Saturday, October 29, 2011

Njattuvela 3

ഞാറ്റുവേല .൩

അമ്മമ്മയുടെ എഴുത്തുപെട്ടിക്ക് കൈതപ്പൂവിന്റെ മണമാണ്.  അലക്കിയെടുത്ത കോടിമുണ്ടുകള്‍ നറുമണം പൊഴിച്ച് അമ്മമ്മയുടെ പെട്ടകത്തില്‍ എഴുത്തോലകള്‍ക്കൊപ്പം കിടന്നു. അനങ്ങന്‍മലയുടെ അടിവാരത്ത് പൂവിലഞ്ഞികള്‍ നിറഞ്ഞൊരു താഴ്വരയിലാണ് അവര്‍ ജനിച്ചു വളര്‍ന്നത്‌.          അമ്പലക്കുളത്തില്‍ മുങ്ങിത്തുടിച്ചും കൈക്കൊട്ടിക്കളിച്ചും
ദശപുഷ്പം ചൂടിയും അമരകോശവും സിദ്ധരൂപവും ഉരുവിട്ടും കഴിഞ്ഞ ഓര്‍മകളുടെ ബാല്യം.   അമ്മമ്മ പകര്‍ന്നുതന്ന ചിത്രസ്മരണകള്‍ 'ഞാറ്റുവേല' ക്കുറിപ്പുകളില്‍ തുടിച്ചുനില്‍ക്കുന്നു. ഇടിവെട്ടിപ്പെയ്ത തുലാവര്‍ഷരാവുകളില്‍ ഞങ്ങള്‍, മതി വരാതെ കേട്ട അമ്മമ്മക്കഥകള്‍ അയവിറക്കും.
'തുലാവര്‍ഷം കണ്ടുനിന്നവരും, ഇടവപ്പാതി കണ്ടുപോയവരും' എന്ന ചൊല്ലില്‍ തുമ്പിക്കൊരു കുടം തിമര്‍ത്ത തുലാമഴയുടെ ശബ്ദമുണ്ട്‌, ഇടയ്ക്കിടെ ചന്നംപിന്നം നിന്ന ഇടവപ്പാതിയുടെ വിളിയുണ്ട്. ഞാറ്റുവേലയാണ് കൃഷിയുടെ ഘടികാരം. അശ്വതിതൊട്ടു രേവതിവരെ ഇരുപത്തിയേഴു ഞാറ്റുവേലകള്‍. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ഇരുപത്തേഴര ദിവസങ്ങളാണ് ഇരുപത്തേഴു നക്ഷത്രങ്ങള്‍. ഒരു നക്ഷത്രത്തിന്റെ സമീപം സൂര്യന്‍ ഏകദേശം പതിമൂന്നരദിവസം നില്‍ക്കുന്നു. ഈ കാലയളവ്‌ ആ നക്ഷത്രത്തിന്റെ ഞാറ്റുവേലയാണ്. സൂര്യന്റെ സമയം എന്നര്‍ഥം. (ഞായര്‍ -വേല)
പതിമൂന്നര- പതിന്നാലു ദിവസമാണ് ഒരു ഞാറ്റുവേല ഓരോ ഞാറ്റുവേലയിലും കാറ്റിനും മഴക്കും നേരിയ വ്യത്യാസമുണ്ട്. അശ്വതിയിലെ ചാറ്റല്‍ മഴയാണ് പുതുമഴ. പുതുമഴക്ക് വിത്തിടണം.മുതിരക്ക് മൂന്നു മഴ മതി. എന്നാല്‍ തവള കരയുംമുമ്പ് വെണ്ടയും വഴുതനയും തയ്യാറാവണം. പുതുമഴയുടെ ഗന്ധം ശ്വസിച്ച് തുമ്പയും മുക്കുറ്റിയും ശിരസ്സുപൊക്കും. പുതുമഴയുടെ തുള്ളികള്‍ നൃത്തംവെക്കുമ്പോള്‍ മുറ്റത്തും തൊടിയിലും ചെടികള്‍  ഓരോന്നോരോന്നായി നാമ്പിടും. ഭരണി ഞാറ്റുവേലയില്‍ പാടത്ത് ഞാറിടും.കാര്‍ത്തിക ഞാറ്റുവേലയില്‍ വെള്ളം കാണുന്ന കിണര്‍ ഒരുകാലത്തും വറ്റില്ല. നെല്ലിപ്പടിയിട്ട കിണറ്റുവെള്ളത്തിന്റെ തണുപ്പ്, അവസാനകാലംവരെ അമ്മമ്മ പറയാറുണ്ടായിരുന്നു.അങ്ങനെ
മതിമറന്നു മകയിരവും തിരിമുറിയാതെ തിരുവാതിരയും പുഴപോലെ പുണര്‍തവും പുകഞ്ഞു മൂടിക്കെട്ടിയ പൂയവും കഴിഞു അത്തം ചിത്ര ചോതിയും പെയ്തൊഴിഞ്ഞാല്‍ പിന്നെ ചോദ്യമില്ല.
ശരാശരി മൂവായിരം മില്ലിമീറ്റര്‍ മഴലഭിക്കുന്ന ലോകത്തിലെത്തന്നെ അപൂര്‍വ്വം ജൈവമേഖലകളിലൊന്നാണ് കേരളം. 44 നദികള്‍. അനേകം തടാകങ്ങള്‍, അരുവികളും, കൈത്തോടുകളും തണ്ണീര്‍ത്തടങ്ങളും.എത്രയോ കോള്‍നിലങ്ങള്‍ കായല്‍പ്പരപ്പുകള്‍. ലക്ഷക്കണക്കിന്‌ കിണറുകള്‍ ആയിരക്കണക്കിന് കുളങ്ങള്‍, മഴക്കാടുകള്‍, ചതുപ്പ് നിലങ്ങള്‍...എന്നിട്ടും വേനലില്‍ കുടിനീരിനുവേണ്ടി പരക്കംപായുന്ന ദുരവസ്ഥ.
പഴയകാലം ഓര്‍ത്തുവെക്കുന്ന 'കൃഷിഗീത' അതിമനോഹരമായ പുസ്തകമാണ്. നൂറ്റാണ്ടുകളായി നമ്മുടെ മണ്ണടരില്‍, ഭൂഗര്‍ഭത്തില്‍ ഉറഞ്ഞുകിടന്ന
നീരൊഴുക്കുകളെ 'കൃഷിഗീത' കണ്ടെടുക്കുന്നു. കല്‍നീരും പനിനീരും മലനീരും ഊര്‍നീരുമായി ഉറവയെടുക്കുന്ന ജലത്തെ നമ്മുടെ പൂര്‍വികരായ കര്‍ഷകര്‍ എങ്ങനെ
സംഭരിച്ച് ഉപയുക്തമാക്കിയെന്ന് ഈ കൃതി പറയുന്നു.മഴയുടെ നാട്ടറിവാണ് 'കൃഷിഗീത'. തൃശൂര്‍ കേരളവര്‍മയിലെ ഡോ.സി ആര്‍ .രാജഗോപാല്‍ പ്രാചീനമായ നാട്ടറിവുകള്‍ സമാഹരിച്ച് 'കൃഷിഗീത'യിലൂടെ നമുക്ക് പകര്‍ന്നു തരുന്നു.
ഈ തുലാവര്‍ഷം മഴയോര്‍മകള്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ കൃഷിഗീതയും അമ്മമ്മയും കൂട്ടിനെത്തി. ഞാറ്റുവേല വിശേഷങ്ങള്‍ തുടരുന്നു.
 

s e t h u m a d h a v a n  m a c h a d


No comments:

Post a Comment