Monday, October 24, 2011

Ethos of past - travel with travancore hsitory



1

ചരിത്രം അതിന്‍റെ ഇരുള്‍മൂടിയ ഗുഹാന്തര്‍ഭാഗത്തു ‌നിന്ന് നിധിയായി ഉയര്‍ന്നുവരുന്ന കാലം, സത്യാന്വേഷകരില്‍ വിസ്മയമുണര്‍ത്തും.നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ പോയകാലത്തിന്‍റെ താളുകളിലൂടെ സഞ്ചരിക്കണം. അദ്ഭുതത്തിന്‍റെ നിധികളാണ് ചരിത്രംപിന്നിട്ട നാള്‍വഴികള്‍. തിരുവനന്തപുരത്തിന് ആയിരം വര്‍ഷത്തിന്‍റെ പാരമ്പര്യമുണ്ടെന്ന് എത്ര പേര്‍ക്കറിയാം? സംഘകാലത്തെ ആള്‍വാര്‍മാര്‍ ഈ നഗരിയെ കീര്‍ത്തിച്ചു പാടിയിട്ടുണ്ട്. പ്രാചീന നഗരമായ അനന്തപുരി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പട്ടണങ്ങളെക്കാള്‍ എത്രയോ പഴക്കമേറിയതാണ്. കൊല്‍ക്കത്തയ്ക്ക് 310 കൊല്ലത്തെ ചരിത്രമേയുള്ളൂ. ചാനര്‍ക്ക് എന്ന ഇംഗ്ലീഷ് വ്യാപാരി ബംഗാള്‍ നവാബില്‍നിന്ന് ഏതാനും ഗ്രാമങ്ങള്‍ വിലക്കുവാങ്ങി 1690 ലാണ് കച്ചവടം തുടങ്ങിയത്. 1668 ലാണ് ചാള്‍സ് രണ്ടാമന്‍ മീന്‍പിടുത്തക്കാരുടെ ഗ്രാമമായിരുന്ന മുംബായിയെ പത്തുപവന്‍ പാട്ടത്തിന് ഈസ്റ്റ്‌- ഇന്ത്യ കമ്പനിയെ ഏല്പിച്ചത്. ഫ്രാന്‍സിസ് ഡേ എന്ന ഇംഗ്ലീഷ് വ്യാപാരി മദിരാശി കടലോരത്ത് കച്ചവടം തുടങ്ങിയത് 1639 ലും. ശ്രീ.സി.എസ് ശ്രീനിവാസാചാരി എന്ന പ്രശസ്തനായ ചരിത്രകരനാണ് ചെന്നൈ പട്ടണത്തിന്‍റെ ഇതിഹാസമെഴുതിയത്. കൊല്‍ക്കത്തയുടെ ചരിത്രം രേഖപ്പെടുത്തിയതാകട്ടെ മലയാളിയായ ശ്രീ പി ടി നായരും.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'സ്യാനന്ദൂരപുരാണം' ആയിരംവര്‍ഷം പിന്നിട്ട തിരുവനന്തപുരത്തിന്‍റെ കഥ പറയുന്നു. സംഘകാലകൃതികളില്‍ വിവരിക്കുന്ന സമ്പന്ന ചരിത്രങ്ങള്‍ക്ക്‌ വിശദമായ വ്യാഖ്യാനം രൂപപ്പെടാന്‍ പിന്നെയും കാലമെടുത്തു. മതിലകം ഗ്രന്ഥവരിയും സംഘസാഹിത്യവും പാടിപ്പുകഴ്ത്തിയ അനന്തപുരചരിത്രം നമ്മില്‍ അദ്ഭുതാദരമുണര്‍ത്തും. ഡോ എ ജി മേനോന്‍, ശ്രീ നരസിംഹന്‍ തമ്പി, ശൂരനാട്ട് കുഞ്ഞന്‍പിള്ള, പ്രിന്‍സെസ്സ് ഗൌരിലക്ഷ്മി ഭായ് എന്നിവരും ആദരണീയനായ ശ്രീ പട്ടം ജി രാമചന്ദ്രന്‍ നായരും തിരുവനന്തപുരത്തിന്‍റെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തി. അതില്‍ ഭാവനയും അത്യുക്തികളും ഉണ്ടാവാം. ദേശചരിത്രം കാലത്തെ അടയാളപ്പെടുത്തുന്നത് ഗവേഷണവും ഭാവനയും രസാവഹമായി കലര്‍ത്തിയാണല്ലോ.

തിരുവനന്തപുരം നീണ്ടകാലം ഐശ്വര്യപൂര്‍ണമായ ഒരു രാജധാനിയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. രാജധാനി എന്നുമാത്രമല്ല, നളന്ദ - തക്ഷശില മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാഠശാല ഇവിടെ നിലനിന്നിരുന്നു. മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെപ്പോലെ വ്യാപാരികളുടെയും സാര്‍ഥവാഹകരുടെയും വര്‍ത്തക പ്രമാണികളുടെയും പട്ടണമായിരുന്നില്ല. കാന്തളൂര്‍ശാല എന്ന വേദപഠന കേന്ദ്രം ഈ നഗരിയെ സമുന്നതമായ സാംസ്കാരിക തീര്‍ഥാടന കേന്ദ്രമാക്കി. കലോപാസകന്‍മാരും പ്രജാ വത്സലന്‍മാരുമായ അനേകം രാജാക്കന്മാര്‍ അര്‍പണബുദ്ധിയോടെ നിര്‍മിച്ച മനോഹരസൌധങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഈ നഗരി സംഗീതസാഹിത്യങ്ങളുടെ തീര്‍ഥഘട്ടമായി പരിലസിച്ചു. ജയ്പൂര്‍, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ രമ്യഹര്‍മ്യങ്ങളെ അപേക്ഷിച്ച് ലളിതവും, അനാര്‍ഭാടവുമായിരുന്നു തിരുവിതാംകൂറിലെ മണിമന്ദിരങ്ങള്‍.

തിരുവനനതപുരം കോട്ടക്കകത്തെ കുതിരമാളികയും രംഗവിലാസം, കൃഷ്ണവിലാസം, അനന്തവിലാസം എന്നീ മാളികകള്‍ അതിന്‍റെ നിര്‍മിതിയിലെ ലാളിത്യം കൊണ്ടും ശില്പ വിധാനത്തിലെ പ്രൌഡി കൊണ്ടും ഇന്നും മനോഹരമായി നില്‍ക്കുന്നു. പില്‍ക്കാലത്ത്‌ ആംഗലേയ കവി കോള്‍റിജ് എഴുതിയ 'കുബ്ലാഖാന്‍' എന്ന കാവ്യത്തിലൂടെ ഈ നഗരിയിലെ മോഹനസൌധങ്ങളുടെ കഥ നമ്മള്‍ വായിച്ചറിഞ്ഞു. വീതിയേറിയ വരാന്തകളും പൊക്കമുള്ള മേല്‍ക്കൂരകളും രാജമന്ദിരങ്ങളെ കൊളോണിയല്‍ പ്രൌഡിയോടെ
നിലനിര്‍ത്തി.

മദിരാശിയില്‍നിന്നു വന്ന ചെഷോംഎന്ന വാസ്തുശില്പിയാണ് മനോഹരമായ തിരുവനന്തപുരം മ്യൂസിയം രൂപകല്‍പന ചെയ്തത്. രാജവീഥിയുടെ കാഴ്ചക്ക് സൌമ്യമായ സൌന്ദര്യം നല്‍കുന്ന ആ സൌധം ദക്ഷിണേന്ത്യയിലെത്തന്നെ മികവാര്‍ന്ന ശില്പമാണ്. 1860 ല്‍ ആയില്യംതിരുനാളാണ് ഇന്നത്തെ സെക്രട്ടേറിയറ്റിനു ഉചിതസ്ഥാനം നിര്‍ണയിച്ച്പാശ്ചാത്യമായ റൊമാനോ-ഡച്ച് ശില്പ തന്ത്രത്തെ ആധാരമാക്കി വിശാലമായ മന്ദിരം പണിതീര്‍ത്തത്. തിരുവിതാംകൂറിലെ ചീഫ് എഞ്ചിനീയറായിരുന്ന W .C .ബാര്‍ട്ടന്‍ ആണ് സെക്രട്ടെരിയറ്റ് മന്ദിരത്തിന്‍റെ ശില്പി. രാജവീഥിയുടെ സൌന്ദര്യത്തിനു മാറ്റ്കൂട്ടിയ യൂണിവേര്‍സിറ്റി കോളേജുമന്ദിരം രൂപകല്പന ചെയ്തത് ശ്രീ എ എച്ച് ജേക്കബ് എന്ന ശില്പിയാണ്. മലയാളത്തിലെ കവികള്‍ വാഴ്ത്തിയ ചാരുതര ഹര്‍മ്യങ്ങളും ചന്ദ്രശാലകളും ആയില്യംതിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീമൂലം തിരുനാള്‍ എന്നീ സഹൃദയ കലാരസികരായ ഭരണാധികാരികളുടെ കാലം അടയാളപ്പെടുത്തിയ മായാത്ത മുദ്രകളാണ്. സ്വാതിതിരുനാളിന്‍റെ കാലം, സംഗീതവും സാഹിത്യവും ചിറകടിച്ച അപൂര്‍വ വേളകളായിരുന്നു. ചരിത്രം ഈ നഗരിയെ സംസ്കൃതിയുടെ അനന്തസ്ഥലിയാക്കി നിറുത്തി. മഹിതവും പുഷ്കലവുമായ ഒരു കാലം ഇവിടെ യോഗനിദ്രയിലെന്ന പോലെ പള്ളിയുറങ്ങുന്നു.

കാലം കൊത്തിവെച്ച മുദ്രകളും, ചിലപ്പോഴൊക്കെ തമസ്കരിച്ച സത്യങ്ങളും നമുക്ക് വായിച്ചറിയാം. ആയിരം വര്‍ഷത്തിന്‍റെ കഥ പറയുന്ന അനന്തപുരി, ആയിരം നാവുള്ള അനന്തന്‍റെ ശയ്യയില്‍ മന്ദസ്മിതം കൊള്ളുന്ന പെരുമാളിന്‍റെ കഥ കൂടിയാണല്ലോ. .

2

പ്രാചീന കേരളചരിത്ര രചന മുഖ്യമായും ഗ്രീക്ക്- റോമന്‍ ചരിത്രകാരന്മാരുടെ വിവരണങ്ങളും അശോക ചക്രവര്‍ത്തിയുടെ ലിഖിതങ്ങളുമാണ് ആധികാരിക രേഖകളായി സ്വീകരിച്ചത്. മേഗസ്തനിസ് എഴുതിയ യാത്രാവിവരണങ്ങളും സ്ട്രാബോയുടെ ഭൂമിശാസ്ത്രവും, പ്ലിനിയുടെ പ്രകൃതിചരിത്രവും കാവ്യാത്മകമായ സംഘകാല രചനകളും കേരളചരിത്രരചനക്ക് സഹായകമായി. മധുര കേന്ദ്രമാക്കി ചേര-ചോള രാജാക്കന്മാര്‍ നടത്തിയ വിദ്വല്‍ സദസ്സിനെയാണ് 'സംഘം' എന്ന് വിളിച്ചിരുന്നത്‌. ചേര ചോള പാണ്ഡ്യ രാജവംശങ്ങളില്‍ ഏറ്റവും പുരാതനം ചേരരാജവംശമായിരുന്നുവത്രേ. ചേരരാജ്യത്തി ന്‍റെ വിസ്തൃതി ഏതാണ്ട് 80 കാതം         ( 400 മൈല്‍) ആയിരുന്നു. മലകള്‍ നിറഞ്ഞ പ്രദേശമായതുകൊണ്ട് 'ചേരല്‍' എന്ന പേര് ലഭിച്ചുവെന്നും, പിന്നീടത്‌ കേരളമെന്ന് കേള്‍വിപ്പെട്ടുവെന്നും 'അകനാനൂറ്' പറയുന്നു. 'പുറനാനൂറില്‍' രാജാക്കന്മാരുടെ വിശദമായ ചരിത്രം ആഖ്യാനം ചെയ്തിട്ടുണ്ട്. ചേരവംശ- ജര്‍ക്കിടയില്‍ യോദ്ധാക്കളും ഗായകരും കവികളും ഉണ്ടായിരുന്നു. 'പെരുമാള്‍ തിരുമൊഴി' എഴുതിയ കുലശേഖര ആഴ്വാരുടെ കാലം ചരിത്രത്തിലെ സുവര്‍ണദശയായിരുന്നു. തെക്കന്‍കേരളത്തിലെ നാഞ്ചിനാട് മുതല്‍ കൊടുങ്ങല്ലൂര്‍വരെ വ്യാപിച്ചുകിടന്ന പെരുമാള്‍ ഭരണപ്രദേശത്തെ ഏറ്റവും പ്രഗദ്ഭ നായ രാജാവും അദ്ദേഹമായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പൂര്‍വികനായി അറിയപ്പെടുന്ന കുലശേഖര ആഴ്വാര്‍ പ്രസിദ്ധകൃതികളായ'മുകുന്ദമാലയുടെയും'  'സുഭദ്രാ ധനഞ്ജയ'ത്തിന്‍റെയും കര്‍ത്താവായിരുന്നു. ദക്ഷിണഭാരതത്തിലെ വൈഷ്ണവധാരക്ക് തുടക്കമിട്ടത് ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുലശേഖര ആഴ്വാര്‍ ആണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. രാമായണകഥ ആഖ്യാനംചെയ്യുന്ന ഏറ്റവും പഴയ തമിഴ്കൃതി ചേരവംശത്തിന്‍റെനിലവിളക്കായി കരുതപ്പെടുന്ന അദ്ദേഹത്തിന്‍റെ 'പെരുമാള്‍ തിരുമൊഴി' യാണ്.
വാഴപ്പള്ളി ശാസനമനുസരിച്ച്, ശങ്കരാചാര്യരുടെ സമകാലീനനായ രാജശേഖരനാണ് കുലശേഖര ആഴ്വാരുടെ അനന്തരാവകാശി. പിന്നീട് സ്ഥാണു രവി വര്‍മന്‍ അധികാരത്തിലെത്തി. തുടര്‍ന്ന് രാമവര്‍മ, ഇന്ദുക്കോതവര്‍മ, ഭാസ്കര രവിവര്‍മ തുടങ്ങിയവരും ചേരസാമ്രാജ്യം വാണു. എന്നാല്‍ രാജരാജ ചോള ന്‍റെ ഭരണകാലത്ത് വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിക്കപ്പെടുകയും നാഞ്ചിനാട്‌ ചോളസാമ്രാജ്യത്തിനു കീഴടങ്ങുകയും ചെയ്തു. ചോള രാജാക്കന്മാരുടെ അധീനതയില്‍ ചേരരാജവംശം ശിഥിലമാവുകയും അരാജകത്വം നടമാടിയ ആ കാലം നാട്ടുമാടമ്പിമാര്‍ അങ്ങിങ്ങു തലപൊക്കുകയും അവര്‍, തന്നിഷ്ടപ്രകാരം സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. ഏതായാലും ചേര-ചോള യുദ്ധം ഏറെ നാള്‍ നിലനിന്നുവെന്നാണ് ശാസനങ്ങളും ചെപ്പേടുകളും രേഖപ്പെടുത്തിയത്.

ഒന്‍പതാം നൂറ്റാണ്ടോടെയാണ്‌ മലയാളം ഒരു പ്രത്യേക ഭാഷയായി രൂപപ്പെടുന്നത്. കൊല്ലവര്‍ഷം അഞ്ചാം ശതകംവരെ പ്രാചീനഘട്ടവും, തുഞ്ചത്തെ ഴുത്തച്ച്ചന്‍റെ കാലംവരെ മധ്യകാലവും തുടര്‍ന്ന് കേരളവര്‍മയുഗം വരെ ആധുനികകാലവുമായി എണ്ണപ്പെടുന്നു. പന്ത്രണ്ടിനും പതിനഞ്ചിനുമിടക്കുള്ള കാലം മണിപ്രവാളത്തിന്‍റെ സുവര്‍ണദശയായിരുന്നു.

തിരുവനന്തപുരം രാജധാനിയാവുന്നത് കൊല്ലവര്‍ഷം 970 ലാണ്. തിരുവനന്തപുരത്തിന് വടക്ക് കൊല്ലം ആസ്ഥാനമായിരുന്ന ചെറുരാജ്യമാണ് 'വേണാട്' എന്നറിയപ്പെട്ടത്. വേണാടിന്‍റെ അതിര്‍ത്തി പലപ്പോഴും മാറിയും മറിഞ്ഞും നിലനിന്നു. അന്ന് 18 പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട സ്ഥലമായിരുന്നു 'കേരളം'.
വേണാടിന് വഞ്ചിനാടെന്നും പേരുണ്ടായിരുന്നു എന്ന് മഹാകവി ഉള്ളൂര്‍ എഴുതിയിട്ടുണ്ട്. ചേരചക്രവര്‍ത്തിമാരുടെ ബന്ധുക്കളും പ്രതിനിധികളുമായി കേരളത്തിന്‍റെ ദക്ഷിണഭാഗം പരിപാലിച്ചു പോന്നതുകൊണ്ട് തിരുവിതാംകൂര്‍ രാജവംശം തങ്ങളുടെ രാജധാനിയായ തിരുവനന്തപുരത്തിനെ 'വഞ്ചി നാടെന്നും' വിളിച്ചുപോന്നു. അങ്ങനെ തിരുവിതാംകൂറിന്‍റെ മൂലസ്ഥാനം വേണാടെന്നു കേള്‍വിപ്പെട്ടു. ആയ് വംശത്തിലെ നാടുവാഴിയെന്നാണ് വേണാടിന് അവര്‍ അര്‍ഥം കല്‍പിച്ചത്‌. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെ അവരുടെ ജീവിതസംശുദ്ധി കൊണ്ട് ' തിരുവടികള്‍' എന്നും രാജ്യത്തെ, വാനവ നാട് അഥവാ 'വേണാട്' എന്നും വിളിച്ചുപോന്നു.
വേണാട്ടു രാജക്കാന്മാര്‍ക്ക് 'കേരള വര്‍മ' എന്നും 'ചേരമാന്‍ പെരുമാള്‍' എന്നും 'സംഗ്രാമധീരന്‍' എന്നും 'മാര്‍ത്താണ്ട വര്‍മന്‍' എന്നും ബിരുദങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്‍ ശ്രീ കെ പി.പദ്മനാഭമേനോന്‍ രേഖപ്പെടുത്തുന്നു. സമ്പദ്സമൃദ്ധിയുടെ നാട് എന്ന അര്‍ഥത്തില്‍ 'ശ്രീ വാഴുംകോട്‌' അഥവാ 'തിരുവിതാംകോട് ' എന്നും കാലാന്തരത്തില്‍ 'തിരുവിതാംകൂര്‍' എന്നും ഈ നാടിനെ വിളിച്ചുപോന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അന്ന് വേണാടിന്‍റെ ആസ്ഥാനം 'കല്‍ക്കുളം' 'തിരുവാങ്കോട്' എന്നൊക്കെ പേരുള്ള നാഞ്ചിനാട്ടിലെ 'പദ്മനാഭപുരം' ആയിരുന്നു.

സി വി രാമന്‍പിള്ളയുടെ 'രാമരാജ ബഹദൂറില്‍' ശ്രീ മഹാബലിവനം എന്ന അനന്തന്‍കാടിന്‍റെ വടക്കു പടിഞ്ഞാറുള്ള ഒരു ഉപവനമായിരുന്നു തിരുവനന്തപുരം എന്ന് പറയുന്നുണ്ട്. പില്‍ക്കാലത്ത് പാശ്ചാത്യരുമായുണ്ടായ സഖ്യം, തിരുവിതാംകൂറിലെ സേനാനായക സ്ഥാനങ്ങളില്‍ പടുകൂറ്റന്‍
ബംഗ്ലാവുകള്‍ നിര്‍മിക്കപ്പെടുവാന്‍ നിമിത്തമായി.
കൊല്ലവര്‍ഷത്തിന്‍റെ സമുദ്ധാരകന്‍ എന്നറിയപ്പെടുന്ന ഉദയ മാര്‍ത്താണ്ഡവര്‍മയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. സൂര്യന്‍റെ ഗതിക്രമം അളന്ന് ചിങ്ങമാസം ഒന്നാംതിയതി മുതല്‍ ഒരു പുതിയവര്‍ഷം നിശ്ചയിച്ച് അതിനെ കൊല്ല വര്‍ഷം എന്ന് നാമകരണം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അതിനെ അംഗീകരിക്കുകയും ചെയ്തു. ഉത്തരഹിന്ദുസ്ഥാനം 'ആര്യാവര്‍ത്തമെന്നും ' ദക്ഷിണ ഭാഗം 'ദ്രാവിഡാവര്‍ത്തമെന്നും' പില്‍ക്കാലത്ത്‌ അറിയപ്പെട്ടു.

3

എ ഡി. 9-നൂറ്റാണ്ടു മുതല്‍ തിരുവനന്തപുരം കേരളത്തിലെ പ്രമുഖ സാംസ്കാരിക നഗരമായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന സാംസ്കാരിക കേന്ദ്രമായിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കാന്തളൂര്‍ശാല മികവുറ്റ വേദപഠന വിദ്യാശാലയുമായിരുന്നു. ആദ്യത്തെ വേണാട് രാജാവായിരുന്ന വീരകേരളവര്‍മയുടെ ആസ്ഥാനം നാഞ്ചിനാട്ടിലെ തിരുവിതാംകോട്ടുള്ള കേരളപുരമായിരുന്നു. ആദ്യകാല വേണാട...്ടു രാജാക്കന്മാര്‍ കേരളപുരം, തിരുവിതാംകോട്, ഇരണിയല്‍, തിരുവട്ടാര്‍, അരുമന, എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമാക്കിയിരുന്നു. ക്രി.വ 1550 മുതല്‍ 1790 വരെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്നു കല്‍ക്കുളം കോയിക്കല്‍ കൊട്ടാരം. മാര്‍ത്താണ്ഡവര്‍മ ശ്രീപത്മനാഭന് രാജ്യം അടിയറവെച്ച് 'പത്മനാഭദാസനാ'യതു മുതല്‍ കല്‍ക്കുളത്തിന് 'പത്മനാഭപുരം' എന്ന് പേര് സിദ്ധിച്ചു. മാര്‍ത്താണ്ഡവര്‍മ പഴയ കോട്ടകൊത്തളങ്ങള്‍ പുതുക്കിപ്പണിയിച്ചു, പഴയ കോയിക്കല്‍ കൊട്ടാരത്തിന് 'പത്മനാഭപുരം കൊട്ടാരം' എന്ന് നാമകരണവും ചെയ്തു. കൊ.വ 925 മിഥുനം 28 ന് കൊട്ടാരം ശ്രീപദ്മനാഭന് സമര്‍പ്പിച്ച്‌ ശ്രീപത്മനാഭ ദാസനായിത്തീര്‍ന്നു. എന്നാല്‍ ഈ വാദഗതിയെ എതിര്‍ക്കുന്ന ചരിത്രകാരന്മാരുമുണ്ട്‌. തൃപ്പടി ദാനം എന്ന രാജ്യസമര്‍പ്പണവും ഭദ്രദീപവും മുറജപവും മറ്റും അതിനും മുന്‍പേ നിലനിന്നിരുന്നുവത്രേ. വേണാടിന് ചേരദേശം എന്ന പേരിനുപുറമേ ശ്രീവാഴുംകോട് , വഞ്ചി ഭൂമി, തൃപ്പാപ്പൂര്‍ സ്വരൂപം എന്നെല്ലാം പേരുണ്ടായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നതിനാല്‍ 'കേരളം' എന്നും ആഴിയും മലയും പരിലാളിച്ച നാടിനെ 'മലയാളനാട്' എന്നും വിളിച്ചുപോന്നു. ചേരവംശ രാജധാനി തിരുവഞ്ചിക്കുളമായതുകൊണ്ട് 'വഞ്ചിനാട്' എന്ന പേരും പ്രാബല്യത്തില്‍ വന്നു. ക്രമേണ ചേരരാജാക്കന്മാരുടെ ആധിപത്യം അവസാനിക്കുകയും പ്രജാവല്‍സലരായ ഭരണാധികാരികളുടെ കാലം തുടങ്ങുകയുംചെയ്തു. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാളിനെ 'രക്ഷാപുരുഷനായി' വാഴിക്കുകയും കാലാവധി കഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ അവരോധിക്കുകയും ചെയ്യുന്ന ജനായത്തരീതി നടപ്പില്‍വന്നു. പക്ഷെ അതിന് പ്രഭുവാഴ്ചയോടാണ്സാദൃശ്യമുണ്ടായിരുന്നത്. വഞ്ചിനാട്ടിലെ പെരുമാക്കന്മാര്‍ക്ക് 'വഞ്ചി പാലകന്മാര്‍' എന്നാണല്ലോ പേര് ?

ഗുണ്ടര്‍ട്ടിന്‍റെ മലയാളം നിഘണ്ടുവില്‍ 'വഞ്ചി' എന്ന പദത്തിന് പുരാതന ചേരരാജാക്കന്‍മാരുടെ തലസ്ഥാനം എന്നുതന്നെയാണ് അര്‍ഥം കൊടുത്തിരിക്കുന്നത്. ശ്രീപത്മനാഭ ക്ഷേത്രത്തില്‍ നിന്നകലെയല്ലാതെ വലിയശാല ക്ഷേത്രത്തിനു സമീപമായി പ്രവര്‍ത്തിച്ചിരുന്ന കാന്തളൂര്‍ വിദ്യാപീഠം ക്രി. വ 9 ല്‍ ത്തന്നെ ഖ്യാതിയാര്‍ജിച്ചിരുന്നു.ആയ് രാജാക്കന്മാരുടെ കലാശാലകള്‍ക്കെല്ലാം മാതൃകാസ്ഥാനം കാന്തളൂര്‍ശാലയായിരുന്നു. വ്യാകരണം, സാംഖ്യം, വൈശേഷികം, മീമാംസ, നൈയ്യാമാകം, ലോകായതം എന്നിവയ്ക്ക് പുറമേ ചിത്രമെഴുത്ത്‌, സംഗീതം,വാദ്യം, നാടകം, നൃത്തം, നാട്യം ,മന്ത്രം, യോഗശാസ്ത്രം, ധാതുപാഠം,ഗാരുഡം,ജ്യോതിഷം, രസായനം, കവിത, ച്ഛന്ദസ്സ് , ഊര്‍ജതന്ത്രം, ഇന്ദ്രജാലം എന്നിവയും കാന്തളൂര്‍ശാലയില്‍ പഠനവിഷയങ്ങളായിരുന്നു. ധനുര്‍വേദത്തിലെ അസിപ്രവേശം, ധനപ്രവേശം, ബാഹുയുദ്ധം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. പന്ത്രണ്ടാം ശതകത്തില്‍ എഴുതപ്പെട്ട സംസ്കൃതകൃതി 'കുവലയമാല' യില്‍ കാന്തളൂര്‍ശാലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. കേരളചരിത ഗവേഷണത്തിന്‍റെ ആധികാരികരേഖയാണ് 'കുവലയമാല'.പ്രഭാസൂരി എന്ന ജൈനസംന്യാസി സംക്ഷേപിച്ച ഈ കൃതിയില്‍ തിരുവനന്തപുരത്തിന്‍റെ അന്നത്തെ പേര് 'വിജയപുരി' എന്നായിരുന്നുവെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.പത്മനാഭ ക്ഷേത്രത്തിന്‍റെ വടക്ക് കിഴക്കായുണ്ടായിരുന്ന ഒരങ്ങാടിയുടെ വര്‍ണനയും അതിലുണ്ട്. (ചാല മാര്‍ക്കറ്റായിരിക്കാം) പത്മനാഭസ്വാമി
ക്ഷേത്രവും, കൊട്ടാരക്കെട്ടുകളും കൊട്ടവാതിലുകളുമുള്‍പ്പടെ ഐശ്വര്യമായി പ്രശോഭിച്ച അനന്തപുരിവര്‍ണനത്തില്‍ ഇന്നത്തെ ശ്രീകണ്ടേശ്വരവും ശ്രീവരാഹവും പരാമര്‍ശിക്ക പ്പെടുന്നു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ വേണാട്ടരചന്‍ അയ്യനടികള്‍ തിരുവടികള്‍ ആണ്. തുടര്‍ന്ന് അധികാരത്തില്‍വന്ന രവിവര്‍മ കുലശേഖരന്‍ 'സംഗ്രാമധീരന്‍' എന്ന് ഭാരതം മുഴുവന്‍ പുകള്‍പെറ്റ രാജാവായിരുന്നു. ചരിത്രത്തെ അനശ്വരമാക്കിയ രവിവര്‍മയുടെ കാലം , നാഞ്ചിനാടും, ഇരണിയലും പത്മനാഭപുരവും ഭരണ സിരാകേന്ദ്രങ്ങളായി മാറി. സഹൃദയനായ രവിവര്‍മ കുലശേഖരന്‍റെ അനശ്വരകൃതിയാണ് 'പ്രദ്യുമ്നോദയം' എന്ന സംസ്കൃത നാടകം. പത്മനാഭക്ഷേത്രത്തിലെ ആറാട്ടു ല്സവത്തിന് ഈ നാടകം അരങ്ങെരിയിരുന്നുവത്രേ.കേരളത്തിന്‌ പുറത്തും രാജ്യാതിര്‍ത്തി വികസിപ്പിച്ച അദ്ദേഹം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു 'സ്വര്‍ണക്കോപ്പറ' തിരുമുല്‍ക്കാഴ്ചയായി നടയ്ക്കു വെച്ചിട്ടുണ്ട്. കവികളെയും കലാകാരന്മാരെയും അതിരുവിട്ടു ബഹുമാനിച്ച അദ്ദേഹം 'ദക്ഷിണ ഭോജന്‍' എന്ന കീര്‍ത്തിമുദ്രയും നേടി ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

4

കേരളചരിത്ര പഠനത്തില്‍ വേണാടിന്‍റെ മഹിമ കൃത്യമായി രേഖപ്പെടുത്തി തിരുവനന്തപുരം നിലനിന്നു. ആദ്യകാലത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെയും കാന്തളൂര്‍ ശാലയുടെയും ആസ്ഥാനമെന്ന നിലക്ക് സാംസ്കാരിക തലസ്ഥാനത്തിന്‍റെ കേന്ദ്രമായിരുന്ന ഈ നഗരം, പില്‍ക്കാലത്ത് വേണാടിന്‍റെ തന്ത്രപ്രധാനമായ ആസ്ഥാനമായി ഉയര്‍ന്നു. തിരുവിതാംകൂറിന്‍റെ തലസ്ഥാനമായ ഈ നഗരി ചേര ചോള പാണ്ട്യ സംസ്കാരങ്ങളുടെ ഒരു സംഗമഭൂമിയായി നിലകൊണ്ടു. മഹോദയ...പുരമെന്ന കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍ തിരുവനന്തപുരത്തോളം പഴമ അവകാശപ്പെടാവുന്ന നഗരങ്ങള്‍ ഭാരതത്തിന്‍റെ ഇതരഭാഗങ്ങളില്‍പോലും വിരളമാണ്. കൊടുങ്ങല്ലൂര്‍ , വിഴിഞ്ഞം എന്നീ തുറമുഖനഗരങ്ങള്‍ക്ക് അതിദീര്‍ഘമായ പാരമ്പര്യമാണുള്ളത്. അന്‍പതോളം രാജാക്കന്മാര്‍ മാറി മാറി തിരുവിതാംകൂര്‍ ഭരിച്ചു. വേണാട്ടധിപന്മാരില്‍ എറിയകൂറും പ്രഗദ്ഭമതികളായിരുന്നു.
എട്ടുവീട്ടില്‍പിള്ളമാരെപ്പോലുള്ള ഇടത്തരം നാടുവാഴികളില്‍നിന്ന് തിരുവിതാംകൂറിന്‍റെ ചരിത്രം ഗതിമാറ്റിവിട്ടത് ഇന്ന് നാമറിയുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ട വര്‍മയായിരുന്നു. അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച്‌ രാജ്യവിസ്തൃതി വര്‍ധിപ്പിക്കുകയും ബ്രിട്ടീഷുകാരുമായുള്ള സമ്പര്‍ക്കത്താല്‍ തിരുവിതാംകൂറിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് വസ്തുതയാണ്.
കിഴക്ക് കരമനയാറും വെള്ളായണിക്കായലും പടിഞ്ഞാറ് അറബിക്കടലും ഈ നഗരിയെ പ്രദക്ഷിണംചെയ്തു. വലിയതുറയിലും, വിഴിഞ്ഞത്തും ശംഖുമുഖത്തുമൊക്കെ കപ്പല്‍ നംകൂരമിട്ടിരുന്നതായി പഴയ ചരിത്രം ഓര്‍മ്മിക്കുന്നു. ഇളംകുളവും സര്‍ദാര്‍ കെ എം പണിക്കരും വിഴിഞ്ഞം തുറമുഖത്തെപ്പറ്റി എഴുതിയിട്ടുണ്ട്. വീരമാര്‍ത്താണ്ഡവര്‍മയാണ് നാമിന്നുകാണുന്ന നഗരത്തെ കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്‍റെ ശില്പകലാപ്രേമത്തിന്‍റെ ശാശ്വതസ്മാരകമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ശില്പ ഗോപുരവും, ചുറ്റു മതിലുമൊക്കെ.അദേഹത്തിന്‍റെ പിന്‍ഗാമിയായ ധര്‍മരാജ നഗരിയെ കൂടുതല്‍ മോഡി പിടിപ്പിക്കുകയും കമനീയമായി അലംകരിക്കുകയും ചെയ്തു. ധര്‍മരാജയുടെ പ്രശസ്തനായ പ്രധാനമന്ത്രി രാജാ കേശവദാസ് നിര്‍മിച്ച കമ്പോളം വിദേശ വ്യാപാരികളെപ്പോലും ഇവിടേയ്ക്ക് ആകര്‍ഷിച്ചു എന്ന് ചരിത്രം. ( സി വി രാമന്‍ പിള്ളയുടെ കൃതികള്‍ ഓര്‍ക്കുക)

ധര്‍മരാജയുടെ കാലത്താണത്രെ പത്മനാഭപുരത്തുനിന്നും തിരുവിതാംകൂറിന്‍റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയത്. ദക്ഷിണേന്ത്യയിലെ വൈഷ്ണവര്‍ ഈ നഗരത്തെ അനന്തശയനമെന്നു വിളിച്ചുപോന്നു. തമിഴ്കവി 'നമ്മാള്‍വാര്‍' വാനോളം സ്തുതിച്ച നഗരവും ശ്രീപദ്മനാഭനും. ക്ഷേത്രവും കോട്ടകൊത്തളങ്ങളും കൊട്ടാരക്കെട്ടുകളും രാജവീഥികളും ഈ നഗരിയെ ക്ഷേത്രനഗരമെന്ന പേരിനര്‍ഹമാക്കി. സ്വാതിതിരുനാള്‍ മുതല്‍ ശ്രീമൂലംതിരുനാള്‍ വരെയുള്ള കലാപ്രേമികളുടെ കാലത്ത് പണ്ഡിതസദസ്സുകളും സംഗീത സദിരുകളും ക്ഷേത്രനഗരിയെ സമ്പന്നമാക്കി. ശില്പവും, നൃത്തവും നാട്യവും ആട്ടവും ഈ നഗരിയുടെ രാപ്പകലുകളില്‍ ചിലങ്കനാദമുണര്‍ത്തി. ഈ നഗരത്തെ വലംവെച്ചു കൊണ്ട് ആദിദ്രാവിഡ ശൈവ ശാക്തേയ മതങ്ങളുടെ വാഹകര്‍ വളര്‍ന്നു .മുടിപ്പുരകളും മാടന്‍ കോവിലുകളും തോറ്റംപാട്ടുകളും നാള്‍വഴികളില്‍ ചുവടുവെച്ചു.

അങ്ങനെ പുകള്‍പെറ്റ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് വേണാടും പുതുതായി വെട്ടിപ്പിടിച്ച പ്രദേശങ്ങളും ചേര്‍ന്ന ഭൂഭാഗം 1750 ജനുവരി 17 ന് ശ്രീ പദ്മനാഭന് അടിയറവെച്ചു എന്ന് ചരിത്രം. 'തൃപ്പടി ദാനം' എന്ന ഈ മഹത്കര്‍മത്തിലൂടെ അദ്ദേഹവും പിന്മുറക്കാരും 'ശ്രീപദ്മനാഭ ദാസന്മാരായി' മാറി. 1758 ല്‍ നാടുമീങ്ങുമ്പോള്‍ അദ്ദേഹം തന്‍റെ പിന്ഗാമികളോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. 'ഒരു കാരണവശാലും ശ്രീപത്മനാഭനു അടിയറവെച്ച രാജ്യം തിരിച്ചെടുക്കരുത്.' ( ശ്രീ ശങ്കുണ്ണി മേനോന്‍ - തിരുവിതാംകൂര്‍ ചരിത്രം) ശ്രീപത്മനാഭന്‍ വഞ്ചിക്കുളത്തിന്‍റെ കുലദൈവമാണ്. ആയ് രാജാക്കന്മാരുടെ കുലദൈവമായ തിരുവട്ടാറിലെ ആദികേശവപ്പെരുമാള്‍ക്ഷേത്രത്തിലെ പൂജാവിധികള്‍ അതേപടി ഇവിടെയും നിലനിര്‍ത്തുകയാണ് ചെയ്തത്. അങ്ങനെ ആര്യ- ദ്രാവിഡ സങ്കല്പങ്ങളുടെ വിളഭൂമിയായി തിരുവനന്തപുരം നൂറ്റാണ്ടു കളോളം നിലനിന്നു. വൈഷ്ണവരായ വിജയനഗര രാജാക്കന്മാരും, മധുര കേന്ദ്രമാക്കി ഭരിച്ചിരുന്ന ശൈവരായ നായിക്കന്‍മാരും ഇവിടത്തെ രണ്ടു പ്രധാനധാരകളുടെ പ്രതീകമായി. വാരാണസി ( കാശി) നഗരം തിരുവനന്തപുരത്തിന്‍റെ പത്തിരട്ടി വിസ്തൃതിയുള്ള മഹാനഗരമാണ്. എന്നാല്‍ അവിടെയുള്ള 1500 ക്ഷേത്രങ്ങളേക്കാള്‍ ലക്ഷണയുക്തമായ പുരാതനക്ഷേത്രങ്ങള്‍ തിരുവനന്തപുരത്തിന് ചുറ്റുപാടും വളര്‍ന്നുനിന്നു. നമ്മാഴ്വാരുടെ 'നാലായിരം പ്രബന്ധത്തിലും' നമ്മുടെ 'ഉണ്ണുനൂലി സന്ദേശത്തിലും'
ഈ നഗരത്തെ ഹൃദയാവര്‍ജ്ജകമായി പുകഴ്ത്തി പാടിയിട്ടുണ്ട്. സംസ്കൃതീകരിച്ച 'സ്യാനന്ദൂരപുരത്തില്‍' നിന്നും പാശ്ചാത്യരുടെ 'ട്രിവാന്‍ഡ്ര'ത്തില്‍നിന്നും വ്യത്യസ്തമായി ഈ നഗരത്തെ 'തിരുവനന്തപുരം' എന്ന് ആദ്യമായി പേരിട്ടുവിളിച്ചതും 'നമ്മാള്‍ വാര്‍' എന്ന തമിഴ്കവിയാണ്‌.

5

തിരുവനന്തപുരത്തിന്‍റെ ചരിത്രം മഹാശിലായുഗത്തോളം പിന്നോട്ട് പോകുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ബാലരാമപുരത്തുള്ള 'പാണ്ഡവന്‍ പാറ' മഹാശിലായുഗ കാലത്തെ സാംസ്കാരിക കേന്ദ്രമായിരിക്കാമെന്ന് പ്രൊഫ. ഇളംകുളം നിരീക്ഷിക്കുന്നു. രാജധാനിയുടെ പ്രൌഡിയോടൊപ്പം സാംസ്കാരികമഹിമയുടെ അതുല്യ ശ്രുംഗ- വുമായിരുന്നു തിരുവനന്തപുരം. മഹാപ്രതിഭകള്‍ പോയകാലത്തെ അലങ്കരിച്ചു. രാജസദസ്സുകളെ അവര്‍ ധിഷണയുടെയും സര്‍ഗശക്തിയുടെയും കേദാ...രമാക്കി. രാമപുരത്തു വാര്യരും, കുഞ്ചന്‍ നമ്പ്യാരും, ഉണ്ണായി വാര്യരും തിരുവിതാംകൂര്‍ സദസ്സിനെ സമ്പന്നമാക്കി. കേരളവര്‍മ വലിയ കോയിത്തമ്പുരാനും എ .ആര്‍ രാജരാജവര്‍മയും തലസ്ഥാന നഗരിയുടെ അഭിമാനമായിരുന്നു. തുന്ച്ചത്തെഴുത്തച്ഛന്റെ പൈതൃകം തലസ്ഥാനം കൈവിട്ടില്ല. പതിനഞ്ചാം ശതകംവരെ മണിപ്രവാള സാഹിത്യവും പാട്ട് സാഹിത്യവും ചമ്പുക്കളും ഭാഷാസാഹിത്യത്തെ ധന്യമാക്കി. ശ്രീശങ്കരന്‍റെ അദ്വൈതവേദാന്തവും കുലശേഖരപ്പെരുമാളിന്‍റെ മുകുന്ദമാലയും തോലകവിയുടെ മഹോദയപുരേശ ചരിത്രവും ശക്തിഭദ്രന്‍റെ ആശ്ചര്യചൂഡാമണിയും ലക്ഷ്മീദാസന്‍റെ 'ശുകസന്ദേശവും' അതുലന്‍റെ 'മൂഷികവംശവും' പ്രഭാകരമിശ്രന്‍റെ 'ശബര ഭാഷ്യവും' വില്വമംഗലത്തിന്‍റെ ശ്രീകൃഷ്ണ കര്‍ണാമൃതവും, ദിവാകരന്‍റെ 'അമോഘ രാഘവവും സംഗ്രാമധീര രവിവര്‍മയുടെ പ്രദ്യുമ്നാഭ്യുദയവും ഈ കാലഘട്ടത്തിന്‍റെ സംഭാവനകളാണ്. തലക്കുളത്ത് ഭട്ടതിരിയുടെ ജ്യോതിഷ ഗ്രന്ഥങ്ങളും പരാമര്‍ശമര്‍ഹിക്കുന്നു. മലയാളകവിതാസാഹിത്യത്തിലെ പ്രാചീനകൃതിയായ 'രാമചരിതവും'പതിന്നാലാം നൂറ്റാണ്ടിലെ 'ഉണ്ണുനീലീ സന്ദേശവും' ശ്രീ പദ്മനാഭനെ സ്തുതിക്കുന്നു. ആ കാലം സംഗീതവും ചിത്രമെഴുത്തും ആട്ടവും പാടലും കൊണ്ട് സമ്പന്നമായിരുന്നു. കുഞ്ചനും ഉണ്ണായിയും കുളിക്കാനിറങ്ങിയത് പത്മതീര്‍ഥ ത്തില്‍. 'കാതിലോലയും' 'നല്ലതാളിയും' പിറന്നതും ഇവിടെ. അനന്തപുരവര്‍ണനം എന്ന കൃതിയിലും ലീലാതിലകത്തിലും ഈ നഗരിയും, അങ്ങാടിയും നടക്കാവുകളും തീര്‍ഥ ങ്ങളും സ്ഥലകാലങ്ങളും ആര്‍ജവത്തോടെ വര്‍ണിക്കപ്പെട്ടിരിക്കുന്നു. സ്വാതിതിരുനാള്‍ രചിച്ച 'സ്യാനന്ദൂരപുരവര്‍ണനയും' 'ശ്രീ പദ്മനാഭ ശതകവും' കലാഹൃദയങ്ങളില്‍ അമൃത നിഷ്യന്ദിയായി. രാമായണംചമ്പു രചിച്ച ഭോജരാജന് തുല്യമായ പ്രശസ്തിയാണ് സ്വാതിതിരുനാളിന് അക്കാലം നല്‍കിയത്. 1894 ല്‍ രചിക്കപ്പെട്ട കേരളവര്‍മയുടെ 'മയൂര സന്ദേശവും' അനന്തപുരിയെ വാഴ്ത്തുന്നു. തലയെടുപ്പോടെ നിന്ന കൊട്ടക്കകത്തെ മാളികക്കെട്ടുകളും ഉത്തുംഗസൌധങ്ങളും അമ്മവീടുകളും മയൂരസന്ദേശത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

ആയ് രാജാക്കന്മാരുടെ കാലംമുതല്‍ തന്നെ സാഹിത്യവും കലയും ആദരിക്കപ്പെട്ടിരുന്നു. ചോളരാജാക്കാന്‍മാരുടെ പ്രോത്സാഹനത്തിലാണ് 'പതിറ്റുപ്പത്ത് 'തുടങ്ങിയ സംഘകാല കൃതികള്‍ എഴുതപ്പെട്ടത്. ഇളങ്കോവടികളുടെ 'ചിലപ്പതികാരവും' അക്കാലത്തിന്‍റെ സംഭാവനയാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇരയിമ്മന്‍തമ്പിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും പാച്ചുമൂത്തതുമൊക്കെ നിറഞ്ഞുനിന്നത്. മലയാളിയുടെ ശൈശവത്തെ താരാട്ട് പാടിയുറക്കിയ 'ഓമനത്തിങ്കള്‍ കിടാവോ...' ഇന്നും ഗൃഹാതുരതോയോടെ നമ്മള്‍ ഓര്‍ക്കുന്നു.
അതി അതി വിളംബകാലത്തില്‍ പാടിയ ഷട്ക്കാല ഗോവിന്ദമാരാരുടെ മാര്‍ഗിസോപാനങ്ങളും ശെമ്മാങ്കുടിയിലും നെയ്യാറ്റിന്‍കര വാസുദേവനിലുമെത്തിയ സംഗീതധാരയും തിരുവിതാംകൂറിന്‍റെ സുവര്‍ണദശയെ നിവേദിക്കുന്നു. ധര്‍മരാജയുടെ കാലം തൊട്ടേ ആട്ടക്കഥകളും കഥകളിയും ഇവിടെ മുദ്രകളാടി. വേണാട്ടു താവഴിയില്‍ ഇളയിടത്തു സ്വരൂപത്തിലെ കൊട്ടാരക്കര തമ്പുരാനാണല്ലോ 'രാമനാട്ട'മെന്ന കഥകളിക്കു കണ്ണ് നല്‍കിയത്. നാടന്‍പാട്ടുകളുടെ രംഗാവിഷ്കാരത്തിനും ആ കാലം സാക്ഷ്യം വഹിച്ചു. വേണാടി ന്‍റെ തനിമയാര്‍ന്ന 'തെക്കന്‍ പാട്ടുകള്‍' ചരിത്രത്തിന്‍റെ ആവിഷ്കാരമാണ്. വില്ലടിച്ചാന്‍ പാട്ടുകളും ചന്ദ്രവളയത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചിരുന്ന രാമകഥയും ശ്രീ പത്മനാഭനെ തോറ്റിയുണര്‍ത്തി.

'മയൂരസന്ദേശത്തിലെ' ഭാവനയില്‍ അറബിക്കടലിന്‍റെ കണ്ണാടിയില്‍ പ്രതിഫലിച്ച നഗരാംഗനയായി തിരുവനന്തപുരം പരിലസിച്ചു.

ധര്‍മരാജയുടെ കാലത്ത് കേരളത്തിന്‍റെ നാനാഭാഗത്തു നിന്നെത്തിയ വംശാവലി ഈ നഗരപ്രാന്തങ്ങളില്‍ ചേക്കേറി. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് അധികാരം നഷ്ടപ്പെട്ട സര്‍വ നാട്ടുരാജ്യങ്ങള്‍ക്കും തിരുവനന്തപുരം അഭയം നല്‍കി. അനന്തന്‍കാടിനെ മനുഷ്യര്‍ രാപ്പാര്‍ക്കുന്ന നാടാക്കിമാറ്റാന്‍ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. നാനാഭാഗങ്ങളില്‍ നിന്നെത്തിയ മാടമ്പിമാരും, വണിക്കുകളും നാടാര്‍ സമുദായക്കാരും ഈഴവരും നായര്‍സമുദായവും നമ്പൂതിരിമാരും ക്രിസ്ത്യന്‍ -മുസ്ലീം വിഭാഗങ്ങളും ഇന്നുകാണുന്ന നഗരത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.സമൂഹത്തിന്‍റെ അടിത്തട്ടുകളില്‍ വിയര്‍പ്പൊഴുക്കിയ മനുഷ്യര്‍ക്ക്‌ വനഭൂമി പതിച്ചുകൊടുത്തും, ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കരമൊഴിവായി സ്ഥലം നല്‍കുകയും ചെയ്യുന്ന പതിവ് കേണല്‍ മണ്‍റോയുടെ കാലംവരെ തുടര്‍ന്നു. ശ്രീപാദം ഭൂമിയെന്നും ശ്രീപണ്ടാരവക ഭൂമിയെന്നും രേഖപ്പെടുത്തി സ്ഥലം പതിച്ചുകൊടുക്കുന്ന ഏര്‍പ്പാട് വളരെക്കാലം നിലനിന്നു. ജന്മി-കുടിയാന്‍ ബന്ധം വന്നതിനു ശേഷമാണ് കരംതീരുവയും പട്ടയവുമൊക്കെ നിലവില്‍ വരുന്നത്. സ്വാതിതിരുനാളും ആയില്യംതിരുനാളും മുതല്‍ ശ്രീമൂലംതിരുനാള്‍ വരെയുള്ള രാജാക്കന്മാരും തിരുവിതാംകൂറിന്‍റെ മുഖച്ഛായ മാറ്റിയ ശ്രീചിത്തിരതിരുനാളും ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരും വഹിച്ച പങ്ക് ചരിത്രം രേഖപ്പെടുത്തും.

തിരുവനന്തപുരത്തിന് ഗരിമ പകര്‍ന്ന ബഹിരാകാശ ഗവേഷണകേന്ദ്രവും കാഴ്ചബംഗ്ലാവും ശ്രീചിത്രാലയവും സുഖവാസകേന്ദ്രങ്ങളായ പൊന്‍മുടിയും കോവളവും പാപനാശം കടലോരവും ശിവഗിരിക്കുന്നും പില്‍ക്കാലത്ത്‌ സഞ്ചാരികളുടെ സംഗമഭൂമിയായി. ആക്കുളം, വേളി, ശംഖുമുഖം, നെയ്യാര്‍എന്നീ സ്ഥലങ്ങളും സന്ദര്‍ശകരെ സ്വീകരിച്ചു. കൊട്ടാരക്കെട്ടുകളും കോട്ടവാതിലുകളും തലയുയര്‍ത്തി നിന്ന ഈ നഗരം ചരിത്രത്തിലാദ്യമായി ഒരു മഹാക്ഷേത്രത്തിന്‍റെ കവാടം അവര്‍ണരുള്‍പ്പെടുന്ന പൊതുജനത്തിനായി തുറന്നുകൊടുത്തു. ഹരിതാഭമായ നിബിഡവനഭംഗിയില്‍ മുഖമൊളിപ്പിച്ചു നിന്ന ഒരു കാലം അവസാനിക്കുകയായിരുന്നു. നിത്യനഗരമായ റോമാസാമ്രാജ്യം ഏഴു കുന്നുകള്‍ക്കിടയിലാണ് വളര്‍ന്നതെങ്കില്‍, തിരുവനന്തപുരം എഴുപതു കുന്നുകളിലാണ്‌ അതിന്‍റെ വേരുകള്‍ ഉറപ്പിച്ചത്. കുന്നുകളുടെയും താഴ്വരകളുടെയും ശാദ്വല ഭൂമികയാണ് ഈ നഗരം. വൃത്തിയുള്ള നടപ്പാതകളും പാതയോരത്തെ തണല്‍ മരങ്ങളും രാജവീഥികളിലെ വിളക്കുമരങ്ങളും പോയകാലത്തിന്‍റെ മുഖശ്രീയായിരുന്നു. ശ്രീപത്മനാഭ ക്ഷേത്രത്തി ന്‍റെ കമാനമുഖപ്പില്‍ നിന്ന് നോക്കിയാല്‍ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ ദൃശ്യമായിരുന്ന ഒരു രാജവീഥി രാജഭരണത്തിന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ അത് സാക്ഷാത്കരിക്കപ്പെടുകയുണ്ടായില്ല...( ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണനും, തമിഴ്-മലയാളം എഴുത്തുകാരനായ ശ്രീ നീലപത്മനാഭനും വിളക്കുമരങ്ങള്‍ കണ്‍ചിമ്മിയ അക്കാലത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.)

എന്നാല്‍ തിരുവിതാംകൂറിന്‍റെ അതീതകാലത്തെ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തിയത് ശ്രീ സി. വി രാമന്‍പിള്ളയാണ്. സര്‍ഗപ്രതിഭയുടെ വരുംകാലത്തിന് മാതൃകയായത് സി വി യുടെ കൃതികളാണ്. അമരവും സിദ്ധരൂപവും ഗണിതവും കാലദീപവും കാവ്യാലങ്കാരവും അഭ്യസിച്ച സി വി. ചരിത്രത്തിന്‍റെ ശബ്ദമായി. രാജാ കേശവ ദാസന്‍റെ ജീവിതകാലം നാടകീയമായി പുനരെഴുതിയ കൃതിയാണ് 'രാമാരാജ ബഹദൂര്‍'. കാലം സി വി യുടെ മുമ്പില്‍ ഒരു മൂര്‍ത്തിയായി നിന്നു. 'നിധി' അന്വേഷിച്ചു നടക്കുന്ന ഒരു കഥാപാത്രമുണ്ട് സി വി യുടെ നോവലില്‍.(ചന്ത്രക്കാര്‍) ഒരിക്കലും അയാള്‍ക്ക്‌ നിധി കിട്ടുന്നില്ല. എന്നാലോ, അന്വേഷണമൊട്ടവസാനിക്കുന്നുമില്ല. കാലത്തിന്‍റെ അന്തരാളത്തില്‍ കുഴിച്ചുമൂടിയ നിധികളാണ് സി വി യുടെ കൃതികള്‍. 'മാര്‍ത്താണ്ഡവര്‍മയും' ധര്‍മരാജയും' നമ്മുടെ സാംസ്കാരിക പൈതൃകത്തിന് ഭദ്രദീപമായി നിന്നു. പിന്നീട് ഇ.വി കൃഷ്ണപിള്ളയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, രാജാരവിവര്‍മയും,ആട്ടക്കഥാകാരനായ വി കൃഷ്ണന്‍തമ്പിയും, ഭാഷയെ നവീകരിച്ച കേരളവര്‍മയും രാജരാജ വര്‍മയും, പെരുനെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവന്‍ വൈദ്യനും, മഹാകവി കുമാരനാശാനും, ഉള്ളൂരും, കേസരി ബാലകൃഷ്ണപിള്ളയും പുതിയ കാലത്തെ രൂപപ്പെടുത്തിയ പ്രതിഭകളായിരുന്നു.

ആസേതുഹിമാചലം കേരളപ്പെരുമ വളര്‍ത്തിയ ശ്രീശങ്കരന്‍റെ അദ്വൈതം കേരളക്കരയില്‍ പൂത്തുലഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. യോഗിയായ ശ്രീനാരായണ ഗുരുവും വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ജനകീയമായ ഒരടിത്തറയില്‍ പുതിയ കാലത്തിന്‍റെ ധര്‍മസംഹിത സൃഷ്ടിച്ചു. ചട്ടമ്പിസ്വാമികളുടെ 'വേദാധികാര നിരൂപണവും' 'നിജാനന്ദ വിലാസവും' ശ്രീനാരായണ ഗുരുവിന്‍റെ 'ദര്‍ശനമാലയും' 'ആത്മോപദേശ ശതകവും' പുതിയ കാലത്തിന്‍റെ ഉപനിഷത്തുകളായിരുന്നു. ഗുരുവിന്‍റെ ദര്‍ശനസീമയെ വിശ്വ മാനവികതയിലേക്ക് പരാവര്‍ത്തനം ചെയ്തത് നടരാജ ഗുരുവും, ഗുരു നിത്യചൈതന്യയതിയുമാണ്. ശിവഗിരിക്കുന്നിലെ ഈസ്റ്റ്‌ -വെസ്റ്റ് യൂണിവേര്‍സിറ്റി, മാറിയ ലോകക്രമത്തിന്‍റെ സാമവും സംഗീതവുമായി പരിലസിച്ചു.

6

ഭാരതത്തിലെ അതിപുരാതനമായ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. എ.ഡി 900 ത്തില്‍ എഴുതപ്പെട്ട 'നമ്മാള്‍വാരുടെ' വൈഷ്ണവ കീര്‍ത്തനങ്ങളില്‍
ശ്രീപത്മനാഭനെ കീര്‍ത്തിക്കുന്നു. മതിലകം ഗ്രന്ഥവരിയില്‍ തുളു സംന്യാസിയായ ദിവാകരമുനിയാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കംകുറിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതല്പതിനു സമീപം തൂക്കിയിട്ടിരിക്കുന്ന രൂപത്തിലാണ് ശില്പത്തിന്‍റെ പ്രതിഷ്ഠ. തൊട്ടുതാഴെ ഒരു ശിവലിംഗ പ്രതിഷ്ഠയും.പദ്മ 'നാഭിയില്‍' നിന്നും പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവ്. അതിനുപിന്നില്‍ ഋഷിമാരുടെ ശിലാരൂപങ്ങള്‍. ശ്രീപദ്മനാഭന്‍റെ തൊട്ടരികെ ലക്ഷ്മീദേവിയും ഭൂമീദേവിയും.ഒട്ടക്കല്ലിലുള്ള മുഖമണ്ഡപം.ഏകദേശം മൂന്നു ഹെക്ടറോളംവരുന്ന വിസ്തൃതിയിലാണ് ക്ഷേത്രസമുച്ചയം. മധ്യഭാഗത്തായി വിമാനാകൃതിയിലുള്ള ശ്രീകോവില്‍.
തന്ത്രാഗമ വിധിപ്രകാരമുള്ള ഗര്‍ഭഗൃഹവും മണ്ഡപങ്ങളും. എഴുനിലകളുള്ള കരിങ്കല്‍ ഗോപുരം കാലം കൊത്തിയെടുത്ത കവിതപോലെ നൂറ്റാണ്ടുകളെ തഴുകി തലയെടുപ്പോടെ നിന്നു. ശ്രീപത്മനാഭന്‍റെ തിരുവുടല്‍ നേപ്പാളിലെ ഗന്ടകീ നദിയില്‍നിന്നും ശേഖരിച്ചു കൊണ്ടുവന്ന പന്തീരായിരത്തെട്ടു സാളഗ്രാമങ്ങള്‍ അടുക്കിവെച്ച് മനോഹരമായി കല്പന ചെയ്തു. അഷ്ടബന്ധമിട്ടു 'കടുശര്‍ക്കരയോഗത്താല്‍' മിനുക്കിയെടുത്തു അതില്‍ ജീവനെ ആവാഹനം ചെയ്ത് പ്രതിഷ്ഠ നിര്‍വഹിച്ചു.

തിരുമല കല്ലുമലയില്‍ നിന്ന്‌ ആനവണ്ടിയിലാണ് മതിലകത്തെ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള പടുകൂറ്റന്‍ ഒറ്റക്കല്ലുകള്‍ കൊണ്ടുവന്നത്. മാര്‍ത്താണ്ഡവര്‍മയുടെ ആജ്ഞപ്രകാരം ആനവണ്ടിയുടെ സുഗമമായ യാത്രക്ക് വേണ്ടി കിള്ളിയാറിന്‍റെ ഗതിതന്നെ മാറ്റിവിട്ടു എന്ന് ചരിത്രം. ( രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ മാര്‍ത്താണ്ട വര്‍മയുടെ ആജ്ഞാശക്തിയെക്കുറിച്ചു പ്രതിപാദിക്കുന്നു) പതിമൂന്നാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ശ്രീ ആദിത്യവര്‍മയാണ് ക്ഷേത്രത്തിന്‍റെ സമഗ്രമായ അഴിച്ചുപണി നടത്തിയത്. ഗോശാല, ദീപികാഗൃഹം, കൃഷ്ണാലയം എന്നിവ അഴിച്ചുപണിതു എന്ന് 'മതിലകം രേഖ.' മധുരമീനാക്ഷിക്ഷേത്ര ഗോപുരമാതൃകയില്‍ ചോള ശൈലിയിലാണ് ഇവിടത്തെയും ഗോപുര നിര്‍മിതി. മാര്‍ത്താണ്ഡവര്‍മയുടെയും രാജാകേശവദാസന്‍റെയും കല്പനാവൈഭവമാണ് ക്ഷേത്രഗോപുരത്തിന്‍റെ അന്യൂന സൌന്ദര്യം. തഞ്ചാവൂര്‍ മാതൃകയില്‍ നൂറടിയോളം ഉയരത്തില്‍ ഏഴുനിലയില്‍ ഏഴു കിളിവാതിലുകളോടും ഏഴു സ്വര്‍ണ താഴികക്കുടങ്ങളോടും കൂടി കൃഷ്ണശിലയിലാണ് ഗോപുരം പണിതീര്‍ത്തത്.

മധുര, തൃശ്ശിനാപ്പള്ളി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന്‌ കൊണ്ടുവന്ന നാലായിരം കല്ലാശാരിമാരും ആറായിരം കൂലിപ്പണിക്കാരും നൂറോളം ആനകളും മാസങ്ങളോളം അഹോരാത്രം പരിശ്രമം ചെയ്താണ് നാമിന്നുകാണുന്ന ഗോപുരവും ശ്രീബലിപ്പുരയും പൂര്‍ത്തിയാക്കിയത്. സ്വര്‍ണക്കൊടിമരത്തിനാവശ്യമായ 27 കോല്‍ നീളമുള്ള തേക്കുമരം ജലമാര്‍ഗം പൊന്മനയാറുവഴി പട്ടണത്തുറയില്‍ക്കൂടി ശംഖുമുഖത്ത് എത്തിച്ചു. അവിടെനിന്ന്‌ ചുമന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വിധിയാംവണ്ണം സ്ഥാപിക്കുകയും ചെയ്തു.

അക്കാലം ക്ഷേത്രസങ്കേതം പണ്ഡിതസദസ്സുകളും സംഗീത സദിരുകളും കൊണ്ട് മുഖരിതമായി. നവരാത്രി മഹോത്സവവും ഇന്നും തുടര്‍ന്നുപോരുന്നു. സ്വാതിതിരുനാളിന്‍റെ  സംഗീതകൃതികളില്‍ ക്ഷേത്രത്തിലെ ലക്ഷദീപം, ആറാട്ട്‌ എന്നിവയെക്കുറിച്ച് കാവ്യാത്മകമായി അടയാളപ്പെടുത്തി. ശ്രീപദ്മനാഭസ്വാമിക്ഷേത്രം ചരിത്രത്തിന്‍റെ അക്ഷയഖനി തന്നെയാണെന്ന് പുരാരേഖകള്‍ മറിച്ചുനോക്കിയാല്‍ വ്യക്തമാവും. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലേക്ക് പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന്‌ പുറപ്പെടുന്ന ഒരു തുരങ്കം ഉള്ളതു പോലെ, ഇവിടെയും നിലവിലുള്ളതായി പറയപ്പെടുന്നു. ക്ഷേത്രത്തില്‍നിന്ന്‌ ശംഖുമുഖത്തെക്ക് ഒരു തുരങ്കം ഉണ്ടെന്നുതന്നെയാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തിനടിയിലുള്ള ഭദ്രമായ കല്ലറകളെക്കുറിച്ചും മതിലകംരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകമഹായുദ്ധകാലത്ത് ക്ഷാമം നേരിട്ടപ്പോള്‍ സര്‍ സി പി.രാമസ്വാമി അയ്യര്‍ കല്ലറകള്‍ തുറന്നതായും സ്വര്‍ണനാണയങ്ങള്‍ ആവശ്യത്തിനെടുത്ത് ദുരിതാശ്വാസത്തിനായി വിനിയോഗിച്ചതായും രേഖകള്‍ പറയുന്നു. 1931 ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഭണ്ടാരം തുറക്കാന്‍ കല്പന പുറപ്പെടുവിച്ചുവത്രേ.എന്നാല്‍ അവശേഷിക്കുന്ന 'ഒരറ' അന്നും തുറക്കപ്പെട്ടില്ല.

കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയ ശ്രീകോവില്‍ ചുമരിലെ ചുവര്‍ചിത്രങ്ങള്‍ ശ്രീ ചിത്തിരതിരുനാളിന്‍റെ നിര്‍ദേശപ്രകാരം പുനരാലേഖനം ചെയ്തു. മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരും, കരുമാംപറമ്പില്‍ അച്യുതന്‍ നായരും ചുമരെഴുത്തിനു നേതൃത്വം നല്‍കി. കീഴ്നിലയിലും ഉത്തരം, കഴുക്കോല്‍, ചെമ്പലക എന്നിവിടങ്ങളിലും ചിത്രമെഴുതിച്ചു.
സ്യാനന്ദൂരപുരാണത്തില്‍ നഗരിയിലെ തീര്‍ഥങ്ങളെപ്പറ്റിയുള്ള വിശദവിവരണമുണ്ട്. പദ്മതീര്‍ഥം, അഗസ്ത്യ തീര്‍ഥം, വരാഹ തീര്‍ഥം, ചക്രതീര്‍ഥം, സപ്തര്‍ഷി തീര്‍ഥം എന്നിങ്ങനെ. വരുണതീര്‍ഥം, രുദ്രതീര്‍ഥം, സോമതീര്‍ഥം, ഈശാനതീര്‍ഥം, ശംഖുതീര്‍ഥം എങ്ങനെ പോകുന്നു പഴയകാലത്തെ ജലതീര്‍ഥങ്ങളുടെ പട്ടിക. ശംഖതീര്‍ഥത്തില്‍ നിന്നാണത്രേ 'ശംഖുമുഖം' എന്ന പേര്‍ വന്നത്.


ഇനി തിരുവിതാംകൂര്‍ ചരിത്രം തമസ്കരിച്ച 'എട്ടരയോഗത്തെ' പരിചയപ്പെടാം. ശ്രീപത്മനാഭക്ഷേത്രത്തിലെ ദൈനംദിനഭരണമുള്‍പ്പടെ തന്ത്രപ്രധാനമായ നയതീരുമാനങ്ങള്‍ നിര്‍വഹിച്ചിരുന്നത് എട്ടരയോഗമാണ്. രാജാധികാരത്തെപ്പോലും ചോദ്യംചെയ്യാന്‍ ശക്തിയുണ്ടായിരുന്ന്നു യോഗത്തിന്. മഹാരാജാവിന് നിയമമനുസരിച്ച് ക്ഷേത്രഭരണത്തില്‍ ഇടപെടാനുള്ള അധികാരം ഇല്ലായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലംവരെ ഈ സംഘര്‍ഷം നിലനിന്നു.സത്യത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രം സ്ഥാപിച്ചത് തിരുവിതാംകൂര്‍ രാജ കുടുംബമല്ല. അതുകൊണ്ടു തന്നെ മഹാരാജാവിന്‍റെ അതിക്രമങ്ങളില്‍ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാനുള്ള ധാര്‍മികവും നൈതികവുമായ ബാധ്യത എട്ടരയോഗത്തിനായിരുന്നു.

ആദിത്യവര്‍മയുടെ ഭരണകാലത്ത് ക്ഷേത്രഭരണത്തിന് വിഘ്നം നേരിടുകയും വര്‍ഷങ്ങളോളം നിത്യപൂജയില്ലാതെ പൂട്ടിയിടേണ്ടിവരികയും ചെയ്തു. വേണാട്ടു കുടുംബത്തിലേക്ക് കൊച്ചിയില്‍നിന്ന് ആദിത്യവര്‍മയെ ദത്തെടുത്തത് പൂര്‍വാചാരങ്ങളുടെ നഗ്നമായ ലംഘനമാണെന്നതിന്‍റെ പേരിലാണ് എട്ടരയോഗം പ്രതിഷേധമുയര്‍ത്തിയത്.
കൊല്ലവര്‍ഷം 848 - 853 വരെ മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ അടഞ്ഞുകിടന്നു. എട്ടരയോഗത്തിനു മുന്‍പില്‍ വേണാട്ടരചന്‍ അസ്തപ്രജ്ഞനാണെന്ന് തെളിയിക്കുന്നു ഈ സംഭവം. ശ്രീപത്മനാഭന് വരദാനമായി കിട്ടിയ ഭൂമി എട്ടരയോഗം, എട്ട് അധികാരകേന്ദ്രങ്ങളായി വിഭജിച്ചു. (മഹാരാജാവിനു 'അരയോഗം' മാത്രമേ നല്‍കിയുള്ളൂ.) ക്ഷേത്രംവക നിലങ്ങളും വസ്തുവകകളും യോഗത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഈ കാരണം കൊണ്ടുതന്നെ യോഗവും രാജാവും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുകയും രാജാക്കന്മാര്‍ കുതിരപ്പട്ടാളത്തെയും കാലാള്‍പ്പടയെയും ഉപയോഗിച്ച് എട്ടരയോഗത്തെ അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു പോന്നു.

മാര്‍ത്താണ്ഡവര്‍മ രാജ്യഭാരം ഏറ്റെടുത്തതോടെ നിര്‍ദോഷികളായ എട്ടുവീട്ടില്‍ മാടമ്പിമാരെ അടിച്ചമര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. രാമയ്യന്‍ദളവ തുടങ്ങിയ കുതന്ത്രശാലികളായ അനുയായികളുടെ ഒത്താശയോടെ അദ്ദേഹം കരുക്കള്‍ നീക്കി. മാത്രമല്ല , ബ്രിട്ടീഷ് ഈസ്റ്റ്‌- ഇന്ത്യ കമ്പനിയുടെയും ഹൈദരാബാദ് നിസാമിന്‍റെയും സഹായത്തോടെ, സൈന്യത്തെ വരുത്തി എട്ടുവീട്ടില്‍പിള്ളമാരെ നേരിട്ടു. ദേശസ്നേഹികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരെ കൊന്നൊടുക്കി രാജവിസ്തൃതി വര്‍ദ്ധിപ്പിച്ച മഹാരാജാവിന്‍റെ വീരശൂര പരാക്രമം
സത്യത്തില്‍ കേരളചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ്. രാജഭക്തരായ സി വി രാമന്‍ പിള്ളയും, മഹാകവി ഉള്ളൂരുമൊക്കെ സത്യത്തിന്‍റെ മുഖം ഹിരണ്‍മയ പാത്രം കൊണ്ടു മൂടാന്‍ ശ്രമിച്ചവരാണ്.( ഉമാകേരളവും- മാര്‍ത്താണ്ഡവര്‍മയും) മാര്‍ത്താണ്ഡവര്‍മ എന്ന വിഖ്യാതകൃതി മഹാരാജാവിന്‍റെ ശിരസ്സിനുചാര്‍ത്തി കൊടുത്ത പ്രഭാവലയം അത്രയേറെയാണ്. കേരളത്തിലെ രാഷ്ട്രീയവ്യവസ്ഥക്കേറ്റ ആദ്യത്തെ പ്രഹരം. അതോടെ നാടുവാഴിത്തത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയനീതി തകര്‍ന്നുതരിപ്പണമായി. എട്ടുവീട്ടില്‍ പിള്ളമാരുടെ വസ്തുവകകള്‍ കണ്ടുകെട്ടി, അവരെ പൈശാചികമായി കൊലചെയ്തു. കുടുംബാംഗങ്ങളെ (സ്ത്രീകളും കുട്ടികളുമുള്‍പ്പടെ) തെരുവീഥികളില്‍ വലിച്ചിഴച്ചു, തുറകളില്‍ വിറ്റഴിച്ചു. അവരുടെ വസതികള്‍ ഇടിച്ചുനിരത്തി 'കുളം തോണ്ടി'.

ഇരുനൂറു സംവത്സരങ്ങള്‍ക്കു മുമ്പ് മഹാരാജാവിന്‍റെ പരമാധികാരത്തിനു വിധേയമായി, ജനാധിപത്യ തത്വങ്ങള്‍ മുറികെപ്പിടിച്ച ആത്മാഭിമാനവും പൌരുഷവുമുള്ള ഒരു സംഘം പുരുഷകേസരികളെ വക വരുത്താന്‍ ബ്രിട്ടീഷ് സഹായത്തിന് ഇരന്ന നടപടി കേരളചരിത്രത്തിലെ കളങ്കവും , വഞ്ചിനാട്ടിലെ വേണാട്ടരചന്മാരുടെ സല്‍പ്പേരിന് തീരാത്ത നാണക്കേടുമാണ്.
( ഡോഎന്‍ ആര്‍. ഗോപിനാഥപിള്ള, ശൂരനാട് കുഞ്ഞന്‍ പിള്ള, ഇളംകുളം, പട്ടം. ജി രാമചന്ദ്രന്‍ നായര്‍ തുടങ്ങിയ ഗവേഷകരെല്ലാം ഈ സത്യം മറയില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട്.)

7

തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെഅവസാന പാദത്തിലേക്കു പ്രവേശിക്കാം. നടേ സൂചിപ്പിച്ചതുപോലെ ചരിത്രത്തിന്‍റെ താളുകളില്‍ രക്തക്കറ ചാര്‍ത്തിയ വീരമാര്‍ത്താണ്ഡവര്‍മ
അയല്‍നാടുകള്‍ വെട്ടിപ്പിടിക്കാനായി നടത്തിയ ജൈത്രയാത്രയില്‍ നിരപരാധികളായ അസംഖ്യം മനുഷ്യരെ കൊന്നൊടുക്കി എന്നത് വസ്തുത മാത്രമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുടങ്ങാതെ നടത്തിയിരുന്ന മുറജപവും, ഹിരണ്യഗര്‍ഭവും, ലക്ഷദീപവും തുലാപുരുഷദാനവുമൊക്കെ തീരാദുരന...്തങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ മഹാരാജാവ് ചെയ്ത പ്രായശ്ചിത്തം മാത്രമാണ്. താന്‍ വെട്ടിപ്പിടിച്ച ഭൂപ്രദേശങ്ങള്‍ ഒന്നൊന്നായി കുലദൈവമായ ശ്രീപത്മനാഭന് അടിയറ വെച്ച്, 'ശ്രീപത്മനാഭദാസ വഞ്ചിപാല മാര്‍ത്താണ്ഡവര്‍മ കുലശേഖരപ്പെരുമാള്‍' എന്ന തിരുനാമത്തില്‍ അദ്ദേഹം ചരിത്രത്തിന്‍റെ ഭാഗമായി. ഇത് രാജതന്ത്രത്തിന്‍റെ ഇരുതലമൂര്‍ച്ചയുള്ള 'ക്രിയ' മാത്രമായിരുന്നു. ജനതയുടെ അജ്ഞതയെ ചൂഷണംചെയ്ത് തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ അദ്ദേഹം നടത്തിയ ഗൂഡതന്ത്രം. അങ്ങനെ ആധുനിക തിരുവിതാംകൂറിന്‍റെ ശില്പിയായി ചരിത്രം അദ്ദേഹത്തെ വാഴ്ത്തി. ( തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍.)

കഴിഞ്ഞ നൂറ്റാണ്ടുവരെ എഴുപതിലധികം രാജകൊട്ടാരങ്ങള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പറയുന്നു. തോവാള മുതല്‍ പീരുമേട്‌ വരെ അത് പരന്നു കിടക്കുന്നു. അനന്തപുരിയില്‍ കോട്ടക്കകത്ത് കൊട്ടാരങ്ങളുടെ ഒരു ശ്രുംഖല തന്നെയുണ്ട്‌. അനന്തപുരം കൊട്ടാരവും, കുതിരമാളികയും, രംഗവിലാസവും, സുന്ദരവിലാസവും പ്രൌഡിയോടെ ഇന്നും നില്‍ക്കുന്നു. സ്വാതിതിരുനാളിന്‍റെ കാലം കലയുടെ വസന്തമായിരുന്നുവല്ലോ. മാളികയും മുഖപ്പും ഇടനാഴികളും അകത്തളങ്ങളും രാജപ്രൌഡിയുടെ ധാരാളിത്തത്തോടെ നിലനിന്നു.സ്വാതിയുടെ പ്രശസ്തമായ സംഗീതകൃതികളില്‍ പലതും രചിക്കപ്പെട്ടത്‌ ശില്പസൌന്ദര്യമുള്ള അംബാരിമുഖപ്പില്‍ വെച്ചാണത്രേ. തഞ്ചാവൂരിലെശില്പികളാണ് കുതിരമാളിക പൂര്‍ത്തിയാക്കിയത്. സ്ഥലവിസ്തൃതിയില്‍ അഭിരമിക്കുന്ന 'രംഗവിലാസം' സ്വാതിതിരുനാള്‍ പണികഴിപ്പിച്ചതാണ്‌. ( ഇന്നത്തെ ആര്‍ട്ട് ഗ്യാലറി ) കൃഷ്ണവിലാസം, ശ്രീമൂലം തിരുനാളിന്‍റെ സ്വകാര്യവസതിയായിരുന്നു. ദിവാന്മാര്‍ അന്തിയുറങ്ങിയ 'പത്മവിലാസം' ഇന്ന് ടെക്സ്റ്റ്‌ബുക്ക്‌ ഓഫീസാണ്. ദിവാന്‍മാര്‍ താമസിച്ച
'ഭക്തി വിലാസം' ഇന്നത്തെ ആകാശവാണി നിലയം. വര്‍ണവിളക്കുകളും, ശരറാന്തലുകളും നിലക്കണ്ണാടികളും ദാരുശില്പങ്ങളും എണ്ണച്ചായാ ചിത്രങ്ങളും കൊണ്ട് അഴകാര്‍ന്ന സുന്ദരവിലാസം ഇന്നും കമനീയമായി നില്‍ക്കുന്നു.

സമചതുരാകൃതിയിലുള്ള 'കിഴക്കേ കോട്ടയും' അഗ്രഹാരങ്ങളും പാളയം 'കണ്ണിമാറാ' മാര്‍ക്കറ്റും, വി ജെ റ്റി .ഹാളും, വെട്ടിമുറിച്ച കോട്ടയും മറ്റും ഇന്നും കാലത്തെ മുകര്‍ന്നു നില്‍ക്കുന്നത് കാണാം. അമ്മവീടുകളും, വഞ്ചീശ\സ്തുതികളും ശ്രീപത്മനാഭന്‍റെ 'ചക്രവും' കഴിഞ്ഞ തലമുറയുടെ ഓര്‍മ്മകള്‍ മാത്രമായി. ക്ഷേത്രപ്രവേശന വിളംബരവും നിവര്‍ത്തന പ്രക്ഷോഭവും എല്ലാം ചരിത്രം കാതോര്‍ത്ത അപൂര്‍വമുഹൂര്‍ത്തങ്ങള്‍. വിദ്യാഭ്യാസരംഗം സ്വാതിയുടെ കാലംതൊട്ടേ പുഷ്കലമായി. 'സര്‍വകലാശാല' എണ്ണ സങ്കല്‍പ്പത്തിന് സര്‍ സി പി. വലിയ സംഭാവന ചെയതു. ക്രിസ്ത്യന്‍ മിഷനറിമാരും, മുസ്ലീം മതപണ്ഡിതരും ഈ നഗരത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിക്ക് വലിയ സംഭാവന ചെയതു എന്നത് ചരിത്രം രേഖപ്പെടുത്തും. ഈ മണ്ണില്‍ പടപൊരുതി ജീവന്‍ ബലിയര്‍പ്പിച്ച വേലുത്തമ്പി ദളവയും, ഇറവിക്കുട്ടിപ്പിള്ളയും, രാജാ കേശവദാസനും, വക്കം അബ്ദുല്‍ഖാദരും, മാര്‍ഗ്രിഗോരിയസ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പട്ടംതാണുപിള്ള എന്നിവരും കേരളചരിത്രം മറക്കാത്ത പേരുകളാണ്. ഋഷിവര്യന്മാരായ ചട്ടമ്പിസ്വാമികളും, തൈക്കാട് അയ്യാഗുരുവും, ശ്രീനാരായണ ഗുരുവും , അവശജന വിഭാഗങ്ങങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച അയ്യങ്കാളിയും , പണ്ഡിറ്റ് കറുപ്പനും തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ വഴിവിളക്കുകളായി നില്‍ക്കുന്നു.

ചരിത്രം ഉറങ്ങിയും ഉണര്‍ന്നും നാള്‍വഴിയില്‍ നിറഞ്ഞുകത്തുന്ന വിളക്കുമരങ്ങളായി നിലനിന്ന ഒരു കാലം. എ.ശ്രീധര മേനോന്‍, പ്രൊ.മഹേശ്വരന്‍ നായര്‍, പത്മനാഭ മേനോന്‍, പട്ടം ജി രാമചന്ദ്രന്‍ നായര്‍ എന്നീ ഗവേഷണകുതുകികള്‍ പകര്‍ന്ന അറിവും വെളിച്ചവും ഞാന്‍ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. തിരുവിതാംകൂറിന്‍റെ ആയിരം വര്‍ഷങ്ങള്‍ നീണ്ട മഹിതപാരമ്പര്യത്തിന്‍റെ അരംശം മാത്രമേ ഈ ഓര്‍മച്ചിത്രങ്ങളില്‍ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇവിടെ വീണുമരിച്ച അറിയപ്പെടാത്ത മനുഷ്യമുഖങ്ങള്‍ എത്രയോകാണും. കാലം നീക്കിവെച്ച അറിവുകള്‍ മാത്രമേ എന്‍റെ പരിമിതവൃത്തത്തില്‍ പ്രകാശിതമായിട്ടുള്ളൂ.
പറയപ്പെടാതെ പോകുന്നതാണല്ലോ യഥാര്‍ഥചരിത്രം. അറിഞ്ഞതില്‍ പാതി പറയാതെ പോയിരിക്കാം. എന്നാല്‍ പറഞ്ഞതില്‍ ഒരു കതിര്‍ പോലും പതിരായിപ്പോകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂറിന്‍റെ ചിത്രം ഇവിടെ പൂര്‍ത്തിയാവുന്നു. ചരിത്രം ഒരു തുടര്‍പ്രക്രിയ. നമ്മള്‍ കാഴ്ചക്കാരനും 'കാഴ്ച' യുമാകുന്നു. നന്ദി.
- s e t h u m a d h a v a n  m a c h a d

No comments:

Post a Comment