Monday, October 24, 2011

election news


ഓരോ തിരഞ്ഞെടുപ്പ് കാലവും ഉത്സവമാണ് നമുക്ക്. ശബ്ദഘോഷങ്ങളോടുള്ള അതിരുവിട്ട പ്രണയം പൂക്കുന്ന കാലം.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ , വര്‍ണശബളമായ സത്യപ്രതിജ്ഞ, വകുപ്പ് നിര്‍ണയങ്ങള്‍ , പടലപ്പിണക്കങ്ങള്‍ ,ഒത്തു തീര്‍പ്പുകള്‍, കൂറുമാറ്റങ്ങള്‍ ..ചാനലുകള്‍ എണ്ണം കവിഞ്ഞപ്പോള്‍ രാഷ്ട്രീയനേതാക്കള്‍ താരങ്ങളായി. കറുപ്പിച്ച മുടിയും മുഖ സൌന്ദര്യവുമായി താരപരിവേഷത്തോടെ കടന്നുവരുന്ന നേതാക്കള്‍ കെട്ടുകാഴ്ചകളായി. പത്രമാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും മത്സരിച്ചുനടത്തുന്ന തിരഞ്ഞെടുപ്പ് മാമാങ്കം പ്രേക്ഷകശ്രദ്ധ നേടി. നിയോജകമണ്ഡലങ്ങളിലൂടെ ഓ ബി വാനുകളുമായി ഓടിനടന്ന് സ്ഥാനാര്‍ഥികളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള 'റിയാലിറ്റി ഷോ' കള്‍ ജനം ആസ്വദിക്കാന്‍ മറന്നില്ല.

വീണ്ടും ഒരു തിരഞ്ഞെടുപ്പു കാലം. ടെലിവിഷന്‍ വാര്‍ത്തകളുടെ സിംഹഭാഗവും തിരഞ്ഞെടുപ്പു വിശേഷങ്ങളാണ്. മണ്ഡല പുനര്‍നിര്‍ണയം പ്രവര്‍ത്തകരുടെ അങ്കഗണിതം മാറ്റിമറിച്ചിട്ടുണ്ട്. നിയോജകമണ്ഡലങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്താധിഷ്ടിത വിശകലനങ്ങളും, അതോടൊപ്പം ഗതകാലചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന 'ഫ്ലാഷ് ബാക്കുകളും' പതിവുപോലെ ദൂരദര്‍ശന്‍ പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു. വസ്തുതകളെ അതായിത്തന്നെ അവതരിപ്പിക്കുക എന്നതാണ് പബ്ലിക്‌ ബ്രോഡ്‌ കാസ്ടര്‍ എന്നനിലയില്‍ ദൂരദര്‍ശന്‍ നിര്‍വഹിക്കുന്നത്. ആര് ഭരണത്തില്‍ വരുമെന്ന് തീരുമാനിച്ചുറപ്പിക്കേണ്ടത് മാധ്യമങ്ങളല്ല.

സമകാല രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളെ മായംചേര്‍ക്കാതെ പ്രേക്ഷകന് നല്‍കുക എന്ന മാധ്യമദൌത്യം നിഷ്പക്ഷമായി അവതരിപ്പിക്കേണ്ടതാണ്‌. സ്വകാര്യചാനലുകള്‍ ഇക്കാര്യത്തില്‍ വലിയ നിഷ്ക്കര്‍ഷ കാണിക്കാറില്ലെങ്കിലും, തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യങ്ങളെല്ലാം സജീവമായി പരിഗണിക്കുന്നു എന്നാണു വയ്പ്. പ്രത്യേക രാഷ്ട്രീയനിരീക്ഷകര്‍ എല്ലാം നോക്കി വിലയിരുത്തുകയും അവശ്യഘട്ടങ്ങളില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്.

ജനമനസ്സ് പോലുള്ള തുറന്നവേദിയിലെ രാഷ്ട്രീയചര്‍ച്ചകള്‍ ചിലപ്പോഴൊക്കെ അരങ്ങുകൊഴിപ്പിക്കും. ചില്ലറ അടിപിടിയും
സംഘര്‍ഷവുമൊക്കെ അതിന്‍റെ ഭാഗമാവും. മാധമങ്ങള്‍ കവിഞ്ഞ സംയമനത്തോടെ ഇത് കൈകാര്യം ചെയ്യാറുണ്ട്. (ചിലപ്പോളൊക്കെ അടി വാങ്ങുകയും അത് വാര്‍ത്തയാക്കി മാറ്റാറുമുണ്ടെന്നു നമുക്കറിയാം. പക്ഷെ എന്തൊക്കെ സംഭവിച്ചാലും സാക്ഷരസമൂഹം സ്വന്തംതീര്‍പ്പുകളില്‍ ഉറച്ചുതന്നെ നില്‍ക്കും. പൌരസമൂഹത്തിന്‍റെ രാഷ്ട്രീയബോധം സമകാലചരിത്രത്തെ വിലയിരുത്തുന്നതില്‍ പൊതുവേ വലിയ പിഴവ് സംഭവിക്കാറില്ല .ഏതായാലും ദിശ നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ടതില്ല. ചരിത്രം അതിന്‍റെ സ്വാഭാവിക പരിണതി കണ്ടെത്തുകതന്നെ ചെയ്യും.

തിരെഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ മാനിച്ചുകൊണ്ട് ഈ ലക്കം 'ദൃശ്യത്തില്‍' ഇലക്ഷനുമായി ബന്ധപ്പെട്ട
വാര്‍ത്താദൃശ്യങ്ങള്‍ ഒഴിവാക്കുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും നിരീക്ഷണവലയത്തിലുണ്ട് എന്നതിനാല്‍ അത്തരം ദൃശ്യങ്ങള്‍ ഒഴിവാക്കുന്നു. എന്നാല്‍ അടുത്ത ലക്കങ്ങളില്‍ രസകരമായ തിരഞ്ഞെടുപ്പു ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നമുക്കവയെ
പുന:പരിശോധന നടത്താം .

ഇതോടൊപ്പം ചേര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയും സംഗീതവും, കവിതയും മറ്റുമാണ്. തിരഞ്ഞെടുപ്പുത്സവത്തിന്‍റെ മാറ്റ് കൂട്ടാന്‍ ഈ ദൃശ്യങ്ങള്‍ ചേരുവയാകട്ടെ എന്ന ആശംസകളോടെ ഏറ്റവും വലിയ ജനാധിപത്യ മാതൃകയായി വരാനിരിക്കുന്ന ഈ തിരഞ്ഞെടുപ്പ് നമ്മുടെ രാഷ്ട്രീയസാമൂഹ്യ ബോധത്തെ പ്രകാശിപ്പിക്കുമെന്ന പ്രതീക്ഷയില്‍ അവതരിപ്പിക്കട്ടെ.

No comments:

Post a Comment