Saturday, October 22, 2011

mind scape 3

Fernhill എന്‍റെ ഓര്‍മകളുടെ സാകല്യമാണ്. ഉദകമണ്ഡലത്തിന്റെ നെറുകയിലാണ് നാരായണ ഗുരുകുലം. ഗുരു നിത്യ, ജീവിത സായാഹ്നം സരളവും സുന്ദരവുമായി നിറവേറ്റിയത് ഇവിടെയാണ്. പ്രഭാതങ്ങളും സായം സന്ധ്യകളും നിത്യയുടെ എഴുത്തിനു അപൂര്‍വ വര്‍ണഭംഗികള്‍ സമ്മാനിച്ചു. ...മൃദുഭാഷിയായിരുന്ന നിത്യ, ജീവിതസായാഹ്നം ധ്യാനത്തിന്‍റെ കലയാക്കി മാറ്റി .പുസ്തകങ്ങള്‍ക്ക് നടുവില്‍ അക്ഷരവും സംഗീതവും ചിത്രകലയും നിത്യയുടെ സഹചാരികളായി. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും എഴുത്തുകള്‍ അദ്ദേഹത്തെ തേടിയെത്തി. വേദനിക്കുന്നവരുടെ ലോകത്ത് തന്നെ തേടിയെത്തിയ ചോദ്യങ്ങള്‍ക്കുള്ള സരളമായ മറുപടികളായിരുന്നു നിത്യയുടെ പുസ്തകങ്ങള്‍. മലയാളത്തിലും ഇംഗ്ലീഷ് ഭാഷയിലുമായി നിരവധി കൃതികള്‍ എഴുതിയ അദ്ദേഹം സ്നേഹ സാന്ത്വനങ്ങളുടെ കൂട്ടുകാരനായി. ധ്യാനത്തിന്‍റെ സൌന്ദര്യം ആ ജീവിതത്തെ അപൂര്‍വ ശോഭയുള്ളതാക്കി. വെളിച്ചവും നിഴലും നിറഞ്ഞ മരത്തോപ്പിലൂടെ, താഴ്വരകളിലെ ഒറ്റയടിപ്പാതകളിലുടെ കൂട്ടുകാരോടൊപ്പം നടന്നു നീങ്ങുമ്പോള്‍ ,കിളിചൊല്ലിനു കാതോര്‍ക്കുമ്പോള്‍, അസ്തമയത്തിന്റെ കുന്നിന്‍ ചരിവുകളില്‍ അമ്മ മരത്തിനരികെ തെല്ലിട പ്രാര്‍ത്ഥനാ നിരതനാവുന്നു , നിത്യയുടെ വാക്കുകള്‍ ഓര്‍ത്തെടുക്കട്ടെ : " ആ മരത്തിന്‍റെ വാക്കുകള്‍ കേള്‍ക്കൂ. ഓരോ ഇലയും പ്രാര്‍ത്ഥിക്കുകയാണ്. ചുറ്റുമുള്ള പുല്‍ക്കൊടികളെ നോക്കൂ. അതിന്‍റെ കവിളിലെ ഹിമ കണങ്ങളെ നോക്കൂ. ആകാശത്തേക്ക് കരങ്ങള്‍ കൂപ്പിയ യൂക്കാലി മരങ്ങളെ ശ്രദ്ധിക്കൂ. ഈ സന്ധ്യയുടെ ഉദാരത നമ്മെയൊക്കെയും പുണര്‍ന്നു നില്‍ക്കുന്നു.ഈ പ്രപഞ്ചം മുഴുവനും ഇപ്പോള്‍ ധ്യാനിക്കുകയാണ്." തുടര്‍ന്നുള്ള നിമിഷങ്ങള്‍ നിശബ്ദ സൌന്ദര്യത്തിന്റെ മഹാമൌനം. ഊട്ടി ഗുരുകുലത്തിലെ മൌന മന്ദഹാസം എനിക്കൊരിക്കലും മറക്കാനാവില്ല. അത് ഉപനിഷത്തിലെ മധുവായി , നിലാവിന്‍റെ സംഗീതമായി ,സ്നേഹസൌരഭ്യങ്ങളുടെ മൃദുസ്പര്‍ശമായി എന്‍റെ ജീവനെ പുണര്‍ന്നു നില്‍ക്കുന്നു.


- s e t h u m a d h a v a n  m a c h a d

No comments:

Post a Comment