Sunday, October 23, 2011

Pranayam


ഹൃദയത്തിനും ഒരു ദിവസമുണ്ടല്ലോ.

ബ്ലസ്സിയുടെ 'പ്രണയം' ഹൃദയത്തില്‍ എങ്ങനെ സ്പന്ദിക്കുമെന്നറിയാന്‍ കൌതുകം തോന്നി.
'കാഴ്ച' ക്ക് ശേഷമുള്ള ചിത്രങ്ങള്‍ ഒട്ടും ഇഷ്ടപ്പെടാതിരുന്നിട്ടും
മുന്‍വിധിയേതുമില്ലാതെ നിശബ്ദം, എന്നാല്‍ ഉള്ളില്‍ ഇരമ്പിയാര്‍ക്കുന്ന പാരമ്യത്തോടെ 'പ്രണയം' ഹൃദയത്തില്‍ വന്നുതൊട്ടു. ഇപ്പോഴാണ് ചലച്ചിത്രത്തിന്‍റെ വ്യാകരണം ബ്ലസ്സിയെ തേടിയെത്തിയത്. വര്‍ത്തമാനവും 'പോയകാലവും'(ഫ്ലാഷ്ബാക്ക് ) കാവ്യാത്മകമായി മിശ്രണം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നാം കഥയിലും നോവലിലും കണ്ടറിഞ്ഞ അതേ ജീവിതം.
നമുക്ക് നല്ല പരിചയമുള്ള കഥാപാത്രങ്ങള്‍. എവിടെയോ കണ്ടുമറന്ന...രാവും പകലും വെയിലും നിലാവും, പ്രണയംപോലെ അലിഞ്ഞില്ലാതാവുന്ന അനുഭവം.
വെളുപ്പും കറുപ്പും ചേര്‍ന്ന സൌമ്യവര്‍ണങ്ങളില്‍, കഴിഞ്ഞകാലം
വിമ്മിവിതുമ്പുന്ന, എവിടെയോ എന്നോ കേട്ടുമറന്ന ഗാനംപോലെ...
ആദ്യപകുതിയുടെ നാടകീയതയില്‍ അകൃത്രിമാമായൊരു ഇഴച്ചിലനുഭവപ്പെടുന്നുവെങ്കിലും കഥ തീരുന്നതോടെ നമ്മുടെ
ഉള്ളിന്‍റെയുള്ളിലെ സ്പര്‍ശിനിയിലെവിടെയോ അണയാത്ത കാറ്റിന്‍റെ തിരമാല.....
ദൃശ്യഭാഷയുടെ മൌനവും നോവും മുന്‍ചിത്രങ്ങളിലും ഈ സംവിധായകന്‍ പരീക്ഷിച്ചിട്ടുണ്ട്. രോഗവും ഏകാന്തതയും വിരഹവും മനുഷ്യസങ്കടങ്ങളും ബ്ലസ്സി പണ്ടേ സ്പര്‍ശിച്ചു. തിരക്കഥയും കാഴ്ചയും ശബ്ദവും അഭിനയവും
സംഗീതവും മൌനവും ഒരേ അനുപാതത്തില്‍ ചെന്നുചേരുന്ന കലയുടെ രസതന്ത്രം 'പ്രണയത്തിലാണ്' ബ്ലസ്സി സാക്ഷാത്കരിക്കുന്നത്. രണ്ടു പുരുഷന്‍മാര്‍. ഒരു സ്ത്രീ. ജീവിച്ച വഴിയിലെവിടെയോ വേര്‍പിരിഞ്ഞ പുരുഷന്‍. താന്‍ പ്രണയിച്ച, തന്നെ പ്രണയിച്ച ഒരു ഹൃദയവും രണ്ടു ശരീരവുമായി ഒപ്പംകഴിഞ്ഞ ഒരാള്‍.
പിന്നീട് കാലത്തിന്‍റെ ഗതിയില്‍ തന്നെ ജീവിതത്തിലേക്ക് മടക്കിവിളിച്ച മറ്റൊരാള്‍. പ്രണയിച്ചുതീരാത്ത ജന്മങ്ങള്‍. വീട്, കുട്ടികള്‍...

അങ്ങനെ ഓര്‍മയും മറവിയുമായി കാലം പിന്നെയും...
ജീവിതത്തിന്‍റെ പതിറ്റടിനേരം. സായംസന്ധ്യയില്‍ വേര്‍പെട്ട കാലം അവളെ പിന്‍വിളിച്ചു. എന്തിന്? എന്തിന് ?
അറിഞ്ഞുകൂടാ. അറിയാം, എന്നാല്‍ അറിഞ്ഞുകൂടാ. മനുഷ്യജന്മത്തിന്‍റെ അദൃശ്യമായ വിരല്‍ ഈ കഥാപാത്രങ്ങള്‍ക്കൊപ്പം നിഴല്‍പോലെ നടക്കുന്നത് ഇരുണ്ട നിശബ്ദതയിലും നമ്മള്‍ തിരിച്ചറിയുന്നു. അവളുടെ ഉള്ളില്‍ ഒരു ജന്മം മുഴുവനും
നീറിക്കിടന്ന കനല്‍... ജയപ്രദ, നീലാഞ്ജനം പോലെ കണ്ണിലെഴുതിയ നേര്‍ത്ത ഭാവങ്ങള്‍ നമ്മുടെ അന്തരംഗങ്ങളില്‍ ത്രസിക്കുന്നു. 'അനുപം ഖേര്‍' ചടുലമായ ചലനങ്ങളില്‍, അതിവൈകാരിക മുഹൂര്‍ത്തങ്ങളെ എത്ര സ്വാഭാവികമായാണ്
നിവേദിക്കുന്നത്. അവര്‍ക്കിടയില്‍ അനുപമ നടനം നിര്‍വഹിക്കുന്ന 'മോഹന്‍ലാല്‍' ചിലപ്പോഴെങ്കിലും രക്ഷപ്പെടുന്നത് തത്വചിന്താപരമായ സംഭാഷണങ്ങളുടെ നൈസര്‍ഗിക താളംകൊണ്ടു മാത്രമാണ്.

പ്രണയം, തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ സിനിമ തന്നെ. രണ്ടുതവണ ഹൃദയാഘാതം വന്ന, ഒരു മുന്നറിയിപ്പുമില്ലാതെ മരണത്തിന്‍റെ വരവും കാത്തരിക്കുന്ന രണ്ടു പുരുഷന്മാര്‍.

അവരെ ഒറ്റയ്ക്ക് വിട്ട് അവള്‍ പോയി. നമ്മള്‍ അവളോടൊത്ത് ജീവിതം നുകര്‍ന്ന രണ്ടു പുരുഷന്മാരെ മാത്രമേ കണ്ടുള്ളൂ. അവരുടെ ഹൃദയതാളവും, താളക്കേടും മാത്രമേ കാതോര്‍ത്തുള്ളൂ. അവളനുഭവിച്ച വേദന നമ്മള്‍ ഒരിക്കലും കണ്ടില്ല.
അത് കാണാന്‍ പുരുഷകേന്ദ്രിതമായ ഈ ലോകത്തിനു കഴിയില്ല. അതുകൊണ്ടാണ് കാഴ്ചയുടെയും,
കാഴ്ചക്കാരന്‍റെയും നിഗമനങ്ങള്‍ തകിടംമറിച്ചുകൊണ്ട് അവള്‍ പോകുന്നത് ബ്ലസ്സിയിലെ സംവിധായകന്‍ നിസ്സഹായതയോടെ നോക്കി നിന്നത്. അവളുടെ ഹൃദയത്തിലെ പൊള്ളുന്ന പ്രണയം, കൊടുങ്കാറ്റുപോലെ അവളെ തൊട്ടുതലോടിയ ന്യൂനമര്‍ദ്ദം തന്‍റെ സ്പന്ദമാപിനിയില്‍ ഉള്‍ക്കൊള്ളാന്‍ സംവിധായകന് കഴിഞ്ഞു. കടംകഥ
പോലെ ഒരു ജിവിതം. അത് പ്രണയം പോലെ ആവിര്‍ഭവിച്ചു. പ്രണയം പോലെ തിരോഭവിക്കുകയും ചെയ്തു.
-s e t h u m a d h v a n  m a c h a d 

No comments:

Post a Comment