Monday, October 24, 2011

Television Documentary

ഈ ലക്കം ഡോകുമെന്‍ടറിയെ സ്പര്‍ശിച്ചു കൊണ്ടാകട്ടെ. ഡോകുമെന്‍ടറി എന്നാല്‍ രേഖ. രേഖകള്‍ ആധികാരികവും വസ്തുതാ പരവുമാകണം. ഏതു വിഷയവും ഡോകുമെന്ററിയില്‍ സ്വീകരിക്കാം. ചരിത്രപുരുഷന്മാര്‍, കവികള്‍, വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍,കലാകാരന്മാര്‍, ആരുമാകാം. സാമൂഹ്യ -രാഷ്ട്രീയ ചരിത്രം, സമകാലിക വിഷയങ്ങള്‍ , കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ജീവി വര്‍ഗം, അലങ്കാരസസ്യ കൃഷി , കടല്‍, ഉദ്യാനം, കായികം, ഗണിതം, എന്ന് വേണ്ടാ എന്തും ഏതും ഡോകുമെന്ററിക്ക് വിഷയമാകാം. പക്ഷെ സംവിധാനം ചെയ്യുന്ന രൂപ മാതൃകയ്ക്ക് ആധികാരികത നിര്‍ബ്ബന്ധം. ഇന്ന രീതിയില്‍ വേണമെന്നൊരു നിബന്ധനയൊന്നുമില്ല. പരീക്ഷണങ്ങള്‍ ആകാം. കണ്ടല്‍ക്കാടുകളെ ന്യായീകരിച്ചും കണ്ടല്‍ പാര്‍ക്കിനെ പ്രതിരോധിച്ചും ചിത്രമെടുക്കാം. സ്വവര്‍ഗ രതിയെപ്പറ്റി വിശകലനം നടത്താം. പക്ഷം ചേരരുതെന്ന് മാത്രം. എല്ലാം കാണുന്ന കണ്ണാണ് ക്യാമറ. ദൃശ്യങ്ങള്‍ സ്വയം സംസാരിക്കട്ടെ. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കം. പക്ഷെ സമനില പാലിക്കണം. symmetry അഥവാ സമമിതി എല്ലാ കലാരൂപങ്ങള്‍ക്കുള്ളത് പോലെ ടെലിവിഷന്‍ ചിത്രങ്ങള്‍ക്കും അനിവാര്യമാണ്. ആദിമധ്യാന്തം എന്ന് പറയാറില്ലേ. അത് തന്നെ. എന്നാല്‍ എല്ലാ അലിഖിത നിയമങ്ങള്‍ക്കുമപ്പുറം രൂപഘടന പൊളിച്ചെഴുതാനും ഡോകുമെന്ററി സംവിധായകന് സ്വാതന്ത്ര്യമുണ്ട്.

ദൃശ്യഭാഷ അനന്ത സാധ്യതകളുള്ള ഒന്നാണ്. അത് പരമാവധി ഉപയോഗിക്കാന്‍ കണ്ടറിവും കേട്ടറിവും, ശരിയായ ദിശാബോധവും ആവശ്യമാണ്‌. വര്‍ത്തമാന ജീവിതാവസ്ഥകളും സമകാലിക സമൂഹത്തിന്റെ ജീവനും തുടിപ്പും നേര്‍ക്കാഴ്ചയായി അവതരിപ്പിക്കാനുള്ള ആര്‍ജവം സ്വായത്തമാക്കണം. ഒരു പത്ര പ്രവര്‍ത്തകന്‍റെ പ്രതിബദ്ധതയും നിരീക്ഷണ പാടവവും ഡോകുമെന്ററി സംവിധായകനും അനിവാര്യമാണ്. ഉദാഹരണത്തിന് 'കൊടുങ്ങല്ലൂര്‍ ഭരണി' യെ മുന്‍നിറുത്തി ഒരു ലഘുചിത്രമെടുക്കുന്നു എന്നിരിക്കട്ടെ. ദൃശ്യങ്ങള്‍ സ്വയം സംവദിച്ചു കൊള്ളും. അതിശയോക്തികള്‍ എഴുതിച്ചേര്‍ക്കുന്നത് ഒരു വിഭാഗത്തെ രസിപ്പിക്കുമെങ്കിലും സത്യത്തില്‍ നിന്നും നാം അകന്നു പോവുക തന്നെ ചെയ്യും. ചരിത്രത്തെ അപഗ്രഥിക്കാന്‍ സംവിധായകന്‍ സ്വയം ഒരുമ്പെടരുത്, മറിച്ച് ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. ശിലായുഗ സംസ്കാരത്തെ ഡോകുമെന്ററി ചെയ്യുമ്പോള്‍ ചരിത്രം നീതിബോധത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാജാ രവിവര്‍മയുടെ ചിത്രകല ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ആധുനിക ചിത്രകലയുടെ വേരുകള്‍ അന്വേഷിക്കാനുള്ള സ്വാഭാവിക പ്രേരണ ഉണ്ടാകുമെന്ന് പ്രേക്ഷകന്‍ പ്രതീക്ഷിക്കും. ചുമര്‍ചിത്രകലയെ പകര്‍ത്തുമ്പോള്‍ ,അജന്ത കാലഘട്ടം അറിയാനുള്ള വ്യഗ്രത മറച്ചു വെക്കാനാവില്ല. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ടെലിവിഷന്‍ ചിത്രമാകുമ്പോള്‍ ദാക്ഷിണാത്യവും ഔത്തരാഹവുമായ സംഗീത ശാസ്ത്രത്തില്‍ ,സംഗീത വിദ്യാര്‍ഥികള്‍ക്ക് താല്പര്യം ജനിക്കും. മല്ലിക സാരാഭായ് ചുവടുകള്‍ വെച്ച് നൃത്തമാടുമ്പോള്‍ ക്ലാസിക്കല്‍ നൃത്തകലയെ മനസ്സിലാക്കാന്‍ പ്രേക്ഷകനില്‍ മോഹമുദിക്കും. കലാമണ്ഡലം ഗോപിയെ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ,നവരസവും കഥകളി മുദ്രകളും അറിയാന്‍ ആര്‍ക്കും തല്പ്പര്യമുണ്ടാവും. ഡോകുമെന്ററി സംവിധായകന്‍ ദൃശ്യ- ശ്രാവ്യങ്ങളില്‍ മാത്രമല്ല ,തിരക്കഥാ രചനയിലും പാടവം നേടുന്നത് നല്ലതാണ്‌.
ഫീച്ചര്‍ ചിത്രങ്ങളെപ്പോലെ ഡോകുമെന്ററി ചിത്രങ്ങളും ഗൌരവത്തോടെ കാണുന്ന പ്രബുദ്ധമായ ഒരു പ്രേക്ഷക സമൂഹം ഇന്ന് നിലവിലുണ്ട്. നമ്മുടെ ചലച്ചിത്ര സംസ്കാരം ഏറെ പക്വമായിരിക്കുന്നു. ഫിലിം ഡിവിഷന്‍ നിര്‍മിച്ചിരുന്ന വാര്‍ത്താചിത്രങ്ങളായിരുന്നു ഒരു കാലത്ത് നമ്മുടെ മാതൃക. അതില്‍ ത്തന്നെ ഉത്തരേന്ത്യന്‍ കവികളെപ്പറ്റിയും ,നര്‍ത്തകര്‍ ,ഗായകര്‍ ,നടന്‍മാര്‍ എന്നിവരെക്കുറിച്ചെല്ലാം മികവുറ്റ ലഘു ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഡോകുമെന്ററി ചിത്രങ്ങള്‍ക്ക് ഇത്ര വലുപ്പം എന്ന് പ്രത്യേകിച്ചൊരു നിബന്ധനയൊന്നുമില്ല. രണ്ടും മൂന്നും മിനിട്ട് മുതല്‍ ഒന്നും രണ്ടും മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളുണ്ട്. ബാലവേലയെപ്പറ്റി ഒരു മണിക്കൂര്‍ നീളമുളള ഒന്നാന്തരമൊരു ഫിലിം - കുട്ടി ജപ്പാനിന്‍ കുളന്തൈകള്‍- നിലവിലുണ്ട്. പൊതുവേ പറഞ്ഞാല്‍ 15 -20 മിനിട്ടാണ് ഡോകുമെന്ററി ചിത്രത്തിന് അനുയോജ്യം എന്നാണു എന്‍റെ അനുഭവം. നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറുന്ന ഫീച്ചര്‍ ചലച്ചിത്രങ്ങളുടെ സ്വഭാവമല്ലല്ലോ ഡോകുമെന്ററി പൊതുവേ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അത്തരം വിഷയങ്ങളും അന്വേഷണാത്മക ചിത്രങ്ങളുടെ ഇതിവൃത്തമാകാറുണ്ട്.

നാഷണല്‍ ജോഗ്രാഫി, അനിമല്‍ പ്ലാനെറ്റ് പോലുള്ള അന്താരാഷ്ട്ര ചാനലുകള്‍ ഡോകുമെന്ററി നിര്‍മാണത്തിന് വര്‍ഷങ്ങള്‍ സമയമെടുക്കാറുണ്ട്‌. പ്രത്യേകിച്ച് സസ്യലതാദികളും പക്ഷി മൃഗാദികളും വന്യജീവി വര്‍ഗങ്ങളും ചിത്രീകരിക്കപ്പെടുമ്പോള്‍ .നീണ്ട ക്ഷമയും ,സഹന ശേഷിയും ,അര്‍പണ ബോധവും കൈമുതലുള്ള മികച്ച സംവിധായകരാണ് അവിടെ ഡോകുമെന്‍ടറി നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നത്. ആദ്യമേ വ്യക്തമാക്കട്ടെ , ഡോകുമെന്ററി ചിത്രീകരിക്കുന്നത് അവാര്‍ഡിന് അയക്കാനുള്ളതല്ല. പുരസ്കാരങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് ഒരിക്കലും ഒരു ചിത്രമെടുക്കാന്‍ പുറപ്പെടരുത്. തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയും ,പക്വതയും സംവിധായകന് അനുപേക്ഷണീയം. ഡോകുമെന്ററികള്‍ വൈവിധ്യമാര്‍ന്ന ഒരു ദൃശ്യപ്രപഞ്ചമാണ്‌. ഫേസ് ബുക്കില്‍ പലപ്പോഴും 'ഡോകുമെന്ററി ഫെസ്റ്റിവല്‍' ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്തൊരു വൈവിധ്യവും വൈചിത്ര്യവുമാണെന്നോ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്ക്‌. ആരും കടന്നുചെല്ലാന്‍ ഇടയില്ലാത്ത എത്രയോ മേഘലകള്‍ നമുക്ക് ചുറ്റു മുണ്ടെന്നോ. ചേരികളിലെ ജീവിതം, ആദിവാസികളുടെ ലോകം, നാട്ടിടവഴികള്‍, പൂമ്പാറ്റകളുടെ ജീവിത ചക്രം ,കുട്ടനാടന്‍ കാര്‍ഷിക മേഘല, പൊക്കാളി കൃഷി , വരയാടുകളുടെ ,കശാപ്പുശാലകളുടെ, ബീഡി ത്തൊഴിലാളികളുടെ ,പുല്‍മേടുകളുടെ ,ഗുഹാചിത്രങ്ങളുടെ , ഗോത്രവര്‍ഗക്കാരുടെ ,പുറം പോക്കുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ, ഇങ്ങനെ എത്രയോ വിഷയങ്ങള്‍ പല പല വീക്ഷണ കോണുകളില്‍ നിന്ന് നമുക്ക് പരീക്ഷിക്കാവുന്നതാണ്.

ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്ന ലഘുചിത്രം കേരളത്തിലെ പോര്‍ച്ചുഗീസ് ചരിത്രമാണ്. കൊച്ചിയില്‍ വരാപ്പുഴ തുരുത്തിലെ പോര്‍ച്ചുഗീസ് അവശേഷിപ്പുകള്‍ അന്വേഷിക്കുന്ന ഒരു ഡോകുമെന്ററി. ഇതില്‍ ഞാന്‍ കമന്ററി ( ദൃശ്യ വിവരണം) ചേര്‍ത്തിട്ടില്ല. പശ്ചാത്തല സംഗീതം ഒഴിവാക്കി. നിങ്ങള്‍ ഒരു അഭിമുഖം കാണുന്നു. അത്രമാത്രം.പക്ഷെ കണ്ടു കഴിയുമ്പോള്‍ കേരളത്തിലെ ആംഗ്ലോ -ഇന്ത്യന്‍ ജീവിതത്തിന്റെ ഒരു ഏകദേശ രൂപം നിങ്ങള്‍ക്കു ലഭിക്കും. ഡോകുമെന്ററി നിര്‍മാണത്തിന്റെ ഒരു മാതൃക. ഇതര രൂപങ്ങളും മാതൃകയും നമുക്ക് പിന്നീടൊരിക്കല്‍ പരിചയപ്പെടാം.

I
സേതുമാധവന്‍ മച്ചാട് 

No comments:

Post a Comment