സാന്‍ഡിയാഗോ എന്നാ വൃദ്ധനും മനോലിന്‍ എന്ന കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഖ്യാനമാണ് ആദ്യഭാഗം.അവര്‍ക്കിടയില്‍ വലുപ്പ ചെറുപ്പങ്ങളില്ല. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുമാണ് അവര്‍ കഴിഞ്ഞത്. അവനെ വെറുമൊരു കുട്ടി മാത്രമായല്ല വൃദ്ധന്‍ കണ്ടത്. തിരിച്ചും പാകതവന്ന ഒരു മുതിര്‍ന്ന സുഹൃത്തായിട്ടാണ് മനോലിന്‍ എന്ന കുട്ടി വൃദ്ധനോട് പെരുമാറുന്നത്. കഴിഞ്ഞ എണ്‍പത്തിനാല് ദിവസങ്ങളായി വലയില്‍ മീനൊന്നും കുരുങ്ങാതെ നിരാശനായി മടങ്ങേണ്ടിവന്ന സാന്‍ഡിയാഗോവിനെ നിര്‍ഭാഗ്യവാനായിട്ടാണ് മറ്റുള്ളവര്‍ കണ്ടത്. കിഴവന്‍റെ കൂടെ മീന്‍പിടിക്കാന്‍ പോകുന്നത് കുട്ടിയുടെ വീട്ടുകാര്‍ വിലക്കിയിട്ടും അവന്‍ വൃദ്ധനുമായുള്ള തന്‍റെ സൗഹൃദം വിട്ടുകളയുന്നില്ല. എന്നാല്‍ പിന്നീട് അവനു സാന്‍ഡിയോഗോവിനെ  ഉപേക്ഷിച്ചു മറ്റു മീന്‍പിടുത്ത ക്കാരുടെ ഒപ്പം പോകേണ്ടിവന്നു. ഉള്‍ക്കടലിലെ ആകസ്മികമായ പോര്‍ മുഖങ്ങള്‍ മനോലിനു തുറന്നുകിട്ടിയത്‌ വൃദ്ധനോടൊപ്പമുള്ള യാത്രകളില്‍ ആയിരുന്നു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പ്പാലവും അതിലൂടെ അതിസാഹസികമായി നടത്തേണ്ടിവരുന്ന കണിശമായ സഞ്ചാരവും വൃദ്ധനോടൊപ്പമുള്ള ജീവിതത്തില്‍ നിന്ന് ആ കുട്ടി പഠിച്ചു. അവരുടെ ആത്മബന്ധം 'കിഴവനും കടലും' എന്ന കഥയുടെ ആധാരശിലയായി വര്‍ത്തിക്കുന്നു. 

No comments:

Post a Comment