Monday, October 24, 2011

news new's


പോയ വര്‍ഷത്തിലെ വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു വാര്‍ഷികാവലോകനം എല്ലാ വാര്‍ത്താ മാധ്യമങ്ങളും മത്സരബുദ്ധിയോടെ തയ്യാറാക്കാറുണ്ട്. ദൂരദര്‍ശനും കഴിഞ്ഞ 25 വര്‍ഷമായി ആനുകാലിക ചരിത്രത്തെ മുന്‍നിറുത്തി പ്രാദേശികവും ദേശീയവും ആഗോള തലതിലുമുളള വാര്‍ത്തകളെ ആധാരമാക്കി ഈ വര്‍ഷാന്ത അവലോകനം പതിവായി നടത്താറുണ്ട്‌. ഡിസംബര്‍ 31 വൈകുന്നേരം വരെയുമുള്ള സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആവുന്നതും ശ്രമിക്കുമെന്നത് ഇതിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.
ദൃശ്യത്തിന്‍റെ ഈ ലക്കം വാര്‍ത്തയുടെ ഭാഷയെ പരിചയപ്പെടുത്തുന്നു. നമുക്കറിയാം, വാര്‍ത്താ പ്രക്ഷേപണം ( റേഡിയോ) അഥവാ വാര്‍ത്താ സംപ്രേഷണം ( ടെലിവിഷന്‍ ) ദശ ലക്ഷക്കണക്കിനാളുകള്‍ കേള്‍ക്കുകയും കാണുകയും ചെയ്യും. അവരില്‍ സാക്ഷരരും നിരക്ഷരരും ഉണ്ടായിരിക്കും. വിജ്ഞാനം വിളമ്പുന്നതും ,ശ്രോതാക്കളെ / പ്രേക്ഷകരെ പഠി പ്പിക്കുന്നതും മാധ്യമ ദൌത്യമല്ല. എല്ലാവരെയും ഒരു പോലെ കാണുകയും , തൃപ്തികരമായ രീതിയില്‍ സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുക എന്നതാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. തൊട്ടു മുന്നിലിരിക്കുന്ന ഒരാളോട് കാര്യം പറയുന്നതുപോലെ എഴുതുക എന്നതാണ് ആശയ സംവേദനത്തിനുള്ള എളുപ്പവഴി. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സംസാരഭാഷ. വാര്‍ത്ത എഴുതാന്‍ ഇത് മതി. നാം അറിഞ്ഞ സംഭവത്തെപ്പറ്റി മറ്റൊരാളോട് പറയുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയാണ്‌ ടെലിവിഷന്‍ വാര്‍ത്തകള്‍ക്ക് ചേരുന്ന ഭാഷ. സാഹിത്യ നൈപുണ്യമോ, ഭാഷാ വ്യുത്പത്തിയോ പദസ്വാധീനമോ ഒന്നും വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ആവശ്യമില്ല.
ഒരു പ്രാവശ്യം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകുന്ന മട്ടിലായിരിക്കണം വാചകങ്ങള്‍. നീണ്ട വാക്യങ്ങളും , സാധാരണ ഉപയോഗത്തിലില്ലാത്ത വാക്കുകളും തീരെ വേണ്ട. വ്യക്തമായ , കൃത്യതയുള്ള ആധികാരികതയുള്ള ലാളിത്യമുള്ള ചെറിയ വാചകങ്ങളാണ് അഭികാമ്യം. നേരെ ചൊവ്വേ കാര്യം പറയുന്ന രീതിയും വേണം. ക്ലിഷ്ടത തീരെ ഉണ്ടാകരുത്. നീണ്ട വാചകങ്ങള്‍ വിരസതയുണ്ടാക്കുന്നതൊപ്പം , അവസാനമെത്തുമ്പോള്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ മറന്നു പോകാനും ഇടയാക്കും. ഒരു പാട് കാര്യങ്ങള്‍ കുറച്ചു വാക്കുകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയണം. പത്രത്തിന് സ്ഥലം പോലെയാണ് ടെലിവിഷനില്‍ സമയം. പത്രത്തിന്‍റെ സ്ഥലം കൂട്ടാനാവും. ടെലിവിഷനില്‍ സമയം കൂട്ടാനാവില്ല. 24 മണിക്കൂറിനെ നീട്ടാന്‍ ആര്‍ക്കു കഴിയും? കൃത്യമായി തയ്യാറാക്കപ്പെടുന്ന പ്രോഗ്രാം ഷെഡ്യൂള്‍ തെറ്റിക്കുന്നത് നല്ല രീതിയല്ല. വാര്‍ത്തകള്‍ക്ക് അനുവദിച്ച സമയത്തിനുള്ളില്‍ പരമാവധി വാര്‍ത്തകള്‍ നല്‍കുക - ഇതാണ് ശരിയായ രീതി.
പത്രത്തില്‍ കൊടുക്കുന്നതിനേക്കാള്‍ വളരെ ചുരുക്കിയാണ് ടി.വി യില്‍ വാര്‍ത്തകള്‍ എഴുതാറ്. 250 വാക്കുകള്‍ ഉപയോഗിച്ച് പത്രത്തില്‍ വരുന്ന വാര്‍ത്ത , 25 വാക്കുപയോഗിച്ച് പറയുക. ഈ വാക്കുകള്‍ കൊണ്ട് തന്മയത്വത്തോടെ വാര്‍ത്ത എഴുതാന്‍ വിദഗ്ദ്ധരായ വാര്‍ത്താ ലേഖകര്‍ക്ക് കഴിയും.
വാര്‍ത്തകള്‍ പലയിടത് നിന്നും വരുന്നു. നാടെങ്ങുമുള്ള റിപ്പോര്‍ട്ടര്‍മാരുടെ സ്ടോറികളില്‍ നിന്ന്, വാര്‍ത്താ ഏജന്‍സികളില്‍ നിന്ന് ,മറ്റു രാജ്യങ്ങളിലെ ടി. വി വാര്‍ത്തകളില്‍ നിന്ന് , ഇന്റര്‍ നെറ്റ് പോലുള്ള അത്യാധുനിക സങ്കേതങ്ങള്‍ ,പത്ര സമ്മേളനങ്ങള്‍, ഔദ്യോഗിക വാര്‍ത്ത ക്കുരിപ്പുകള്‍ , പ്രമുഖരുടെ പ്രസ്താവനയില്‍ നിന്ന് , ടെലി ഫോണ്‍ വഴി, ഫാ ക്സിലൂടെ , അങ്ങനെ നിരവധി ഉറവിടങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന്‌ വാക്കുകള്‍ ഓരോ ദിവസവും വാര്‍ത്താമുറിയിലെത്തുന്നു. ഇവയില്‍ നിന്ന് പതിനഞ്ചോ ഇരുപതോ നിമിഷം ശ്രോതാക്കളെ/ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച വാര്‍ത്താ ബുള്ളറ്റിന്‍ ഉണ്ടാക്കിയെടുക്കുക എന്ന ജോലിയാണ് വാര്‍ത്താ ലേഖകര്‍ നിര്‍വഹിക്കുന്നത്.

ടി.വി .വാര്‍ത്തയുടെ ഭാഷ കേള്‍ക്കാനുള്ള ഭാഷയാണെന്ന് പറഞ്ഞല്ലോ. ഓരോ വാക്കും വരിയും ഉറക്കെ പറഞ്ഞു കൊണ്ടെഴുതുക .കേള്‍ക്കാന്‍ സുഖമുള്ളതല്ലെങ്കില്‍ തനിയെ മാറ്റിയെഴുതാന്‍ ഇത് സഹായകമാകും. വാചകങ്ങള്‍ക്ക് ശരിയായ ഘടന നല്‍കാനും , നാവു പിണക്കുന്ന വാക്കുകള്‍ ഒഴിവാക്കാനുമാകും. സാധാരണയായി നാം സംസാരിക്കുന്ന ഭാഷയാണ്‌ ടെലിവിഷനില്‍ വാര്‍ത്തക്ക് നല്ലത്. " സമ്മേളനം സമാരംഭിച്ചു " എന്നതിന് പകരം ' സമ്മേളനം തുടങ്ങി' എന്ന് കേള്‍ക്കുന്നതല്ലേ സുഖം? . വര്‍ഷകാലം ആഗതമായി എന്നതിനേക്കാള്‍ ' മഴക്കാലമെത്തി' എന്ന് പറയുന്നതാണ് ഭേദം. എത്ര പ്രയാസമേറിയ കാര്യവും ലളിതമായി പറയാന്‍ കഴിയണം. ഔദ്യോഗിക ഭാഷയും വേണ്ട. കേള്‍ക്കുന്നവരുടെ മനസ്സില്‍ വാര്‍ത്തയെക്കുറിച്ച് , ആ സംഭവത്തെക്കുറിച്ച് ദൃശ്യബിംബങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന തരത്തിലാകണം വാക്കുകള്‍ ഉപയോഗിക്കുന്നത്.
സേതുമാധവന്‍ മച്ചാട്

No comments:

Post a Comment