Saturday, October 22, 2011

Cartoonist Kutty

വരകളുടെ ലോകം ഒരിടവേളയുടെ  മൌനത്തിലേക്ക്‌. വിജയനും അബുവും,  ഇപ്പോള്‍ കുട്ടിയും യാത്രയായാവുന്നു. 
ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ സ്വന്തമായൊരു ഇടം ബാക്കിവെച്ചുകൊണ്ട് ശങ്കരന്‍കുട്ടി എന്ന കാര്‍ട്ടൂണിസ്റ്റ്കുട്ടി യാത്രപറയുമ്പോള്‍ വരകളുടെ രാഷ്ട്രീയം പ്രതിരോധത്തിന്റെ ഭാഷയില്‍തീര്‍ത്ത ഒരു തലമുറയുടെ അവസാനംകുറിക്കുന്നു. ശങ്കറില്‍നിന്ന് തുടങ്ങിയതാണ്‌  വ്യവസ്ഥകള്‍ക്കെതിരെ പരിഹാസത്തിന്റെ വരയമ്പുകള്‍ എയ്തു വീഴ്ത്തിയ ചരിത്രം. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍  ഇംഗ്ലീഷ് അധ്യാപകനും ആക്ഷേപഹാസ്യകാരനും ചിത്രകാരനുമായിരുന്ന സഞ്ജയന്‍ എന്ന എം ആര്‍ നായരാണ് , ശങ്കരന്‍കുട്ടിയുടെ വരകളുടെ കൂര്‍മതയും ലാളിത്യവും കണ്ടെത്തിയത്. അദ്ദേഹം, കുട്ടിയെ കാര്‍ട്ടൂണിസ്റ്റ്  ശങ്കറിന്റെ ഗുരുകുലത്തിലേക്ക് ആനയിച്ചു. ഡല്‍ഹിയിലെ ജീവിതം കുട്ടിയെ സ്വയം നിര്‍മിക്കാന്‍  സഹായിച്ചു. ജവഹര്‍ലാല്‍ നെഹൃവിന്റെ കാലം ശങ്കര്‍ ഏറ്റെടുത്തപ്പോള്‍ , ശിഷ്യന്‍, തുടര്‍ന്നുവന്ന ഇന്ദിരയുടെ കാലത്തെ നിശിതമായി അടയാളപ്പെടുത്തി. കുട്ടിയുടെ ചരിത്ര ബോധവും പരിഹാസവും വരകളുടെ രാഷ്ട്രീയമെന്തെന്ന്  ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തി. എന്നാല്‍, ശങ്കറും കുട്ടിയും ധൈഷണികമായ സത്യസന്ധതക്കപ്പുറം ഒരിക്കലും അപഥസഞ്ചാരം നടത്തിയില്ല എന്നത് ഇന്നത്തെ 'പുതുമാധ്യമ ലോകം' പഠിക്കേണ്ടതാണ്.

ഒറ്റപ്പാലം പാലാട്ടുറോഡിലെ കൊറ്റുതൊടിയെന്ന അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയിടുണ്ട്. എന്റെ
തൊട്ടയല്‍വീടായ കൊറ്റുതൊടിയില്‍ ആണ്ടിലൊരിക്കലാണ് കുട്ടി വിരുന്നുവന്നത്.ഡല്‍ഹിയില്‍ നിന്ന് കുടുംബസമേതം വേനലിലെ ഒഴിവുകാലം ആസ്വദിക്കാനെത്തിയ വേളയില്‍ ഞാന്‍ അദ്ദേഹത്തെ
സന്ദര്‍ശിച്ചു. കേരളവര്‍മയിലെ 'കോളേജ് മാഗസിനു' വേണ്ടി ഒരഭിമുഖം. സ്വന്തം തട്ടകത്തെക്കുറിച്ച്
വളരെ കൃത്യമായ ദിശാബോധമുണ്ടായിരുന്നു അദ്ദേഹത്തിന്. പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെ ക്കുറിച്ചുമൊക്കെ മറകളില്ലാതെ ചിന്തിക്കാന്‍ ഡല്‍ഹിയിലെ കലാരാഷ്ട്രീയജിവിതം കുട്ടിയെ പാകപ്പെടുത്തിയിരുന്നു. തൃശ്ശൂര്‍ കേരളവര്‍മയില്‍ എം.ഏ ക്ക് മലയാളഭാഷയും സാഹിത്യവും പഠിക്കുകയാണെന്നറിഞ്ഞപ്പോള്‍,  'ഗംഗവരെ പോകാമെങ്കില്‍  പിന്നെ ഗംഗോത്രിയില്‍ പോയ്കൂടെ' എന്നദ്ദേഹം ചോദിച്ചത് എന്നില്‍ വിസ്മയമുണര്‍ത്തി. തുടര്‍ന്നദ്ദേഹം പറഞ്ഞത്‌, 'ഒരൊറ്റ ദോഷമേയുള്ളൂ, പിന്നെ നേരെ ചൊവ്വെ മലയാളമെഴുതാമെന്നു കരുതണ്ട.' ഭാഷയുടെ പ്രയോഗത്തെ ക്കുറിച്ചുള്ള കുട്ടിയുടെ നവീനബോധം ആദരവോടെ ഞാന്‍ അനുസ്മരിക്കുന്നു. ഭാഷയെ 'നിരുക്ത' ത്തിന്റെയും 'വ്യുല്‍പ്പത്തി'യുടെയും കളിസ്ഥലമായി മാത്രം ധരിച്ചുവശായ പാരമ്പര്യവാദികളുടെ യഥാ സ്ഥിതമായ 'മാന്ദ്യ കാലത്തെ' അല്പം പരിഹാസത്തോടെ കുട്ടി നേരിട്ടു.വരകളിലും അവയുടെ കുറിമാനങ്ങളിലും കുട്ടിയുടെ നേര്‍ത്തചിരി ദൃശ്യമായി. അങ്ങനെ നീണ്ട അമ്പതുവര്‍ഷങ്ങള്‍ ഇന്ദ്ര പ്രസ്ഥത്തിലെ രാഷ്ട്രതന്ത്രങ്ങള്‍ക്ക് കുട്ടി സാക്ഷിയായി. നാഷണല്‍ ഹെറാള്‍ഡിലും ആനന്ദബസാര്‍ പത്രികയിലും കുട്ടിയുടെ കാര്‍ട്ടൂണുകള്‍ നിറഞ്ഞുനിന്ന കാലമുണ്ടായിരുന്നു. വരകളുടെ സ്വീകാര്യത പലപ്പോഴും മൌനത്തിന്റെയാണ്. ഒരു പൊതുമണ്ഡലത്തില്‍ ഈ മൌനത്തിന് മുഴക്കം കൂടും. മനുഷ്യസമൂഹത്തിന്റെ വ്യാവഹാരിക വിനിമയഘടനയില്‍ ചിരിയുടെ മൌനത്തിന് അര്‍ഥങ്ങള്‍ ഏറെയാണ്‌. അങ്ങനെ ഒരു മൌനം ബാക്കിനിര്‍ത്തിക്കൊണ്ട് കുട്ടിയും യാത്രയായി.

No comments:

Post a Comment