Tuesday, October 25, 2011

vilaasini - monograph


രേഖപ്പെടുത്താന്‍  യോഗ്യമായ ജീവിതത്തിന്‍റെ അവകാശിയാണെന്ന് ഒരാള്‍ക്ക്‌ തോന്നുന്നത് കൊണ്ടാണല്ലോ അയാളുടെ ജീവിതവും ദര്‍ശനവും മറ്റൊരാള്‍ അന്വേഷിച്ചു പോവുന്നത്. ഇന്ന് ഞാന്‍ നോവലിസ്റ്റ്‌ വിലാസിനിയുടെ (എം.കെ. മേനോന്‍) കൃതികളിലുടെ ഒരു യാത്ര നിര്‍വഹിക്കുകയാണ്‌. ഏഴ് നോവലുകള്‍ .മൂന്നു പരിഭാഷകള്‍. നാല് നിരൂപണ ഗ്രന്ഥങ്ങള്‍. ഒരു കാവ്യ സമാഹാരം. ഒമര്‍ ഖയാമിന്‍റെ കവിതയുടെ അപൂര്‍വസുന്ദര പരിഭാഷ ( ചഷകം). ഓര്‍മകളില്‍ കഥ പറഞ്ഞ എഴുത്തുകാരന്‍. നിറമുള്ള നിഴലുകള്‍ ,ഊഞ്ഞാല്‍ ,ഇണങ്ങാത്ത കണ്ണികള്‍, ചുണ്ടെലി, തുടക്കം, അവകാശികള്‍, യാത്രാമുഖം എന്നീ ഏഴു നോവലുകള്‍. രേഖപ്പെടുത്താന്‍ മാത്രം സമ്പന്നമായിരുന്നു  വിലാസിനിയുടെ കര്‍മനിരതമായ സാഹിത്യ ജീവിതം.  മനുഷ്യ പ്രകൃതിയുടെ ആന്തരികവും അഗാധവുമായ ആഴങ്ങളിലാണ് ഈ എഴുത്തുകാരന്‍ ജീവിച്ചത്. ഒരു ജീവിതത്തില്‍ ഒന്നിലേറെ ജന്മങ്ങള്‍ അനുഭവിക്കുകയെന്ന എഴുത്തിന്‍റെ വിധി ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

കവിയായ മച്ചാട്ടിളയതിന്റെ പൌത്രിയായിരുന്നു മേനോന്‍റെ അമ്മ. 'കല്യാണി കളവാണി' തുടങ്ങിയ പ്രശസ്തമായ തിരുവാതിരപ്പാട്ടുകളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ കാവ്യപാരമ്പര്യം ബാല്യത്തില്‍ത്തന്നെ കൂട്ടിനെത്തി. സ്ലേറ്റിലെഴുതിയ അക്ഷരങ്ങള്‍ക്കുമേല്‍ നെന്മണി പെറുക്കിവെച്ചു കളിച്ച ശൈശവത്തില്‍, പന്തളത്തിന്‍റെയും ശീവൊള്ളിയുടെയും ശ്ലോകങ്ങള്‍ ചൊല്ലിനടന്ന, പ്രകൃതിയുടെ നിറവിന്യാസങ്ങള്‍ വിടര്‍ന്ന കണ്ണുകളില്‍ കോരിനിറച്ച ജിജ്ഞാസുവായ ആ കുട്ടിയെ മടിയിലിരുത്തി അവനു നക്ഷത്രപ്പകര്‍ച്ച കാട്ടിക്കൊടുക്കാനായി. വാത്സല്യനിധിയായ അമ്മ അനേകം രാത്രികളില്‍ നിലാവ്പൂത്ത മാനത്തു കണ്ണുംനട്ടു മുറ്റത്തു കാത്തിരുന്നു. മഞ്ഞും മാമ്പൂവും കൊഴിയുന്ന ധനുമാസരാവും താന്‍ ജനിച്ച തിരുവാതിര ഞാറ്റുവേലയും ബാല്യകൌമാരങ്ങളാടിയ മുളയൂഞ്ഞാലും തിരുവാണിക്കാവിലെ നിറമാലയും ഇല്ലപ്പറമ്പിലെ ദേശപ്പാനയുമൊക്കെ മനസ്സില്‍ നിത്യഹരിതമായ ഓര്‍മകളായി. മകരക്കൊയ്ത്തിനു പാകമായ പാടത്തു പോക്കുവെയില്‍ സമ്മാനിച്ച സ്വര്‍ണനിറം താന്‍ കണ്ടിട്ടുള്ള ഏതു കാഴ്ച്ചയെക്കാളും സമ്മോഹനമായിരുന്നു.അതിനു സമമായ നിറമോ സൌന്ദര്യമോ, ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടും ജീവിതത്തില്‍ പിന്നീടൊരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. പിറന്ന മണ്ണിനോടുള്ള അതിരറ്റ സ്നേഹത്താല്‍ തരളിതമായിരുന്നു ഈ എഴുത്തുകാരന്‍റെ ഹൃദയം. തറവാട്ടിലെ അക്ഷരശ്ലോക സദസ്സുകളും പ്രണയകവിതകളുടെ പൂക്കാലമായ കൌമാരവും, വായിക്കുംതോറും ആര്‍ത്തിയേറിവന്ന വായനയുമൊക്കെച്ചേര്‍ന്നു മുലപ്പാലിന്റെ മണമുള്ള ഒരു ഭാഷ സൃഷ്ടിക്കാന്‍ പില്‍ക്കാലത്ത്‌ വിലാസിനി എന്ന എഴുത്തുകാരനു കഴിഞ്ഞു.

കൂടുതല്‍ കരുത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തന്‍റെ കൃതികളിലൂടെ വിലാസിനി വായനക്കാരെ ക്ഷണിക്കുകയായിരുന്നു. ഹൃദ്യമായ ഒരു സംവേദന ക്ഷണമായിരുന്നു അത്. നീളവും വലിപ്പവുമുള്ള നദീതുല്യ നോവലുകള്‍ എഴുതി എന്നതല്ല , വരികള്‍ക്കുള്ളിലൂടെ ഒരക്ഷരം പോലും വിട്ടുകളയാതെ വായനയുടെ ഗൌരവപൂര്‍ണമായ ഉയരങ്ങളിലേക്ക് വായനക്കാരെ കൈ പിടിച്ചുയര്‍ത്താന്‍ ആ കൃതികള്‍ക്ക് കഴിഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ താനനുഭവിച്ച ദാര്‍ശനികമായ കിടിലംകൊള്ളല്‍ ,സ്പര്‍ശ ക്ഷമമായ അനുഭവ സംവേദനത്തിലൂടെ ആവിഷ്കരിക്കാന്‍ വിലസിനിക്കു കഴിഞ്ഞു. വായനക്കാരന്‍റെ ഉള്ളിന്റെയുള്ളില്‍ നീണ്ടു നില്‍ക്കുന്ന അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍, ജീവിതത്തിന്‍റെ സൂക്ഷ്മവും ആര്‍ദ്രവുമായ  ബോധതലങ്ങളില്‍ ലോഹനാദമാകാന്‍ ആ കൃതികള്‍ക്ക് കഴിഞ്ഞു. 'നിറമുള്ള നിഴലുകള്‍' അന്നമയമായ ശരീരത്തിന്‍റെ കാമനകളെ വിശദീകരിച്ചു.  ' ഊഞ്ഞാല്‍' മനോമയ ജീവിതത്തിന്‍റെ 'അങ്ങോട്ടുടന്‍ പുനരിങ്ങോട്ടുടന്‍' എന്ന വിചിത്രാനുഭൂതികളുടെ സൌന്ദര്യവിഷ്കാരമായി. 'ഇണങ്ങാത്ത കണ്ണികള്‍' വിജ്ഞാനമയ കോശത്തിന്റെ ധൈഷണികാഹ്ലാദമായി.' ചുണ്ടെലിയും' ' തുടക്കവും' പ്രാണമയ ജീവിതത്തിന്‍റെ ശ്വാസഗതിയായി. ''അവകാശികള്‍' ആനന്ദമയ ലോകത്തിന്‍റെ യോഗാത്മകാനുഭവമായി. മനുഷ്യപ്രകൃതിയുടെ മര്‍മം ഭാരതീയമെന്നു പറയാവുന്ന ദര്‍ശനത്തിന്‍റെ സൌന്ദര്യാവിഷ്ക്കാരമായി വരച്ചെടുക്കാന്‍ വിലാസിനിക്ക്‌ കഴിഞ്ഞു. കാല ദേശങ്ങളുടെ എലുകകള്‍ക്കപ്പുറത്ത് മനസ്സിന്‍റെ ബഹുജനഭിന്ന വിചിത്രമായ ഒരു ലോകം പടുത്തുയര്‍ത്താന്‍ ഈ എഴുത്തുകാരനു കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. രേഖപ്പെടുത്താന്‍  യോഗ്യമായ ജീവിതത്തിന്‍റെ അവകാശിയാണെന്ന് ഒരാള്‍ക്ക്‌ തോന്നുന്നത് കൊണ്ടാണല്ലോ 

No comments:

Post a Comment